ശനിദശ മാറുന്നില്ല; വെട്ടുതോട് കളങ്ങര മാമ്പുഴക്കരി റോഡ് നിറയെ കുഴികൾ
Mail This Article
എടത്വ ∙ ആലപ്പുഴ ചങ്ങനാശേരി റോഡിനെയും, അമ്പലപ്പുഴ തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന വെട്ടുതോട് കളങ്ങര മാമ്പുഴക്കരി റോഡിന്റെ ശനിദശ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഇതിനോടകം നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇന്നും എണ്ണിയാൽ തീരാത്ത കുഴികളാണു റോഡിലുള്ളത്. മഴ പെയ്താൽ കുഴിയേത്, റോഡ് ഏത് എന്നു തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. വെട്ടുതോടു മുതൽ പുതുക്കരി വരെയുള്ള 2 കിലോമീറ്റർ ഭാഗമാണ് ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്നത്. കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട് ഇതുവഴി.
ഒരു ഡസനോളം സ്കൂൾ ബസുകൾ റോഡിലൂടെ രാവിലെയും വൈകുന്നേരവും പതിവായി സഞ്ചരിക്കുന്നു. എന്നാൽ പലപ്പോഴും ഓട്ടോറിക്ഷ പോലും വിളിച്ചാൽ വരാൻ മടിക്കുകയാണ്. ഇതുവഴി കടന്നു പോകുന്ന ചങ്ങനാശേരി ഡിപ്പോയിലെ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്ടർ ബസ് കുഴിയിൽ വീണപ്പോൾ തെറിച്ചു വീണു പരുക്കേറ്റതും കളങ്ങര സ്വദേശികളായ യുവതികൾ സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണു പരുക്കേറ്റതും അടുത്ത നാളിലാണ്.
അപകടങ്ങൾ പതിവാകുകയും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാകുകയും ചെയ്തതോടെ നിരവധി തവണ പരാതിയുമായി നാട്ടുകാർ അധികൃതരെ സമീപിച്ചിരുന്നു. റോഡ് പുനർനിർമിക്കാൻ പദ്ധതി ഉള്ളതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കുകയില്ല എന്നാണ് അവർ പറയുന്നത്. പദ്ധതിയുണ്ടെന്നു പറയാൻ തുടങ്ങിയിട്ടുതന്നെ ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു. മുന്നു പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡാണിത്. പ്രദേശത്തുള്ളവർക്കു താലൂക്ക് ഹെഡ് ക്വാർട്ടേഴ്സിലേക്കു പോകണമെങ്കിൽ ഇതുവഴി വേണം പോകാൻ.
എടത്വ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന എടത്വ പ്രദേശത്തേക്ക് എത്താനുള്ള റോഡും കൂടിയാണിത്. നൂറുകണക്കിനു കുട്ടികളാണ് സൈക്കിളിൽ ഇതുവഴി പോകുന്നത്. എന്നും അപകടം പതിവാണ്. മുഖ്യമന്ത്രിയുടെ അദാലത്തിലും, നവകേരള യാത്രയിലും ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ റോഡിന്റെ ദുഃസ്ഥിതി എന്നു മാറും എന്നുമാത്രം ആരും പറയുന്നുമില്ല.