അർത്തുങ്കൽ മുതൽ ഗുജറാത്ത് വരെ കടലോര സൈക്കിൾയാത്ര: ആന്റണി കുരിശിങ്കലിനു സ്വീകരണം
Mail This Article
തുറവൂർ∙ കടലും തീരവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 5 സംസ്ഥാനങ്ങളിലെ തീരദേശറോഡു വഴി സൈക്കിൾ യാത്ര നടത്തിയ മത്സ്യത്തൊഴിലാളിയായ ആന്റണി കുരിശിങ്കൽ ഇന്നു ജന്മ നാട്ടിലെത്തും. യാത്ര തുടങ്ങിയ അർത്തുങ്കൽ, ജന്മനാടയ ചേർത്തല വെട്ടയ്ക്കൽ എന്നിവിടങ്ങളിൽ വൈകിട്ട് 4ന് മത്സ്യത്തൊഴിലാളികൾ ആന്റണിക്കു സ്വീകരണം നൽകും. ഏപ്രിൽ 3നു കടലവകാശ യാത്രയുമായി ആന്റണി അർത്തുങ്കലിൽ നിന്നും സൈക്കിളിൽ യാത്ര തുടങ്ങിയത്.
കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ തീരം മുഴുവൻ ചുറ്റി 2 മാസം കൊണ്ട് ഏകദേശം 4800 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി. യാത്രയുടെ അവസാനമായി കന്യാകുമാരിയിൽ നിന്നു 300 കിലോമീറ്റർ യാത്ര നടത്തി ഇന്നു അർത്തുങ്കലിൽ എത്തുന്നത്. 25 വർഷത്തിലധികമായി ആന്റണി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറിയാണ്.
കടലും തീരവും സംരക്ഷിക്കുക എന്ന ആശയം തീരം മുഴുവനായും അറിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ഇതിനായി യാത്രയിൽ മലയാളം ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലെ ലഘുലേഖകൾ ആന്റണി വിതരണം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും, ബന്ധുക്കളുടെയും സഹായവും സഹകരണവും ലഭിച്ചതായി ആന്റണി പറഞ്ഞു. അമ്മ ത്രേസ്യമയ്ക്കും സഹോദരങ്ങൾക്കും ഒപ്പം ചേർത്തല വെട്ടയ്ക്കൽ കുരിശിങ്കൽ വീട്ടിലാണു താമസം.