വിജയക്കൊടി: 4 മന്ത്രിമാരുടെ നേതൃത്വത്തിൽ എൽഡിഎഫ്; അനുഭവക്കരുത്തിന്റെ ബലത്തിൽ മലർത്തിയടിച്ച് കൊടിക്കുന്നിൽ
Mail This Article
ഏറ്റവും കൂടിയ രാഷ്ട്രീയച്ചൂട് രേഖപ്പെടുത്തിയ മാവേലിക്കരയിലെ പോരാട്ടത്തിനൊടുവിൽ യുഡിഎഫിന് ആശ്വാസത്തിന്റെ കുളിർമഴ. ഇതുപോലൊരു പോരാട്ടം പുതിയ മാവേലിക്കര കണ്ടിട്ടില്ല. 4 മന്ത്രിമാരുടെ നേതൃത്വത്തിൽ ആസൂത്രണം, സ്ഥാനാർഥിയുടെ പ്രായവും തുടർച്ചയായി മത്സരിക്കുന്നതുമെല്ലാം പ്രചാരണ വിഷയം, 7 നിയമസഭാ മണ്ഡലങ്ങളും ഒപ്പമുള്ളതിന്റെ ആത്മവിശ്വാസം അങ്ങനെ സർവസന്നാഹങ്ങളുമായി പടയ്ക്കിറങ്ങിയ ഇടതുപക്ഷത്തെ നെഞ്ചുവിരിച്ചു നിന്നു നേരിട്ടാണ് കൊടിക്കുന്നിൽ സുരേഷ് നാലാം വിജയം നേടിയത്. കൊടിക്കുന്നിലിന്റെ അനുഭവക്കരുത്ത് മാത്രമായിരുന്നു യുഡിഎഫിന്റെ കൈമുതൽ. ഒരു വേള അതും കൊടിക്കുന്നിലിനെതിരായുള്ള ആയുധമായി– തുടർച്ചയായി ഒരേ സ്ഥാനാർഥി. മാറ്റം വേണമെന്നത് എൽഡിഎഫ് പ്രചാരണ വാക്യമാക്കി.
പ്രചാരണം തുടങ്ങും മുൻപേ തന്നെ കടുത്തമത്സരം പ്രവചിക്കപ്പെട്ട മണ്ഡലമായിരുന്നു മാവേലിക്കര. സർവേകൾ പലതും ഇടതുപക്ഷത്തിനു വിജയം പ്രവചിച്ചു. സിപിഐ സംസ്ഥാനത്തെ ഏറ്റവും ഉറപ്പുള്ള സീറ്റെന്നു വിലയിരുത്തി. മാവേലിക്കരയിൽ നാലാം വിജയം തേടിയിറങ്ങിയ കൊടിക്കുന്നിലിനു കാര്യങ്ങൾ കടുപ്പമായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ 7 മണ്ഡലങ്ങളിലും എൽഡിഎഫാണു ജയിച്ചത്. ആ 7 എംഎൽഎമാരിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലിനും സജി ചെറിയാനും കെ.ബി.ഗണേഷ് കുമാറിനുമൊപ്പം സിപിഐയുടെ മന്ത്രി പി.പ്രസാദും ചേർന്നാണു തിരഞ്ഞെടുപ്പ് നയിച്ചത്. സ്ഥാനാർഥിയുടെ ചെറുപ്പവും എൽഡിഎഫ് പ്രചാരണായുധമാക്കി. 15 വർഷം കൊടിക്കുന്നിൽ മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്ന ആരോപണത്തിനു വികസനപ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി കൊടിക്കുന്നിൽ തന്നെ മറുപടി നൽകി. നെല്ലുസംഭരണത്തിലെ വീഴ്ചയിൽ കൃഷി, ഭക്ഷ്യവകുപ്പുകൾ ഭരിക്കുന്ന സിപിഐയെ പ്രതിക്കൂട്ടിലാക്കി. കശുവണ്ടി, റബർ മേഖലകളിലെ പ്രതിസന്ധി സർക്കാരിനെതിരെ ആയുധമാക്കി. കുട്ടനാട്ടിലെ സിപിഎം– സിപിഐ തർക്കവും വോട്ടായി മാറിയെന്നു യുഡിഎഫ് കരുതുന്നു.
തുണച്ചത് 4 മണ്ഡലങ്ങൾ
മാവേലിക്കര ഒഴികെ 6 മണ്ഡലങ്ങളിലും മുന്നേറ്റം പ്രതീക്ഷിച്ചങ്കിലും കൊട്ടാരക്കരയും കുന്നത്തൂരും കൂടി യുഡിഎഫിനെ കൈവിട്ടു. ചങ്ങനാശേരി, ചെങ്ങന്നൂർ, കുട്ടനാട്, പത്തനാപുരം മണ്ഡലങ്ങളിലെ ലീഡിലാണു കൊടിക്കുന്നിൽ വിജയക്കൊടി നാട്ടിയത്.
കൊടി നാട്ടിയ വഴി
∙ 1962 ജൂൺ 4ന് തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ കൊടിക്കുന്നിൽ ഗ്രാമത്തിൽ ജനിച്ചു. മാതാപിതാക്കൾ പരേതരായ തങ്കമ്മയും കുഞ്ഞനും.
∙ തിരുവനന്തപുരം ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിയായിരിക്കുമ്പോൾ 1989ൽ അടൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽ നിന്നു ലോക്സഭാംഗമായി. 1998, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയം. 2009, 2014, 2019,2024 തിരഞ്ഞെടുപ്പുകളിൽ മാവേലിക്കരയുടെ ലോക്സഭാംഗമായി. രണ്ടാം യുപിഎ മന്ത്രിസഭയിൽ തൊഴിൽ സഹമന്ത്രി
∙ കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി, ചീഫ് വിപ്, എഐസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് .
∙ ഭാര്യ: ബിന്ദു സുരേഷ്. മക്കൾ: അരവിന്ദ്, ഗായത്രി.
അയ്യായിരത്തോളംവോട്ടു നേടി സ്വതന്ത്രൻ
10,868 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം തീരുമാനിച്ച മാവേലിക്കരയിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിച്ചത് 4974 വോട്ടുകൾ. സി.മോനിച്ചൻ 4974 വോട്ടുകൾ നേടിയത്. ആകെ വോട്ടുകളുടെ 0.56% ആണിത്. ബിഎസ്പിയും എസ്‌യുസിഐയും ഉൾപ്പെടെയുള്ള പാർട്ടികളുടെ സ്ഥാനാർഥികളെക്കാൾ വോട്ട് സ്വതന്ത്രനായ സി.മോനിച്ചൻ നേടിയിട്ടുണ്ട്. മറ്റു സ്വതന്ത്ര സ്ഥാനാർഥികളായ മാന്തറ വേലായുധൻ– 929, കൊഴുവശേരിൽ സുരേഷ്– 856 വീതം വോട്ടുകൾ നേടി. നോട്ട 9883 വോട്ടും നേടി.
മാവേലിക്കര: തോൽവിയറിയാതെ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയുടെ ‘കൈ’പിടിച്ച്
അടൂരിന്റെ ഭാഗങ്ങൾ കൂടി ചേർത്തു 2009ൽ മുഖം മിനുക്കിയ പുതിയ മാവേലിക്കര മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷ് തോൽവിയറിഞ്ഞിട്ടില്ല. 2009 മുതൽ തുടർച്ചയായ 4 വിജയങ്ങൾ. 2009ൽ സിപിഐയിലെ ആർ.എസ്.അനിലിനെ 48048 വോട്ടിനാണു പരാജയപ്പെടുത്തിയത്. 2014ൽ മുൻ എംപി ചെങ്ങറ സുരേന്ദ്രനെ 32377 വോട്ടിനു തോൽപിച്ചു മധുരപ്രതികാരം. 2014ൽ ചിറ്റയം ഗോപകുമാറിനെതിരെ നേടിയതാണ് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം–61138. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഇക്കുറി ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും വിജയത്തിനു തിളക്കമൊട്ടും കുറവില്ല.