ADVERTISEMENT

ആലപ്പുഴ∙ ജില്ലയുടെ അത്രയും നീളത്തിൽ പടിഞ്ഞാറൻ തീരത്തു കൂടി കടന്നുപോകുന്ന ദേശീയപാതയുടെ നവീകരണം നടക്കുകയാണ്. എന്നാൽ റോഡുപണിയുണ്ടാക്കുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും പരിഹരിക്കണമെന്നതു മുതൽ പ്രധാനപ്പെട്ട ജംക്‌ഷനുകളിൽ ഉയരപ്പാത നിർമിക്കണം എന്നുൾപ്പെടെ ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ടു നാളേറെയായി. തിരഞ്ഞെടുക്കപ്പെട്ട എംപിമാർ സമ്മർദം ചെലുത്തിയാൽ ഇപ്പോഴുള്ള പല പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകും. റോഡുപണി വേഗത്തിലുമാകും. 

മഴ കുറഞ്ഞു വെയിൽ തെളിഞ്ഞപ്പോൾ യാത്രക്കാരെ ദുരിതത്തിലാക്കി പൊടി ശല്യമേറി. അരൂർ തുറവൂർ ‌ഉയരപ്പാത നിർമാണം നടക്കുന്ന 12.75 കിലോമീറ്റർ ഭാഗത്ത് പാതയുടെ ഇരുവശങ്ങളിലും വെള്ളക്കെട്ടും കുഴമ്പു രൂപത്തിൽ ചെളിയും നിറഞ്ഞിരുന്നു. ഈ ഭാഗങ്ങൾ വെയിലേറ്റ് ഉണങ്ങിയതോടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അസഹ്യമായ പൊടിയാണ് ഉയരുന്നത്. അരൂർ, ചന്തിരൂർ, കുത്തിയതോട്, പാട്ടുകുളങ്ങര, തുറവൂർ ഭാഗങ്ങളിൽ ദേശീയ പാതയ്ക്ക് ഇരുവശവും അതിരൂക്ഷമായ പൊടിശല്യം മൂലം പാതയോരത്ത് താമസിക്കുന്നവരും യാത്രക്കാരും കഷ്ടപ്പെടുകയാണ്. 

ഉയരപ്പാത ജോലി നടക്കുന്ന റോഡിന് ഇരുവശവും കുണ്ടും കുഴിയും മാറ്റാൻ മെറ്റൽ വിരിച്ച ഭാഗങ്ങൾ ഉണങ്ങി വരണ്ടതോടെ വാഹനങ്ങൾ പാഞ്ഞു പോകുമ്പോൾ പൊടിപടലം കൊണ്ടു കണ്ണു കാണാൻ വയ്യാത്ത അവസ്ഥയായി. കച്ചവടക്കാരും കാൽനടക്കാരും ഇരുചക്രവാഹനം യാത്രക്കാരും വളരെ കഷ്ടപ്പെടുകയാണ്.

അപകടം കുറയ്ക്കണം
ഇരുചക്ര വാഹനയാത്രികരാണു റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങളിൽപെടുന്നത്. പാത നവീകരണത്തിന്റെ ഭാഗമായി നിരത്തിയ മെറ്റിലും മണ്ണും റോഡിലേക്ക് ഒലിച്ചിറങ്ങി അപകടങ്ങളുണ്ടാക്കുന്നു. അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുന്നതു രാത്രിയിൽ അടുത്തെത്തുമ്പോൾ മാത്രമേ കാണൂ. ആവശ്യത്തിനു സൂചനാ ബോർഡുകളും വെളിച്ചവും റോഡിൽ ഉറപ്പാക്കണം.

വെള്ളക്കെട്ട്
വെള്ളം ഒഴുകി മാറാതാകുന്നതോടെ റോഡരികിൽ വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. ഓടയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി വെള്ളം ഒഴുകാൻ സൗകര്യമൊരുക്കിയാൽ വെള്ളക്കെട്ട് ഒരു പരിധി വരെ നിയന്ത്രിക്കാം.

പ്രധാന നഗരങ്ങളിൽ ഉയരപ്പാത
കായംകുളവും ഹരിപ്പാടും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തൂണുകളിലൂടെ കടന്നുപോകുന്ന രീതിയിലുള്ള ഉയരപ്പാത വേണമെന്നു നാട്ടുകാർ ഏറെനാളായി ആവശ്യപ്പെടുന്നതാണ്. ഒന്നിലധികം അടിപ്പാതകൾ അനുവദിച്ചെങ്കിലും ഉയരപ്പാതയ്ക്ക് അനുമതി നൽകിയിട്ടില്ല. മണ്ണിട്ടുയർത്തി പാത നിർമിച്ചാൽ നഗരം രണ്ടായി മുറിയുമെന്നും കടകളിൽ കച്ചവടം കുറയുമെന്നുമാണു നാട്ടുകാരുടെ ആശങ്ക.

അടിപ്പാതകൾ വേണം
ദേശീയപാതയിലേക്കു മറ്റു റോഡുകൾ വന്നു ചേരുന്ന സ്ഥലങ്ങളിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവും എല്ലായിടത്തും അംഗീകരിച്ചിട്ടില്ല.

സർവീസ് റോഡിലേക്കു വഴി
റോഡരികിലെ കെട്ടിടങ്ങളിൽ നിന്നു സർവീസ് റോഡിലേക്കു വഴി തുറക്കുന്നതിനുള്ള നടപടികളിൽ ഇളവു വരുത്തണം. വലിയ സ്ഥാപനങ്ങൾ, സ്കൂളുകൾ തുടങ്ങിയവയുടെ സമീപത്തു സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്കു കയറാനുള്ള വഴിയും വേണം.

English Summary:

Alappuzha National Highway Renovation Causes Major Traffic Jam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com