ADVERTISEMENT

തുറവൂർ ∙ ട്രോളിങ് നിരോധനം വന്നതോടെ മത്സ്യബന്ധനത്തിന് പോകുന്ന ചെറുവള്ളക്കാ‍ർക്ക് മീൻ ലഭിക്കുമെന്ന് കരുതിയത് വെറുതെ‌. ഒരാഴ്ചയിലേറെയായി കടലിലിറക്കുന്ന വള്ളങ്ങൾക്ക് മീൻ ലഭിക്കാതായതോടെ വള്ളങ്ങൾ തീരത്ത് അടുപ്പിച്ചു. ട്രോളിങ് നിരോധനം വന്നതോടെ ചെറു വള്ളങ്ങൾക്ക് മത്സ്യം ലഭിക്കുമെന്നായിരുന്നു വള്ളക്കാരുടെ പ്രതീക്ഷ. ഇന്നലെ അർത്തുങ്കൽ മുതൽ ചാപ്പക്കടവ് വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് കുറച്ച് ചെമ്മീനും നന്തൻ അടക്കമുള്ള ചെറുമീനുകളും മാത്രം.

വള്ളത്തിനു ചെലവായ ഇന്ധനത്തിന്റെ വില പോലും ലഭിച്ചില്ലെന്നാണ് തൊഴിലാളികൾ പറഞ്ഞു. വല നിറയെ മീനുകൾ ലഭിക്കുമ്പോൾ വലയിൽ കുരുങ്ങുന്ന നന്തൻ പോലുള്ള മീനുകൾ മത്സ്യത്തൊഴിലാളികൾ കടലിൽ ഉപേക്ഷിച്ചു പോരുകയാണ് പതിവ്. എന്നാൽ മറ്റു മീനുകളൊന്നും ലഭിക്കാതായതോടെ നന്തൻ കൊണ്ടുപോന്നു. ഇന്നലെ ചെല്ലാനം ഹാർബറിലെത്തിച്ച നന്തനു 100 രൂപയ്ക്കാണ് ലേലത്തിൽ മൊത്തം വിതരണക്കാർ കൊണ്ടുപോയത്.

"മത്സ്യത്തൊഴിലാളികൾക്കു ഏറെ പ്രതീക്ഷ നിൽക്കുന്ന മൺസൂൺ കാലം ഇത്തവണ ആരംഭത്തിൽ തന്നെ തൊഴിലാളികളെ നിരാശരാണ്. കാലവർഷം ആരംഭിച്ചെങ്കിലും കടലിൽ മീനില്ലാതായി. തീരങ്ങളിൽ നിന്നും കുറച്ചു വള്ളങ്ങളാണ് കടലിൽ പോകുന്നത്. പോകുന്ന വള്ളങ്ങൾ വെറും കയ്യോടെ തിരിച്ചു പോരുകയാണ്. കഴിഞ്ഞ കുറെ നാളുകളായി കടലിൽ മത്സ്യം കുറവാണ്. ട്രോളിങ് നിരോധനം വന്നതോടെ തുടക്കത്തിൽ തന്നെ കടലിൽ ഇറങ്ങിയ ചില വള്ളങ്ങൾക്കു ചെമ്മീൻ കിട്ടി മറ്റു വള്ളങ്ങൾ വല കാലിയായി തിരിച്ചു വന്നു ".

ചാള അയല, നത്തോലി, തുടങ്ങിയ മീനുകൾ ധാരാളം കിട്ടുന്ന സമയമാണിത് എന്നാൽ സീസൺ പണിയായിട്ടും ഇവയൊന്നും കിട്ടുന്നില്ല. ഇനി കിട്ടിയാൽ തന്നെ വള്ളക്കാർക്കു നല്ല വില കിട്ടാത്ത സ്ഥിതിയാണ്. ഇടനിലക്കാരാണു ലാഭം കൊയ്യുന്നത്. പള്ളിത്തോട്, ഹേലാപുരം,ചാവടി, എഴുപുന്ന മാർക്കറ്റുകളിൽ കായൽ മത്സ്യങ്ങൾ ചെറുകിട വിൽപനക്കാർക്കായി ലേലത്തിൽ പോകുന്നത്.  ഒറ്റമശേരി മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ വള്ളമിറക്കുന്നത് ചെല്ലാനം ഹാർബറിലുടെയാണ്. പുലർച്ചെ വള്ളമിറക്കി അന്തിയോളം പണിയെടുത്താലും ഇന്ധന ചെലവിനുള്ള മീൻ ലഭിക്കാതായതോടെ തൊഴിലാളികൾ വള്ളമിറക്കാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com