20 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂറോളം; യാത്രികരെ ദുരിതത്തിലാക്കി ദേശീയപാതയിലെ കുഴികളും വെള്ളക്കെട്ടും
Mail This Article
തുറവൂർ ∙ ദേശീയപാതയിലെ കുഴികളും പാതയോരത്തെ വെള്ളക്കെട്ടും യാത്രികരെ ദുരിതത്തിലാക്കുന്നു. ഒറ്റപ്പുന്ന മുതൽ അരൂർ ബൈപാസ് കവല വരെയുള്ള 20 കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ 2 മണിക്കൂറോളം എടുക്കും. ഒറ്റപ്പുന്ന മുതൽ തുറവൂർ വരെയുള്ള ദേശീയപാത നിർമാണവും തുറവൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള ഉയരപ്പാത നിർമാണവും കാരണം ഗതാഗതക്കുരുക്കു സ്ഥിരമാണ്. മഴ ശക്തി പ്രാപിച്ചതോടെ പാതയിൽ വെള്ളം കെട്ടിനിന്ന് എണ്ണിയാൽ തീരാത്തത്ര കുഴികളായി.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ നാലുവരിപ്പാതയിൽ 2 വരിപ്പാതയാക്കി കുറച്ചിരുന്നു. പാതയുടെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതി കൂട്ടിയെങ്കിലും കൂട്ടിയ ഭാഗം മെറ്റലിട്ട് ഉറപ്പിച്ചതല്ലാതെ ടാറിങ് നടത്താത്തതിനാൽ മെറ്റൽ ഇളകി വൻ ഗർത്തങ്ങളായി മാറി.കരാറുകാർ വീതി കൂട്ടിയ ഭാഗത്തെ കുഴികളടയ്ക്കാൻ മണ്ണുമാന്തിയന്ത്രവും തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ കുഴികൾ അടച്ച് മണിക്കൂറുകൾക്കകം വീണ്ടും കുഴികൾ രൂപപ്പെടുകയാണ്. പാതയോരത്തു കെട്ടിക്കിടക്കുന്ന പെയ്ത്തുവെള്ളം നീക്കി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംഘടനകളാണു പ്രതിഷേധസമരം നടത്തിയത്.