മകളുടെ കഴുത്ത് അറുത്ത് വീട്ടമ്മയുടെ ആത്മഹത്യ: ‘റെയിൽവേ ഇറക്കി വിട്ടാൽ ഞങ്ങൾ എങ്ങോട്ട് പോകും’
Mail This Article
നെയ്യാറ്റിൻകര ∙ കടുത്ത മാനസിക സംഘർഷം മൂലമാണ് ലീല കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെയും റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെയും പേരിൽ റെയിൽവേ ഉദ്യോഗസ്ഥർ ഇറക്കി വിട്ടാൽ രോഗിയായ മകളുമായി എവിടേക്ക് പോകുമെന്നതിനെക്കുറിച്ച് ലീല, അടുത്ത ബന്ധുക്കളോടു പലതവണ പറഞ്ഞിരുന്നു. അയൽവാസിയും അടുത്ത ബന്ധുവുമായ വസന്തകുമാരിയോട് പലതവണ ഇക്കാര്യം ലീല പങ്കു വച്ചിരുന്നു. ഭർത്താവ് രാജമണിയുടെ മരണ ശേഷം ഏറെ കഷ്ടപ്പെട്ടാണ് ലീല മൂന്നു മക്കളെയും വളർത്തിയതും പഠിപ്പിച്ചതും. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലായിരുന്നു രാജമണിക്ക് ജോലി. സർവീസിലിരിക്കെയാണ് രാജമണിയുടെ മരണം.
രാജമണിയുടെ ജോലിയാണ് മകൻ അനിൽകുമാറിനു പിന്നീട് ലഭിച്ചത്. ഒരു വിധം മുന്നോട്ടു പോകുന്നതിനിടെയാണ് അനിൽകുമാർ മരിച്ചത്. ഈ വേർപാട്, ലീലയ്ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. മകൾ ബിന്ദു രോഗങ്ങൾക്ക് കീഴടങ്ങിയപ്പോൾ ലീല തളർന്നു. അനിൽകുമാറായിരുന്നു ബിന്ദുവിന്റെ ചികിത്സാ ചെലവുകൾ വഹിച്ചിരുന്നത്. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പാചകത്തിന്റെ ചുമതലയുള്ള താൽക്കാലിക ജീവനക്കാരിയായിരുന്നു ലീല. ഇതിൽ നിന്നുള്ള തുച്ഛമായ വരുമാനത്തിലാണ് ഇരുവരും കഴിഞ്ഞത്. ബിന്ദുവിന്റെ രോഗാവസ്ഥയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുമാണ് കടുംകൈ ചെയ്യാൻ ലീലയെ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഏറ്റെടുക്കുന്നത് 7.87 ഹെക്ടർ ഭൂമി
നെയ്യാറ്റിൻകര ∙ റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെയും റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെയും ഭാഗമായി നെയ്യാറ്റിൻകര, കൊല്ലയിൽ, പരശുവയ്ക്കൽ, പാറശാല പഞ്ചായത്തുകളിൽ നിന്ന് 7.87 ഹെക്ടർ ഭൂമിയാണ് റെയിൽവേ ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വിജ്ഞാപനം പുറപ്പെടുവിക്കുകയും പിന്നീട് അളന്ന് തിട്ടപ്പെടുത്തി രണ്ടര വർഷം മുൻപ് അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ലീലയുടെ വീടിന്റെ പകുതിയോളം ഭാഗമാണ് റെയിൽവേ വികസനത്തിനു വേണ്ടി വിട്ടു കൊടുക്കേണ്ടി വരുന്നത്. പാത ഇരട്ടിപ്പിക്കലും മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേ 2022ൽ പുറത്തിറക്കിയ സാമൂഹിക ആഘാത പഠനത്തിൽ, പദ്ധതി പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ കുടിയിറക്ക് ആണ് പ്രധാന പ്രശ്നമെന്ന് വ്യക്തമാക്കുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും ഇത്തരത്തിൽ കുടിയിറക്കപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മകളുടെ കഴുത്ത് അറുത്ത ശേഷം സ്വയം തീകൊളുത്തി; വീട്ടമ്മ മരിച്ചു
നെയ്യാറ്റിൻകര ∙ റെയിൽവേ വികസനത്തിന്റെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ, ഹൃദ്രോഗിയായ മകളുടെ കഴുത്ത് അറുത്ത ശേഷം അമ്മ തീകൊളുത്തി ജീവനൊടുക്കി. അമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിനരികിൽ മകൾ രക്തം വാർന്ന് കിടന്നത് 9 മണിക്കൂർ. നെയ്യാറ്റിൻകര വഴുതൂർ മുക്കംപാലവിള വീട്ടിൽ പരേതനായ സി.രാജമണിയുടെ ഭാര്യ ടി.ലീല (77) ആണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റ മകൾ ആർ.എൽ.ബിന്ദു (48) നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി 11.30നാണ് സംഭവം. ഇന്നലെ രാവിലെ 8.30ന് ലീലയ്ക്കും ബിന്ദുവിനും ഭക്ഷണവുമായി എത്തിയ ബന്ധുവാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ ബിന്ദുവിനെ പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കരൾ രോഗവും കടുത്ത പ്രമേഹവും ബാധിച്ച ബിന്ദു കിടപ്പിലായിരുന്നു. നെയ്യാറ്റിൻകര റെയിൽവേ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്താൽ, മകളുമായി എവിടേക്ക് പോകുമെന്ന ചിന്ത ലീലയെ അലട്ടിയിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബിന്ദുവിന്റെ കഴുത്ത് കറിക്കത്തി കൊണ്ട് മുറിച്ച ശേഷം ലീല സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് നിഗമനം. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക പാചക ജീവനക്കാരിയാണ് ലീല. മറ്റുമക്കൾ: സിന്ധു, പരേതനായ അനിൽകുമാർ. സംസ്കാരം ഇന്ന് തൈക്കാട് ശാന്തി കവാടത്തിൽ. അതേസമയം, സ്ഥലം ഏറ്റെടുപ്പ് പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും കുടിയിറക്കൽ സംബന്ധിച്ച് നിർദേശമൊന്നുമില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അപകടനില തരണം ചെയ്ത് ബിന്ദു
നെയ്യാറ്റിൻകര ∙ വിശക്കുന്നുവെന്നും ദോശ വേണമെന്നും രാത്രിയിൽ പറഞ്ഞപ്പോൾ അമ്മ മിണ്ടിയില്ലെന്നും കരഞ്ഞപ്പോൾ കത്തിയെടുത്ത് തന്റെ കഴുത്ത് അറുക്കുകയായിരുന്നുവെന്നും മറ്റൊന്നും ഓർമയില്ലെന്നും ബിന്ദു ആശുപത്രി ജീവനക്കാരോടു പറഞ്ഞു. ബിന്ദു അപകടനില തരണം ചെയ്തിട്ടുണ്ട്. കത്തി ഉപയോഗിച്ചാണ് ലീല മകളുടെ കഴുത്തറുത്തതെന്നും ബിന്ദുവിന്റെ ബോധം നഷ്ടപ്പെട്ടതോടെ ലീല അതേ മുറിയിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്നും കരുതുന്നതായി പൊലീസ് പറഞ്ഞു.
ലീലയുടെ ഭർത്താവ് രാജമണി 29 വർഷം മുൻപ് മരിച്ചു. മക്കളായ ബിന്ദുവും സിന്ധുവും വിവാഹിതരാണ്. ബിന്ദുവിന്റെ ഭർത്താവ് രാജൻ 10 വർഷം മുൻപ് മരിച്ചു. ഇതിനിടെ ബിന്ദു രോഗബാധിതയായി. പ്രമേഹത്തിനു പുറമേ കരൾ രോഗവും ഹൃദ്രോഗവും ബാധിച്ചു. ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ബിന്ദുവിനെ തലസ്ഥാനത്തെ ജനറൽ ആശുപത്രിയിലെത്തിച്ചു. കൂടെ ആരുമില്ലാത്തതിനാൽ ആശുപത്രിയിലെ ഒൻപതാം വാർഡിലേക്കു മാറ്റി. കഴിഞ്ഞ നവംബറിൽ സഹോദരൻ അനിൽകുമാർ മരിച്ചതോടെയാണ് ബിന്ദുവിനെ, ലീല മുക്കംപാലവിള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. പരസഹായമില്ലാതെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ നടക്കാനോ കഴിയാത്ത ബിന്ദുവിനെ ലീലയാണ് ശുശ്രൂഷിച്ചിരുന്നത്.