ഒരു നിമിഷത്തിന്റെ വില, ശിവശങ്കറിനു പുനർജന്മം; നിലവിളി കേട്ട് ഓടിയെത്തിയവരും നിസ്സഹായരായി
Mail This Article
മാവേലിക്കര ∙ ശിവശങ്കറിന് ആ നിമിഷം ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല, തട്ടിൽ നിന്നു പുറത്തേക്കു ചാടാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ..ശിവശങ്കറിന്റെ വാക്കുകൾ മുറിഞ്ഞു. തഴക്കരയിലെ ദുരന്തത്തിൽ നിന്നു അദ്ഭുതകരമായാണു പോനകം മംഗലത്ത് വടക്കതിൽ ശിവശങ്കർ രക്ഷപ്പെട്ടത്. കൂര ആകൃതിയിലുള്ള കോൺക്രീറ്റ് മേൽക്കൂര വലിയ ശബ്ദത്തോടെ താഴേക്കു വരുന്നതു കണ്ടു നിലവിളിച്ചു പുറത്തേക്കു ചാടിയതിനാലാണു ജീവൻ തിരിച്ചു ലഭിച്ചത്. മുഖത്തും കാലിനും പരുക്കേറ്റെങ്കിലും ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസമാണു ശിവശങ്കറിന്.
മേൽക്കൂര തകർന്നു വീണു തൊഴിലാളികളുടെ മരണം; നിലവിളി കേട്ട് ഓടിയെത്തിയവരും നിസ്സഹായരായി
കാർ പോർച്ചിലെ തട്ട് ഇളക്കിമാറ്റവേ ഇഷ്ടിക തെന്നിമാറി കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണു 2 തൊഴിലാളികൾ മരിച്ച ദുരന്തത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ. വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ സമീപവാസികളും രക്ഷപ്പെട്ടവരും നിസ്സഹായരായി. ഉയരത്തിൽ കോൺക്രീറ്റിന് അടിയിൽ അമർന്ന 2 ജീവനുകൾ രക്ഷിക്കാനാകാതെ അവർ നിലവിളിച്ചു. ബഹളം കേട്ട് ഓടിയെത്തിയവരിൽ ചിലർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ മാവേലിക്കര അഗ്നിരക്ഷാസേന സുരേഷിനെ പുറത്തെടുത്ത് ആംബുലൻസിൽ കയറ്റിയപ്പോൾ മൂന്നരയായി. അപകടത്തിന് ഒരു മണിക്കൂറിനു ശേഷം സുരേഷിനെ പുറത്ത് എത്തിച്ചപ്പോഴേക്കും ജീവൻ നിലച്ചിരുന്നു.
കായംകുളത്തു നിന്നെത്തിയ അഗ്നിരക്ഷാസേന കോൺക്രീറ്റ് കട്ടിങ് മെഷീൻ ഉപയോഗിച്ചു മേൽക്കൂര മുറിച്ചു നീക്കി ആനന്ദനെ രക്ഷിച്ചു താഴെ എത്തിച്ചപ്പോഴേക്കും 4.10 ആയി. മാവേലിക്കര നിലയത്തിലെ സ്റ്റേഷൻ ഓഫിസർ (ഇൻചാർജ്) പി.ജി.അനിൽകുമാറിന്റെ നേതൃത്വത്തിൽ 3 യൂണിറ്റും കായംകുളം നിലയം സ്റ്റേഷൻ ഓഫിസർ ജെബിൻ ജോസഫ്, അസി.സ്റ്റേഷൻ ഓഫിസർ സി.ഡി.റോയി എന്നിവരുടെ നേതൃത്വത്തിൽ ഒരു യൂണിറ്റും മാവേലിക്കര പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ആധുനിക ഉപകരണങ്ങൾ മാവേലിക്കര നിലയത്തിൽ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകിയതായി ആക്ഷേപമുണ്ട്.
എം.എസ്.അരുൺകുമാർ എംഎൽഎ, നഗരസഭാധ്യക്ഷൻ കെ.വി.ശ്രീകുമാർ, സ്ഥിരസമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസിലർ നൈനാൻ സി.കുറ്റിശേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജി.കെ.ഷീല, തഴക്കര പഞ്ചായത്തംഗം മഹേഷ് വഴുവാടി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.രഘുപ്രസാദ്, ശ്രീകുമാർ തുടങ്ങിയവരും സംഭവസ്ഥലത്തും ആശുപത്രിയിലും എത്തി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. റവന്യു ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു സർക്കാരിനു റിപ്പോർട്ട് നൽകി.
24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണം: നഗരസഭാധ്യക്ഷൻ
മാവേലിക്കര ∙ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു 2 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു നഗരസഭ സെക്രട്ടറിക്കും എൻജിനീയർക്കും നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ കത്ത് നൽകി. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്നു നാട്ടുകാർ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് ആവശ്യപ്പെട്ടത്. നഗരസഭയിൽ നിലവിലുള്ള കെട്ടിട നിർമാണ ചട്ടം ലംഘിക്കപ്പെട്ടോയെന്നു പരിശോധിക്കുമെന്നു നഗരസഭ അധ്യക്ഷൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം: എംഎൽഎ
മാവേലിക്കര ∙ തഴക്കരയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ സംഭവം വിശദമായി അന്വേഷിക്കണമെന്ന് എം.എസ്.അരുൺകുമാർ എംഎൽഎ ആവശ്യപ്പെട്ടു. കെട്ടിടങ്ങൾ നിർമിക്കുമ്പോൾ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണം. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി സർക്കാരിൽ ഇടപെടൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു.
ഏണിയിൽ നിന്ന് ചാടിയതു രക്ഷയായി
മാവേലിക്കര ∙ തടി കൊണ്ടുള്ള ഏണിയിൽ ചവിട്ടി നിന്ന് ഇളക്കി താഴേക്കു തന്ന ഷീറ്റുകൾ രാജുവിന്റെ കൈകളിലേക്കു കൊടുക്കുകയായിരുന്നു, വലിയ ശബ്ദം കേട്ടു നോക്കിയപ്പോൾ മേൽക്കൂര താഴേക്കു ചരിയുന്നതു കണ്ടു, വേഗം താഴേക്കു ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കിൽ ജീവൻ നഷ്ടമായേനെ, അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഈരേഴ വടക്ക് കാട്ടുവള്ളിൽ കുറ്റിയിൽ സുരേഷിന്റെ (56) വാക്കുകളിൽ ആശ്വാസം. താഴേക്കു നൽകിയ ഷീറ്റുകൾ മുറ്റത്ത് അടുക്കുന്ന ജോലികൾ ചെയ്തിരുന്നതിനാൽ രാജുവും രക്ഷപ്പെട്ടു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ജോലി പുനരാരംഭിച്ചു 2 ഇഴകൾ മാത്രം ബാക്കി നിൽക്കവേയാണ് അപകടം നടന്നത്. രാവിലെ മുതൽ ഒരുമിച്ചു ജോലി ചെയ്ത ഞങ്ങളിൽ 2 പേർ കൂടെയില്ല എന്നതു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നു സുരേഷ് പറഞ്ഞു.