സർക്കാർ ആശുപത്രികളിൽ മഞ്ഞപ്പിത്ത പ്രതിരോധ വാക്സീൻ ഇല്ല
Mail This Article
അമ്പലപ്പുഴ∙മഞ്ഞപ്പിത്ത പ്രതിരോധ വാക്സീൻ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല. വിദേശ രാജ്യങ്ങളിൽ പഠനത്തിനു പോകുന്ന വിദ്യാർഥികൾ സ്വീകരിക്കേണ്ട മരുന്നാണിത്. ഈ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ചില രാജ്യങ്ങൾ വീസ അനുവദിക്കൂ. മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഒന്നര മാസമായി മരുന്നു കിട്ടാനില്ല. ഭാരത് സിറം കമ്പനിയാണ് മരുന്നിന്റെ ഉൽപാദകർ. കമ്പനിയിൽ നിന്നു മരുന്ന് എത്തുന്നില്ലെന്ന് ഫാർമസി സ്റ്റോക്കിസ്റ്റുകൾ പറയുന്നു.
കേരള മെഡിക്കൽ സർവീസ് കോർപറേഷൻ സംഭരണ ശാലകളിലും മരുന്നു സ്റ്റോക്കില്ല. 100 മില്ലിലീറ്റർ മരുന്നിനു 4200 രൂപ ആയിരുന്നു വില. മരുന്നിന്റെ കുറവു കാരണം ചില മെഡിക്കൽ സ്റ്റോറുകളിൽ 5000 മുതൽ 5500 രൂപ വരെ ഈടാക്കുന്നു. കുത്തിവയ്പ് ആവശ്യമായതിനാൽ എത്ര വില നൽകിയും വാങ്ങാൻ രക്ഷിതാക്കൾ തയാറാകുന്നു.ചില സ്വകാര്യ ആശുപത്രികളിൽ മരുന്നു കിട്ടുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും അർബുദത്തിനുള്ള മരുന്നുകളും കുറവാണ്.മരുന്നുകൾക്ക് വില കൂട്ടി ചില മെഡിക്കൽ സ്റ്റോറുകൾ ലാഭം കൊയ്യുന്നതും പതിവായി.