ADVERTISEMENT

മെഡിക്കൽ കോളജിന്റെ നിലവിളി ശബ്ദം
13 വർഷം മുൻപ് ചേർത്തലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ പട്ടണക്കാട് കൊച്ചളയാട്ട് കെ.രമേശ് ആലപ്പുഴ  മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ കാത്തു കിടന്നത് നാലര മണിക്കൂറാണ്. ആരും തിരിഞ്ഞുനോക്കാതായതോടെ ബന്ധുക്കൾ രമേശിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു മാസം മുൻപ് പനി ബാധിച്ച് അവശനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുന്നപ്ര സ്വദേശി ഉമൈബയെ രോഗം ഭേദമായെന്നു പറഞ്ഞു രണ്ടു വട്ടമാണ് അധികൃതർ ഡിസ്ചാർജ് ചെയ്തത്. അവശത തോന്നിയപ്പോൾ വീണ്ടുമെത്തി അഡ്മിറ്റായി. രോഗം ഭേദമാകാതെ വന്നപ്പോൾ ബന്ധുക്കൾ ഉമൈബയെ കോട്ടയം ഗവ.മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

ഉമൈബ പിറ്റേ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചു. രമേശ് 13 വർഷമായി തളർന്നുകിടക്കുന്നു. മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നവരുടെ ദുർവിധിക്ക് 13 വർഷത്തിനിടെ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഈ 2 സംഭവങ്ങൾ പറയുന്നു. ഒപ്പം, പകർച്ചപ്പനിയുടെയും വാഹനാപകടങ്ങളുടെയും കേന്ദ്രമായ ആലപ്പുഴയിൽ ഇവ രണ്ടിനുമുള്ള വിദഗ്ധ ചികിത്സയൊരുക്കുന്നതിൽ മെഡിക്കൽ കോളജ് ആശുപത്രി ഇപ്പോഴും പരാജയമാണെന്ന് ഓർമിപ്പിക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര രോഗങ്ങൾക്കു ചികിത്സ തേടിയെത്തുന്നവർ കോട്ടയം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്കോ ‘റഫർ’ ചെയ്യപ്പെടുന്നു. ആ അർഥത്തിൽ എത്രയോ കാലമായി ‘സമ്പൂർണ റഫറൽ’ ആശുപത്രിയാണു ആലപ്പുഴ ഗവ.മെഡിക്കൽ കോളജ്. അത്യാവശ്യം വേണ്ട ചികിത്സാവിഭാഗങ്ങൾ പോലും ഇവിടെ ഇല്ലാത്തതാണു കാരണം.

ഐസിയു പൂട്ടിയിട്ട് ഒരു വർഷം
ആലപ്പുഴ∙ ഗവ. മെഡിക്കൽ കോളജിലെ മൾട്ടി ഡിസിപ്ലിനറി തീവ്രപരിചരണ വിഭാഗം ( മെഡിക്കൽ ഐസിയു) പൂട്ടിയിട്ട് ഒരു വർഷം. എസി പ്രവർത്തിക്കാത്തിനെത്തുടർന്നാണു കഴിഞ്ഞ മേയിൽ 12 കിടക്കകളുള്ള ഐസിയു പൂട്ടിയത്. 7 ലക്ഷം രൂപയുണ്ടെങ്കിൽ തകരാർ പരിഹരിക്കാമെന്നു പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് നൽകി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ല. ജനറൽ മെഡിസിൻ വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണു മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിക്കുക. ഡെങ്കിപ്പനി, എലിപ്പനി, ന്യുമോണിയ തുടങ്ങിയ രോഗങ്ങൾ മൂർച്ഛിച്ച് തീവ്രപരിചരണം ആവശ്യമായ ഒട്ടേറെപ്പേർ ഐസിയു പൂട്ടിയതിനാൽ ഇപ്പോഴും വാർഡുകളിൽ കഴിയുന്നു. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ വയോധികയെ ശരിയായ ചികിത്സ കിട്ടാതെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയും അവിടെ വച്ചു മരിക്കുകയും ചെയ്തത് ഒരു മാസം മുൻപാണ്. രോഗിയെ അന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നു ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജലജന്യരോഗങ്ങളുടെ ആസ്ഥാനം; ചികിത്സയില്ല
ജലജന്യരോഗങ്ങളുടെയും സാംക്രമിക രോഗങ്ങളുടെയും ഈറ്റില്ലമാണ് ആലപ്പുഴ. ജപ്പാൻ ജ്വരവും ചിക്കുൻഗുനിയയും സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിലാണ്. എല്ലാ വർഷവും ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന ജില്ല. എന്നാൽ മറ്റു മെഡിക്കൽ കോളജുകളിൽ ഉള്ള സാംക്രമിക രോഗ ചികിത്സാവിഭാഗം ( ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫെക്‌ഷസ് ഡിസീസസ്) ഇവിടെയില്ല. രോഗനിർണയത്തിനുള്ള ആധുനിക സംവിധാനങ്ങൾ, മികച്ച ചികിത്സാ സൗകര്യങ്ങൾ, ഐസലേഷൻ വാർഡുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് സാംക്രമിക രോഗ ചികിത്സാവിഭാഗം. 26 വർഷം മുൻപാണ് ആലപ്പുഴയിൽ ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തത്. മുപ്പതോളം പേർ മരിച്ചു. 26 വർഷങ്ങൾക്കു ശേഷവും സമാനമായൊരു സാഹചര്യമുണ്ടായാൽ അതു ഫലപ്രദമായി കൈകാര്യം ചെയ്യാവുന്ന ചികിത്സാസംവിധാനങ്ങൾ മെഡിക്കൽ കോളജിലില്ലെന്നു ഡോക്ടമാർ തന്നെ പറയുന്നു. പകർച്ചവ്യാധി ബാധിച്ച രോഗികളെ കിടത്താനുള്ള ഐസലേഷൻ വാർഡുകൾ പോലും ആവശ്യത്തിനില്ല.

അപകടവഴികളിലും മുന്നിൽ; പക്ഷേ
സംസ്ഥാനത്ത് ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് ആലപ്പുഴയിലാണ്. എന്നാൽ ദേശീയപാതയോരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗമില്ല. ട്രോമാ കെയർ യൂണിറ്റാകട്ടെ പരിമിതികൾക്കു നടുവിലും. എമർജൻസി മെഡിസിനിൽ പരിശീലനം നേടിയ ഒരു പ്രഫസർ, 2 അസോഷ്യേറ്റ് പ്രഫസർ, 4 അസി.പ്രഫസർ, 10 സീനിയർ റസിഡന്റുമാർ എന്നിവരടങ്ങിയ എമർജൻസി മെഡിസിൻ വിഭാഗം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ വേണമെന്നാണു നിർദേശം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തുന്ന രോഗിയെ ആദ്യം പരിശോധിക്കേണ്ടതും പ്രാഥമിക ചികിത്സ നൽകേണ്ടതും എമർജൻസി മെഡിസിൻ വിഭാഗമാണ്. എന്നാൽ നിലവിൽ അപകടത്തിൽ പരുക്കു പറ്റിയെത്തുന്നവർ അത്യാഹിത വിഭാഗത്തിൽ ഊഴം കാത്തു കിടക്കണം. ഡ്യൂട്ടിയിലുള്ള ഹൗസ് സർജൻ പരിശോധിച്ച ശേഷം ഓർത്തോ, ന്യൂറോ, സർജറി, ഇഎൻടി തുടങ്ങിയ വിഭാഗങ്ങളിൽ ഏതിലേക്കു വിടണമെന്നു തീരുമാനിക്കും.

അപകടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കാനുള്ള ട്രോമ കെയർ യൂണിറ്റിലും അസൗകര്യങ്ങളാണു കൂടുതൽ. ഐസിയുവിൽ 14 കിടക്കകൾ ഉണ്ടെങ്കിലും അത്യാഹിത വിഭാഗത്തിന് പലപ്പോഴും 8–9 കിടക്കകളേ ലഭ്യമാകൂ. 2014ൽ അനുവദിച്ച പുതിയ ട്രോമ കെയർ യൂണിറ്റിനുള്ള കെട്ടിടത്തിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രോമ കെയർ യൂണിറ്റിന് ഇതുവരെ വിവിധ ഘട്ടങ്ങളിലായി 21 കോടി രൂപയാണ് അനുവദിച്ചത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ഒന്നാം നിലയിൽ ശസ്ത്രക്രിയ തിയറ്ററും രണ്ടാം നിലയിൽ വാർഡുകളുമാണ് ഉദ്ദേശിക്കുന്നത്. രണ്ടു നിലകളുടെ പുറംഭിത്തി നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇനി നിർമാണം പൂർത്തിയാക്കിയാലും എമർജൻസി മെഡിസിൻ വിഭാഗം ഇല്ലാതെ ട്രോമാ കെയർ യൂണിറ്റ് ലക്ഷ്യം കൈവരിക്കില്ലെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

വേറെയുമുണ്ട് ‘റഫറൽ’ രോഗങ്ങൾ
കരൾ മാറ്റം, വയറുമായി ബന്ധപ്പെട്ട സങ്കീർണ ശസ്ത്രക്രിയകൾ എന്നിവയുൾപ്പെടുന്ന ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം, (സർജിക്കൽ ഗ്യാസ്ട്രോ എൻഡോളജി ), സന്ധിരോഗ ചികിത്സാവിഭാഗം ( റുമാറ്റോളജി ), രക്തവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള ഹെമറ്റോളജി വിഭാഗം എന്നിവ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലില്ല. രോഗനിർണയത്തിനും വിദഗ്ധ ചികിത്സയ്ക്കും ഇതു തടസ്സമാകുന്നു. ഇതിനായി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.

ആലപ്പുഴയ്ക്ക് വേറെ വഴിയില്ല
വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിക്കാൻ മികച്ച മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ ജില്ലയിൽ കുറവാണ്. ജില്ലയ്ക്കു പുറത്തുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ സാമ്പത്തിക ശേഷിയുള്ളവരും കുറവ്. ആലപ്പുഴയിലെ ജനങ്ങളിൽ സാധാരണക്കാരാണ് ഏറെയും. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും കർഷകരും ഏറെയുള്ള ജില്ലയിലെ സാധാരണക്കാരുടെ ആശ്രയമാണ് മെഡിക്കൽ കോളജ്. ആ ആശ്രയകേന്ദ്രത്തിലെത്തുന്ന സാധാരണക്കാരെ കാത്തിരിക്കുന്നത് പക്ഷേ അസൗകര്യങ്ങളുടെ നിരയാണ്.
(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com