പക്ഷിപ്പനിയും ട്രോളിങ് നിരോധനവും ഒരുമിച്ച് വന്നതോടെ മീനിനു തീവില
Mail This Article
ആലപ്പുഴ ∙ പക്ഷിപ്പനിയും ട്രോളിങ് നിരോധനവും ഒരുമിച്ച് വന്നതോടെ മീനിനു തീവില. ട്രോളിങ് ബോട്ടുകൾ കരയ്ക്കു കയറിയപ്പോൾ പ്രതീക്ഷയോടെ പരമ്പരാഗത വള്ളമിറക്കിയ മത്സ്യത്തൊഴിലാളികൾക്കും നിരാശക്കാലം. പേരിനു കുറച്ചു മത്തിയും പൂവാലൻ ചെമ്മീനും മാത്രമാണ് വള്ളക്കാരുടെ വലയിൽ കുടുങ്ങുന്നത്. പക്ഷിപ്പനി വ്യാപിച്ചതോടെ ചിക്കനും താറാവിനും ആവശ്യക്കാർ കുറഞ്ഞതിനു പുറമേ മീൻ ലഭ്യതയും കുറഞ്ഞതോടെ മീൻ വില കുതിച്ചുകയറി. തമിഴ്നാട്ടിൽ ട്രോളിങ് നിരോധനം അവസാനിച്ചതോടെ കന്യാകുമാരിയിൽ നിന്നു മീൻ എത്തുന്നുണ്ട്. കൊല്ലം വാടി ഹാർബറിൽ നിന്ന് വറ്റ, മാന്തൾ എന്നിവയും എത്തുന്നു.
കനിയാതെ കടൽ
ട്രോളിങ് നിരോധനക്കാലത്തു തീരക്കടലിൽ നിന്നു കൂടുതൽ മീൻ ലഭിക്കുമെന്ന പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷ ഇക്കുറി തെറ്റി. ശക്തമായ മഴ ലഭിക്കാത്തതാണ് തടസ്സമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ശക്തമായ മഴയിൽ കടലിളകും. ഇതിനു ശേഷം കടൽ ശാന്തമാകുമ്പോഴാണു ചാകരയുണ്ടാവുകയെന്നും ഇവർ പറയുന്നു.
മീൻ വില ഇങ്ങനെ (കിലോഗ്രാമിന് )
മത്തി 300– 320
അയല 340–360
കണ്ണി അയല 240–300
പൂവാലൻ ചെമ്മീൻ 200–260
ചെറിയ ചൂര 250
വറ്റ 300
മാന്തൾ 300
കൊഴുവ 200
ചെറിയ നെയ്മീൻ 400
മാച്ചാൻ 1000
ആവോലി 1000