സിറ്റി ഗ്യാസ് ഗ്യാസ് പൈപ്പിനു കുഴിയെടുത്തപ്പോൾ ശുദ്ധജല പൈപ്പ് പൊട്ടി; കുഴിയെടുത്ത വകയിൽ കൊള്ള
Mail This Article
ആലപ്പുഴ ∙ സിറ്റി ഗ്യാസ് വിതരണത്തിനുള്ള പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ പൊട്ടിയ വാട്ടർ കണക്‌ഷൻ റിപ്പയർ ചെയ്യാൻ പതിനായിരക്കണക്കിനു രൂപ വാങ്ങി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി പരാതി. നഗരത്തിലും സമീപ പഞ്ചായത്തുകളിലും പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് പൈപ്പ് ഇടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ആണ് നാട്ടുകാരെ കൊള്ളയടിക്കുന്ന ഏർപ്പാട്.
റോഡരികിൽ നിശ്ചിത അകലത്തിൽ കുഴിയെടുത്ത ശേഷം മണ്ണു തുരന്നാണു പൈപ്പ് വലിക്കുന്നത്. കുഴിയെടുക്കുമ്പോഴും പൈപ്പ് വലിക്കുമ്പോഴും വാട്ടർ കണക്‌ഷന്റെ പൈപ്പ് പൊട്ടുന്നത് സിറ്റി ഗ്യാസ് കമ്പനി നന്നാക്കി കൊടുക്കുമെന്നാണു വ്യവസ്ഥ. എന്നാൽ വ്യവസ്ഥ പ്രകാരം ചെയ്യാൻ കമ്പനി തയാറാകുന്നില്ല. ഇതു മുതലെടുക്കുകയാണ് ജല അതോറിറ്റിയുടെ കരാറുകാർ. അവരവർ തന്നെ പണം നൽകി റിപ്പയർ ചെയ്തില്ലെങ്കിൽ ജല അതോറിറ്റി എൻജിനീയർ വൻ തുക രേഖപ്പെടുത്തി ബില്ല് നൽകുമെന്നു പറഞ്ഞു കരാറുകാർ ഉപഭോക്താക്കളെ സമ്മർദത്തിലാക്കുന്നു.
ചോദിക്കുന്ന തുക നൽകിയാൽ റിപ്പയർ ചെയ്തു നൽകാമെന്നും അതാണു നല്ലതെന്നും കരാറുകാർ പറഞ്ഞതോടെ സമ്മതിച്ചെന്നു കളപ്പുരയിലെ ഒരു കുടുംബനാഥൻ പറഞ്ഞു. ഇയാളോട് 10000 രൂപ ചോദിച്ചെങ്കിലും 6000 രൂപയ്ക്കു സമ്മതിച്ചു. മറ്റു ചില ഉപഭോക്താക്കളിൽ നിന്നു 8000 മുതൽ 12000 രൂപ വരെ വാങ്ങിയിട്ടുണ്ട്.
ഇതിന് സിറ്റി ഗ്യാസ് കമ്പനിയുടെയും ജല അതോറിറ്റി മേലധികാരികളുടെയും ഒത്താശ ഉണ്ടെന്നും ആക്ഷേപമുണ്ട്. പണം കൊടുക്കാൻ നിവർത്തി ഇല്ലാത്തവർ ചോർച്ച പരിഹരിക്കാൻ നെട്ടോട്ടം ഓടുകയാണ്. ഗ്യാസ് ലൈൻ വലിക്കുന്ന പ്രവൃത്തി വഴിച്ചേരി, പിച്ചു അയ്യർ ജംക്‌ഷൻ, ഇരുമ്പുപാലം ഭാഗങ്ങളിലേക്കു കടക്കുമ്പോൾ പ്രശ്നം കൂടുതൽ ഗുരുതരമായേക്കും.