ADVERTISEMENT

ആലപ്പുഴ∙ ‘‘സ്കൂൾ തുറക്കാറായി. മക്കൾക്കു ബാഗും പുസ്തകവും വാങ്ങണം. യൂണിഫോം തുണി സ്കൂളിൽ നിന്നു കിട്ടുമെങ്കിലും തയ്പിക്കേണ്ടേ. ഇതിനെല്ലാം കാശ് വേണ്ടേ’’– മത്സ്യത്തൊഴിലാളി പൊള്ളേത്തൈ സ്വദേശി ആന്റണി ജോസഫ് ചോദിക്കുന്നു. പേമാരിയും ശക്തമായ കാറ്റും കാരണം ആന്റണി ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടു കുറച്ചു നാളായി. അതിനു മുൻപു പൊരിയുന്ന വേനലിന്റെ വറുതിയായിരുന്നു കടലിൽ. പെട്ടെന്നാണല്ലോ കാലാവസ്ഥ മാറിയത്. അടുത്തയാഴ്ചയോടെ ട്രോളിങ് നിരോധനം തുടങ്ങുകയുമാണ്.

സംസ്ഥാനത്തു കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ലകളിൽ ഒന്നായ ആലപ്പുഴയിൽ പക്ഷേ ട്രോളർ ബോട്ടുകൾ കുറവാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളികളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണു ട്രോളർ ബോട്ടുകളിൽ ജോലി ചെയ്യുന്നത്. ട്രോളിങ് നിരോധനം വന്നാൽ അവരും ചെറു ബോട്ടുകളിലേക്കു മാറും. എന്നാൽ മൺസൂൺ കലിതുള്ളി നിൽക്കുകയാണെങ്കിൽ ചെറുവള്ളങ്ങൾ കടലിൽ ഇറക്കാനാകില്ല.

‌കടലിൽ മീനില്ല
മത്തി, അയല തുടങ്ങി ജലോപരിതലത്തിൽ ലഭ്യമാകുന്ന മീനുകളാണു പരമ്പരാഗത മീൻ പിടിത്തക്കാർക്കു വരുമാനം നൽകുന്നത്. എന്നാൽ കേരള തീരത്ത് ഒരു വർഷമായി ഇവയുടെ ലഭ്യത കുറഞ്ഞുവരുന്നു. മത്തി വളരെ കുറച്ചേ കിട്ടുന്നുള്ളൂ. അശാസ്ത്രീയ മത്സ്യബന്ധനം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ഇതിനു കാരണമായി.

ചില വള്ളങ്ങൾക്കു മീൻ കിട്ടുന്നുണ്ടെന്നു പറയുമ്പോഴും നൂറു കണക്കിനു വള്ളങ്ങൾ കാലിയായി തിരിച്ചു വരുന്നുണ്ടെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ പറഞ്ഞു. ജൂൺ മുതലുള്ള മൂന്നു മാസമാണു മീൻ ഉറപ്പായും കിട്ടുന്ന സീസൺ എന്നു പറയാവുന്നത്. കടൽക്ഷോഭ മുന്നറിയിപ്പുകളെത്തുടർന്ന് 2022 ൽ 50ലേറെ ദിവസങ്ങൾ കടലിൽ പോയിട്ടില്ല.2023ൽ 29 ദിവസങ്ങൾ ഇങ്ങനെ പോയി. പട്ടിണി കൊണ്ടു വശം കെടുമ്പോൾ മുന്നറിയിപ്പ് അവഗണിച്ചു ചിലർ കടലിൽ പോകും. അപകടമുണ്ടായാൽ ഇൻഷുറൻസ് കിട്ടില്ല. കടൽക്ഷോഭം മൂലം തൊഴിൽ മുടങ്ങുന്ന ദിവസങ്ങളിൽ നഷ്ടപരിഹാരം നൽകിയാൽ ഈ സ്ഥിതി ഉണ്ടാകില്ല– ജാക്സൺ പറയുന്നു.

ആനുകൂല്യങ്ങളില്ല
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള മത്സ്യത്തൊഴിലാളി പെൻഷൻ 6 മാസം കുടിശികയാണ്. ചികിത്സാ സഹായവും ആറു മാസമായി മുടങ്ങി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഉപരിപഠന സഹായം കോഴ്സിനു ചേർന്നു രണ്ടു വർഷത്തോളം കഴിഞ്ഞാണു പലർക്കും ലഭിക്കുന്നത്.തീരെ മീൻ കിട്ടാതെ വരുന്ന മാർച്ച് മുതൽ മേയ് വരെയുള്ള 3 മാസങ്ങളിലെ പഞ്ഞമാസ ആനുകൂല്യവും കഴിഞ്ഞ വർഷം വൈകി. 1500 രൂപ വീതമാണു ഓരോ മാസവും നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com