ADVERTISEMENT

കുട്ടനാട് ∙ ജലനിരപ്പിൽ നേരിയ കുറവുണ്ടായെങ്കിലും ആശങ്ക ഒഴിയാതെ കുട്ടനാട്. മുട്ടാർ വില്ലേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപ് പിരിച്ചു വിട്ടു. നീരേറ്റുപുറം, കിടങ്ങറ, കാവാലം, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ തുടരുമ്പോൾ മങ്കൊമ്പിൽ ജലനിരപ്പ് അപകടനിലയ്ക്ക് ഒപ്പവും പള്ളാത്തുരുത്തിയിൽ അപകടനിലയ്ക്കു താഴെയുമാണു ജലനിരപ്പ്. വഴികളിലും പൊതുമരാമത്ത് റോഡുകളിലുമടക്കം വെള്ളക്കെട്ട് തുടരുന്നു. 

മഴയും കാറ്റു തുടരുന്നതിനാൽ മരങ്ങൾ ഇന്നലെയും കടപുഴകി. രാമങ്കരിയിലും പുളിങ്കുന്നിലും വീടുകൾക്കു മുകളിലേക്കു മരം വീണു. പല സ്ഥലങ്ങളിലും വൈദ്യുത ലൈനുകൾക്കു മുകളിലേക്കു മരങ്ങൾ കടപുഴകിയതു മൂലം ഇലക്ട്രിക് ലൈനുകൾ പൊട്ടിയും വൈദ്യുതി തടസ്സപ്പെട്ടു. മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലാണു വൈദ്യുതി മുടക്കം കൂടുതലായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്.നിലവിൽ നെടുമുടി, കൈനകരി, ചമ്പക്കുളം, രാമങ്കരി 4 വില്ലേജുകളിലാണു ക്യാംപുകൾ തുടരുന്നത്. തോമസ് കെ.തോമസ് എംഎൽഎയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി.പ്രിയയും അടക്കമുള്ളവർ ഇന്നലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു. ജലനിരപ്പു താഴാൻ തുടങ്ങിയെങ്കിലും വഴികളിലടക്കം വെള്ളം കയറി കിടക്കുന്നതു രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. അധ്യയന വർഷം നാളെ ആരംഭിക്കുമ്പോൾ വെള്ളക്കെട്ടിലൂടെ കുട്ടികൾ സ്കൂളുകളിൽ എത്തേണ്ട അവസ്ഥയാണുള്ളത്. ചില സ്കൂളുകളിലും വെള്ളക്കെട്ടു തുടരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ നാളെ തന്നെ സ്കൂളുകൾ തുറക്കുമെന്നാണ് അധികൃതർ പറയുന്നത്.

ജലനിരപ്പ്
(ജലസേചന വകുപ്പ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്, അപകടനില ക്രമത്തിൽ. മീറ്ററിൽ)

∙ നീരേറ്റുപുറം : 2.20 (2.00)
∙ കിടങ്ങറ : 1.65 (1.50)
∙ കാവാലം : 1.45‍‍‍‍‍‍‍ (1.40)
∙ നെടുമുടി : 1.49 (1.45)
∙ മങ്കൊമ്പ് : 1.35 (1.35)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com