ADVERTISEMENT

തുറവൂർ ∙ ദേശീയപാതയിലേക്കുള്ള സർവീസ് റോഡുകൾ നിർമിക്കാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ദുരിതപൂർണമാകുന്നു. പട്ടണക്കാട് മേഖലയിലെ ദേശീയപാതയോരത്തുള്ള സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളെയാണു പ്രധാനമായും ബാധിക്കുന്നത്. ഒറ്റപ്പുന്ന മുതൽ പൊന്നാംവെളി വരെയുള്ള 5 സ്കൂളുകളിലായി മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്നു. വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ രക്ഷാകർത്താക്കൾ പാടുപെടുകയാണ്.

നാലുവരിപ്പാതയിൽ 2 വരിപ്പാത പൂർണമായും പൊളിച്ചതോടെ ഗതാഗതവും കുരുക്കിലാണ്. റോഡ് മുറിച്ചു കടക്കാൻപോലും വിദ്യാർഥികൾ ഏറെ പ്രയാസപ്പെടുന്നു. സർവീസ് റോ‍‍ഡ് ഒരുക്കുകയാണെങ്കിൽ പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ സർവീസ് റോഡ് നിർമിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കി മാലിന്യം നീക്കിയതല്ലാതെ തുടർപണികൾ നടന്നിട്ടില്ല. സർവീസ് റോഡിനായി ഒരുക്കിയ ഭാഗത്ത് മുട്ടൊപ്പം വെള്ളമാണ്. ഇതുവഴി നടക്കാൻ സാധിക്കില്ല. ഇടറോഡുകളിലേക്ക് പോകുന്നവരും ദേശീയപാതയിലേക്ക് കയറുന്ന യാത്രക്കാരും ഏറെ കഷ്ടപ്പെടുകയാണ്.

ഇടറോഡുകളിൽ നിന്നു പാതയിലേക്ക് കയറുന്ന ഭാഗവും ചെളി നിറഞ്ഞ് കുഴമ്പ് രൂപത്തിലായതിനാൽ വാഹനങ്ങൾ തെന്നിമാറിയുള്ള അപകടങ്ങൾ സംഭവിക്കുന്നുണ്ട്. അടിയന്തരമായി സർവീസ് റോഡുകളും ഇടറോഡുകളിൽ നിന്നുള്ള യാത്രക്കാർക്ക് പാതയിലെത്താൻ സൗകര്യവും ഒരുക്കണമെന്ന് പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ പറഞ്ഞു. പാതയോരത്ത് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്കാണ്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം ദേശീയപാത അതോറിറ്റി, കലക്ടർ എന്നിവരെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com