ADVERTISEMENT

തിരുവനന്തപുരം ∙ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ശരാശരി 6625 യാത്രക്കാർ ഒരു ദിവസം എത്തുന്നുണ്ടെന്നു റെയിൽവേ കണക്ക്. ഇത്രയും യാത്രക്കാർ എത്തുന്ന സ്റ്റേഷനിൽ നിന്നു നഗരത്തിലേക്കു പോകാൻ കെഎസ്ആർടിസിക്കുള്ളത് ഒന്നോ രണ്ടോ എസി ലോഫ്ലോർ ബസ് മാത്രം ! അതും ട്രെയിൻ എത്തുന്ന സമയത്തു മാത്രം. റെയിൽവേ സ്റ്റേഷനെ തമ്പാനൂരുമായി ബന്ധിപ്പിച്ചു ഓർഡിനറി സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

kochuveli-railway-station-2
ട്രെയിനിറങ്ങിയ യാത്രക്കാർ വാഹനം കാത്തു നിൽക്കുന്നു

റെയിൽവേയും കെഎസ്ആർടിസിയും പല തവണ ചർച്ച നടത്തിയിട്ടും കൊച്ചുവേളി റെയിൽവേ സ്റ്റേഷനെ സിറ്റി സർക്കുലർ സർവീസിന്റെ പോലും ഭാഗമാക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. കൊച്ചുവേളിയിൽ നിന്നു ട്രെയിനുകൾ പുറപ്പെടുന്ന സമയത്ത് അവിടെ എത്താൻ നഗരത്തിൽ നിന്നു ബസുകളില്ലെന്നതും വലിയ പ്രതിസന്ധിയാണ്. 

ഓട്ടോയ്ക്ക് 200 രൂപ മുതൽ 
28 ട്രെയിനുകൾ സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനാണ് കൊച്ചുവേളി. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ പ്രധാനമായും ഓപ്പറേറ്റ് ചെയ്യുന്ന ടെർമിനലുമാണ്. എന്നാൽ അത്തരം പരിഗണനകളൊന്നും സംസ്ഥാന സർക്കാരോ കെഎസ്ആർടിസിയോ നൽകുന്നില്ല. മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് രാവിലെ എത്തുമ്പോഴാണ് 2 എസി ബസുകൾ നഗരത്തിലേക്കുള്ളത്.

മറ്റു ട്രെയിനുകൾ എത്തുമ്പോൾ ഓരോ ബസ് എന്നാണ് കണക്ക്. പലപ്പോഴും 200 രൂപ മുതൽ മുകളിലേക്കാണ് ഓട്ടോറിക്ഷക്കാർ നഗരത്തിൽ നിന്നു കൊച്ചുവേളിയെത്താൻ ഈടാക്കുന്നതെന്നും പരാതിയുണ്ട്.  എസി ബസ് ഒഴിവാക്കി ഇലക്ട്രിക് ബസിന്റെ ചെയിൻ സർവീസ് ആരംഭിച്ചാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് സഹായമാകും. 

kochuveli-railway-station-1
(2) ട്രെയിനിറങ്ങിയ യാത്രക്കാർ വാഹനം കാത്തു നിൽക്കുന്നു

മടി; കൊച്ചുവേളിക്ക് ടിക്കറ്റെടുക്കാൻ 
കൊച്ചുവേളിയിൽ നിന്ന് ആവശ്യത്തിനു ബസില്ലാത്തതിനാൽ ചോദിക്കുന്ന പണം നൽകിയാണു ഓട്ടോറിക്ഷയിലും ടാക്സിയിലും മറ്റും നഗരത്തിലേക്കു യാത്ര ചെയ്യുന്നതെന്നു യാത്രക്കാരനായ ഷിഹാബ് പറയുന്നു. ലഗേജും കൈക്കുഞ്ഞുങ്ങളുമായി ദേശീയപാതയിൽ വേൾഡ് മാർക്കറ്റിനടുത്ത് പോയി ബസിൽ കയറുക പ്രായോഗികമല്ല. ഷിഹാബിനെ പോലെ നൂറുകണക്കിന് യാത്രക്കാരാണു കൊച്ചുവേളിയിൽ യാത്രാ ദുരിതം അനുഭവിക്കുന്നത്. 

തുടർയാത്രയ്ക്കു നേരിടുന്ന ബുദ്ധിമുട്ട് കാരണം അവിടേക്കു ടിക്കറ്റ് എടുക്കാൻ മടിക്കുന്നവരുണ്ടെന്നു നിലമ്പൂർ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോ.ബിജു നൈനാൻ പറയുന്നു. ഇക്കാരണത്താലാണ് നിലമ്പൂർ–കൊച്ചുവേളി രാജ്യറാണി ട്രെയിൻ തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്നു ആവശ്യപ്പെടുന്നതെന്നും ഡോ.ബിജു പറയുന്നു.

2005ൽ പ്രവർത്തനം ആരംഭിച്ച സ്റ്റേഷന്റെ വളർച്ച മുരടിക്കാനുള്ള പ്രധാന കാരണം ബസ് സൗകര്യമില്ലാതെ പോയതാണ്. ഇപ്പോൾ 6 പ്ലാറ്റ്ഫോമുകളാണു സ്റ്റേഷനിലുള്ളത്. അറ്റകുറ്റപ്പണിക്കുള്ള ഒരു പിറ്റ്‌ലൈനും സ്റ്റേബിളിങ് ലൈനും മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഇവിടെ നിർമിക്കാനുണ്ട്. അത് കൂടി വന്നു കഴിഞ്ഞാൽ കൂടുതൽ ട്രെയിനുകൾ ലഭിക്കും. 

വേണ്ടത് സർക്കുലർ സർവീസ് 
കൊച്ചുവേളിയിൽ ബസ് നിർത്തിയിടാൻ സൗകര്യം നൽകാമെന്നു റെയിൽവേ പറയുന്നുണ്ട്. ട്രെയിനുകൾ എത്തുമ്പോഴും പുറപ്പെടുമ്പോഴും കൂടുതൽ ബസ് സർവീസുകൾ വേണം. 5 ബസിനുള്ള യാത്രക്കാർ ഒരു ട്രെയിനിൽ എത്തുമ്പോൾ ഒരു ബസാണ് പലപ്പോഴും കൊച്ചുവേളിയിലുള്ളത്. 

കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം 
പുലർച്ചെ 12.55 കൊച്ചുവേളി–കുർള ബൈ വീക്ക്‌ലി (തിങ്കൾ,വ്യാഴം) 

6.15 കൊച്ചുവേളി–കോർബ  (തിങ്കൾ,വ്യാഴം) 

6.35 കൊച്ചുവേളി– ഗോരഖ്പുർ രപ്തിസാഗർ  (ചൊവ്വ,ബുധൻ,ഞായർ) 

6.35 കൊച്ചുവേളി–ഇൻഡോർ അഹല്യനഗരി  (ശനി) 

6.40 മധുര–പുനലൂർ എക്സ്പ്രസ് 

8.00 കൊച്ചുവേളി–ബറൂണി സ്പെഷൽ  (ശനി) 

8.43 നാഗർകോവിൽ– കൊല്ലം പാസഞ്ചർ 

9.10 കൊച്ചുവേളി–കുർള  ഗരീബ്‌രഥ്  (വ്യാഴം,ഞായർ) 

9.10 കൊച്ചുവേളി–ചണ്ഡിഗഡ് സമ്പർക്‌ക്രാന്തി (തിങ്കൾ,ശനി) 

9.10 കൊച്ചുവേളി–അമൃത്‌സർ എക്സ്പ്രസ് (ബുധൻ) 

9.10 കൊച്ചുവേളി–യോഗനഗരി ഋഷികേശ് (വെള്ളി) 

11.15 കൊച്ചുവേളി–പോർബന്തർ സൂപ്പർഫാസ്റ്റ് (ഞായർ) 

11.15 കൊച്ചുവേളി–ഇൻഡോർ സൂപ്പർഫാസ്റ്റ് (വെള്ളി) 

12.50 കൊച്ചുവേളി–ഹൂബ്ലി സൂപ്പർ ഫാസ്റ്റ് (വ്യാഴം) 

12.50 കൊച്ചുവേളി– യശ്വന്തപുര എസി എക്സ്പ്രസ് (വെള്ളി) 

2.15 കൊച്ചുവേളി– നിസാമുദ്ദീൻ സ്പെഷൽ (ചൊവ്വ) 

2.49 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് 

3.35 കൊച്ചുവേളി–താംബരം എസി സ്പെഷൽ (വെള്ളി,ഞായർ) 

3.45 കൊച്ചുവേളി–ശ്രീഗംഗാനഗർ  (ശനി) 

3.45 കൊച്ചുവേളി–ഭാവ്നഗർ (വ്യാഴം) 

4.20 കൊച്ചുവേളി–കുർള  (ശനി) 

4.20 കൊച്ചുവേളി–ഷാലിമാർ (വെള്ളി) 

4.45 കൊച്ചുവേളി–മൈസൂരു 

5.00 കൊച്ചുവേളി–യശ്വന്തപുര ഗരീബ്‌രഥ് (തിങ്കൾ,ബുധൻ,വെള്ളി) 

6.05 കൊച്ചുവേളി–എസ്എംവിടി ബെംഗളൂരു ഹംസഫർ (വ്യാഴം, ശനി) 

6.08 തിരുവനന്തപുരം–കൊല്ലം പാസഞ്ചർ 

6.25 കൊച്ചുവേളി–ചെന്നൈ ഗരീബ് സ്പെഷൽ (വ്യാഴം) 

7.25 കന്യാകുമാരി–കൊല്ലം മെമു 

9.00 കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി 

9.25 കൊച്ചുവേളി–മംഗളൂരു അന്ത്യോദയ (വ്യാഴം,ശനി) 

*കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് 10 മുതൽ മൺസൂൺ സമയക്രമം ബാധകം 

വിശദമായ സമയക്രമത്തിന് www.enquiry.indianrail.gov.in/ntes/

ബസ് സർവീസ് റൂട്ട് നിർദേശങ്ങൾ 

റൂട്ട് 1
തമ്പാനൂർ, െമഡിക്കൽ കോളജ്,‍

കുമാരപുരം, കിംസ്, 

വെൺപാലവട്ടം– കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ.

റൂട്ട് 2
തമ്പാനൂർ–പേട്ട–ചാക്ക

ബൈപാസ്–കൊച്ചുവേളി

സ്റ്റേഷൻ -കഴക്കൂട്ടം–ശ്രീകാര്യം

–ഉള്ളൂർ–മെഡിക്കൽ കോളജ്– തമ്പാനൂർ 

'' ഏറ്റവും ആദ്യം സിറ്റി സർക്കുലർ സർവീസ് തുടങ്ങേണ്ടിയിരുന്നത് റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ചായിരുന്നു. ജനങ്ങൾ ഏറ്റവും കൂടുതൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്കാണ്. കുറഞ്ഞ നിരക്കിൽ മറ്റു ജില്ലകളിൽ നിന്നു കൊച്ചുവേളിയിൽ ട്രെയിനിൽ  എത്തുന്നവരെ കാത്തിരിക്കുന്നത് കഴുത്തറപ്പൻ ടാക്സി, ഓട്ടോ നിരക്കുകളാണ്. സ്റ്റേഷനിൽ നിന്നു പുറത്തു കടക്കാൻ മറ്റു മാർഗങ്ങളില്ലെന്ന് ഇനിയെങ്കിലും അധികൃതർ തിരിച്ചറിയണം.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com