ADVERTISEMENT

കുട്ടനാട് ∙ മഴയ്ക്കു നേരിയ ശമനം ഉണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കുട്ടനാട്ടിലെ എല്ലാ മേഖലയിലും ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ തുടരുകയാണ്. നെടുമുടിയിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അപകട നിലയ്ക്കു 10 സെന്റീമീറ്റർ മുകളിലാണു ജലനിരപ്പ്. ഇന്നലെ വൈകിട്ടു നടത്തിയ പരിശോധനയിൽ 1.55 മീറ്ററായിരുന്നു ജലനിരപ്പ്. 1.45 മീറ്ററാണ് ഇവിടെ അപകടനില. കൈനകരിയിൽ ഒരു പാടശേഖരത്തിൽ മട വീണു.ജലനിരപ്പ് ഉയർന്നതോടെ ദുരിതാശ്വാസ ക്യാംപുകളിലേക്കു കുടുതൽ കുടുംബങ്ങൾ എത്തി.

താലൂക്കിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 3 ദുരിതാശ്വാസ ക്യംപുകൾ ആണുള്ളത്. ഇവിടെ 14 കുടുംബങ്ങളിലെ 46 അംഗങ്ങളാണു താമസിക്കുന്നത്.  മുട്ടാർ വില്ലേജിൽ 4 കുടുംബങ്ങളിലെ 14 പേരും രാമങ്കരിയിൽ 5 കുടുംബങ്ങളിലെ 21 പേരും ചമ്പക്കുളത്ത് 5 കുടുംബങ്ങളിലെ 11 പേരുമാണു താമസിക്കുന്നത്. പാടശേഖരങ്ങൾക്ക് ഉള്ളിൽ വെള്ളം നിറഞ്ഞതോടെ കൂടുതൽ കുടുംബങ്ങൾ ദുരിതത്തിലായി. മങ്കൊമ്പ് പ്രദേശത്തു വെള്ളം നിറഞ്ഞതോടെ മുൻ നിശ്ചയപ്രകാരം തീരുമാനിച്ച ഗൃഹപ്രവേശന ചടങ്ങ് അടക്കമുള്ളവ മാറ്റിവച്ചു.

പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു
∙ കൈനകരി കൃഷിഭവൻ പരിധിയിലെ കൂലിപ്പുരയ്ക്കൽ പാടശേഖരത്തിലാണു മട വീഴ്ച ഉണ്ടായത്. കർഷകരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നു മട തടയാൻ സാധിച്ചതിനാൽ പ്രദേശത്തെ ഒട്ടനവധി വീടുകളെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിക്കാൻ സാധിച്ചു. പ്രദേശത്തു ദുരിതം ഉണ്ടാകാതിരിക്കാൻ പുഞ്ചക്കൃഷിക്കു ശേഷം പാടശേഖരത്തിൽ വെള്ളം കയറ്റാതെ ഇട്ടിരിക്കുകയായിരുന്നു. പുറംജലാശയത്തിൽ ജലനിരപ്പ് ഉയർന്നതോടെ പാടശേഖരത്തിന്റെ പടിഞ്ഞാറുഭാഗത്തെ കൂലിപ്പുരയ്ക്കൽ മോട്ടർ തറയുടെ പെട്ടിമടയുടെ ഭാഗം തകരുകയായിരുന്നു. 
∙കൈനകരി കൃഷിഭവൻ പരിധിയിലെ ഇരുമ്പനം പാടശേഖരത്തിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് ഒട്ടനവധി കുടുംബങ്ങളെ വെള്ളക്കെട്ടിലാക്കിയിട്ടുണ്ട്. കൈനകരി പഞ്ചായത്ത് റോഡിൽ തോട്ടുവാത്തല ഗുരുമന്ദിരത്തിനു സമീപം റോഡിൽ വെള്ളം കയറി. രണ്ടാം കൃഷിക്കായി മോട്ടർ പ്രവർത്തിപ്പിക്കാൻ വൈകുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
∙ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ഇടമ്പാടം മാനാംകരി പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതുമൂലം പ്രദേശത്തെ ഒട്ടനവധി കുടുംബങ്ങൾ ദുരിതത്തിലായി. ചമ്പക്കുളം കണ്ടങ്കരി റോഡിൽ പടിപ്പുരയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ റോഡിൽ വെള്ളം കയറി. രണ്ടാം കൃഷിക്കായി പമ്പിങ് ആരംഭിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com