കരുതൽ വേണം, പരിചരണവും; ജനത്തിന് ഒട്ടേറെ സ്വപ്നങ്ങളുണ്ട്
Mail This Article
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയെ രോഗക്കിടക്കയിൽ നിന്നെഴുന്നേൽപ്പിക്കാൻ സങ്കീർണമായ ശസ്ത്രക്രിയകളൊന്നു വേണ്ട, ലളിതമായ ചികിത്സയും മികച്ച പരിചരണവും മതി. സൗകര്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുകയും പലപ്പോഴായി പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുകയും ചെയ്താൽ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രമാകാനുള്ള ശേഷി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിക്കുണ്ട്.
റഫറൽ ആകണം പക്ഷേ!
ഡോക്ടർമാരുടെ കുറവ് പോലെ തന്നെ രോഗികളുടെ തിരക്കും മികച്ച ചികിത്സ കിട്ടുന്നതിനു തടസ്സമാണ്. മറ്റു ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന രോഗികൾ മാത്രം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുക എന്നതാണ് പോംവഴി. അതിന് ആദ്യം വേണ്ടത് ജില്ലാ ആശുപത്രികളും ജനറൽ ആശുപത്രികളും മെച്ചപ്പെടുത്തുകയാണ്. ഇവിടെ മികച്ച ചികിത്സാസൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടാണു എല്ലാത്തിനും മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നത്.
സൂപ്പർ ആകണം സ്പെഷ്യൽറ്റി
ഒരു വർഷം മുൻപു തുറന്ന സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കും പരിമതികൾക്കു നടുവിലാണ്. മെഡിക്കൽ ആന്ത്രപ്പോളജി വിഭാഗം ഇനിയും ആരംഭിച്ചിട്ടില്ല. കരൾ മാറ്റം, വയറുമായി ബന്ധപ്പെട്ട സങ്കീർണ ശസ്ത്രക്രിയകൾ എന്നിവയുൾപ്പെടുന്ന ഉദരരോഗ ശസ്ത്രക്രിയ വിഭാഗം, (സർജിക്കൽ ഗ്യാസ്ട്രോഎൻന്റോളജി), സന്ധിരോഗ ചികിത്സാവിഭാഗം (റുമോറ്റളജി), രക്തവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള ഹീമോറ്റളജി വിഭാഗം എന്നിവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിക്കണം എന്ന ആവശ്യമുണ്ട്.
ശാസ്ത്രീയമാകണം അത്യാഹിതവിഭാഗം
സാധാരണ പനിയുമായി വന്നവരും പകർച്ചപ്പനി ബാധിച്ചു ഗുരുതരാവസ്ഥയിൽ ആയവരും ഹൃദ്രോഗവുമായി വരുന്നവർക്കുമെല്ലാം അത്യാഹിത വിഭാഗത്തിൽ ഒരേ പരിഗണനയാണു ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ രോഗത്തിന്റെ തീവ്രതയനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ്, നീല എന്നിങ്ങനെ 5 വിഭാഗങ്ങളായി തിരിച്ചു ബന്ധപ്പെട്ട ഡോക്ടറുടെ അടുത്തേക്ക് അയയ്ക്കുന്ന ട്രയാജ് സംവിധാനം നടപ്പാക്കണം. അത്യാഹിത വിഭാഗത്തിൽ സീനിയർ മെഡിക്കൽ ഓഫിസർ ഡ്യൂട്ടിയിലുണ്ടാകണം.
ഡോക്ടർമാർ വേണം ജീവനക്കാരും
രോഗികളുടെ എണ്ണത്തിന് ആനുപാതികമായ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കണം. ഒഴിവുകൾ കൃത്യമായി നികത്തണം. ഉച്ച കഴിഞ്ഞാൽ പല വകുപ്പുകളിലും മുതിർന്ന ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഇടത്താവളം ആകരുതെന്നും രോഗികൾ ആവശ്യപ്പെടുന്നു. 3 വർഷത്തേക്ക് എങ്കിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
വരട്ടെ പേ വാർഡുകൾ
മെഡിക്കൽ കോളജിലെ കിടത്തിച്ചികിത്സയ്ക്കു നിലവിൽ വാർഡുകൾ മാത്രമാണുള്ളത്. ഇവിടെയാകട്ടെ പലപ്പോഴും രോഗികളുടെ തിരക്കാണ്. മികച്ച ഡോക്ടർമാരുണ്ടെങ്കിലും കിടത്തിച്ചികിത്സയ്ക്കു വാർഡുകൾ മാത്രമാണുള്ളത് എന്നത് ഒരു വിഭാഗത്തെ മെഡിക്കൽ കോളജിൽ നിന്നകറ്റുന്നു. പണം നൽകി ഉപയോഗിക്കാവുന്ന പേ വാർഡുകൾ ആരംഭിക്കണമെന്നാണു രോഗികളുടെ ആവശ്യം.
സുരക്ഷ വേണം ആശുപത്രിക്ക്
ആശുപത്രി വളപ്പിലും കെട്ടിടത്തിലും സുരക്ഷാ സംവിധാനം ശക്തമാക്കണം. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും പൊലീസ് എയ്ഡ് പോസ്റ്റ് കാര്യക്ഷമമാക്കുകയും വേണം. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലെ അഗ്നിശമന യന്ത്രങ്ങൾ കാലാവധി കഴിഞ്ഞതാണ്. ചോർച്ച ഒഴിവാക്കിയും ലിഫ്റ്റുകൾ നന്നാക്കിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം ഒരുക്കുക, കേടായ ചികിത്സാ ഉപകരണങ്ങൾ നന്നാക്കുക, തുടങ്ങിയ നൂറുകണക്കിന് ആവശ്യങ്ങൾ ഇനിയുമുണ്ട്.
പ്രതീക്ഷയുണ്ട് ഈ പദ്ധതികളിൽ
ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി കലക്ടറുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളിൽ നിന്നു സിഎസ്ആർ ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വയോജനങ്ങൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കുമായി എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നു മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
മെഡിക്കൽ കോളജിനുള്ളിലെ റോഡ് നവീകരിക്കുമെന്നും ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ഉടൻ ആരംഭിക്കുമെന്നുമുള്ള അധികൃതരുടെ ഉറപ്പവും പ്രതീക്ഷയോടെ കേൾക്കാം. വിദഗ്ധചികിത്സയ്ക്ക് ആലപ്പുഴക്കാരുടെ അവസാന പ്രതീക്ഷയാണു മെഡിക്കൽ കോളജ് ആശുപത്രി. ചികിത്സാപ്പിഴവിന്റെ പേരിലുയരുന്ന ഓരോ ആരോപണങ്ങളും ആ പ്രതീക്ഷയിലാണു മങ്ങലേൽപ്പിക്കുന്നത് എന്നു കൂടി മെഡിക്കൽ കോളജ് അധികൃതർ മറക്കാതിരിക്കുക.
അടിയന്തരമായി വേണം ഈ ചികിത്സാവകുപ്പുകൾ
എമർജൻസി മെഡിസിൻ വിഭാഗം, സാംക്രമിക രോഗ ചികിത്സാവിഭാഗം (ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസ്) എന്നിവ ഉടൻ അനുവദിക്കണം. പകർച്ചപ്പനിയുടെ കേന്ദ്രമായ ആലപ്പുഴയിൽ സാംക്രമിക രോഗ ചികിത്സാവിഭാഗമില്ലാത്തതിനാൽ രോഗനിർണയവും വിദഗ്ധ ചികിത്സയും സാധ്യമാകുന്നില്ല. സംസ്ഥാനത്തു ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് ആലപ്പുഴയിൽ എമർജൻസി മെഡിസിൻ വിഭാഗം ഇല്ലാത്തതും വലിയ കുറവാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തുന്ന രോഗിയെ ആദ്യം പരിശോധിക്കേണ്ടതും പ്രാഥമിക ചികിത്സ നൽകേണ്ടതും എമർജൻസി മെഡിസിൻ വിഭാഗമാണ്.