വെള്ളാപ്പള്ളിയെ തള്ളില്ല, നേതൃത്വം പറഞ്ഞാലും; വെട്ടിലായി സിപിഎം ജില്ലാ ഘടകം, ഗോവിന്ദനെതിരെ ജി.സുധാകരനും
Mail This Article
ആലപ്പുഴ ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി പാർട്ടിയെയും മുന്നണിയെയും വിമർശിച്ചാലും മറുത്തൊന്നും പറയരുതെന്ന നിലപാടിന് ജില്ലയിലെ സിപിഎമ്മിലെങ്കിലും ശക്തി കൂടുതലാണ്. വെള്ളാപ്പള്ളിക്കെതിരായ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായത്തെയും സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തെയും തള്ളി ജില്ലാ സെക്രട്ടേറിയറ്റിൽ നിലപാടു പറഞ്ഞവർ അതാണു സൂചിപ്പിക്കുന്നത്. അതിനെ ഖണ്ഡിക്കാൻ ആരുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്.
സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ ജില്ലയിൽ തള്ളിപ്പറയുന്നത് ഇവിടത്തെ പ്രത്യേക സാഹചര്യം കൂടി നോക്കിയാണ്. തിരഞ്ഞെടുപ്പുകളിൽ വെള്ളാപ്പള്ളിയുടെ പിന്തുണ വീണ്ടും പ്രതീക്ഷിക്കുന്ന ജനപ്രതിനിധികൾ നേതൃത്വത്തിന്റെ മറുത്തുള്ള നിലപാടിൽ വെട്ടിലായിട്ടുണ്ട്. നേതൃത്വത്തെ തള്ളുക മാത്രമായിരുന്നു അവർക്കു മുന്നിലുള്ള വഴി. ജില്ലാ സെക്രട്ടേറിയറ്റിലെ വെള്ളാപ്പള്ളി അനുകൂല നിലപാടിന്റെ മുന്നിൽ നിന്നതു രണ്ട് എംഎൽഎമാരാണ്. വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട പാർട്ടി നിലപാട് തങ്ങളുടെ ഗതി നിശ്ചയിക്കുമെന്നു പ്രാദേശിക നേതാക്കളും കരുതുന്നു. അതിന്റെയെല്ലാം പ്രകാശനമാണ് വെള്ളാപ്പള്ളിക്കു വേണ്ടി ജില്ലാ സെക്രട്ടേറിയറ്റിൽ ഉണ്ടായത്.
കേരളത്തിൽ കഴിഞ്ഞതവണ ജയിച്ച ഏക സീറ്റ് ഇത്തവണ നഷ്ടമാകാൻ കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളിയുടെ പ്രതികൂല നിലപാടാണെന്നു നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. സ്ഥാനാർഥി തന്നെ തന്റെ പഴയ കവിത സമൂഹമാധ്യമത്തിൽ പങ്കുവച്ചു പരോക്ഷമായി വിമർശനം നടത്തിയിരുന്നു. പക്ഷേ, പല ജനപ്രതിനിധികൾക്കും വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ താൽപര്യമുള്ളവർക്കും അത് അംഗീകരിക്കാൻ കഴിയുന്നില്ല. അക്കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ ചിലർ പക്ഷം മറന്ന് ഒറ്റക്കെട്ടായത് അങ്ങനെയാണ്.
ബിഡിജെഎസ് വഴി ബിജെപി പ്രബല വിഭാഗത്തിലേക്കു കടന്നുകയറിയെന്നു സിപിഎം നേതൃത്വം വിലയിരുത്തിയിരുന്നു. എന്നാൽ, അതിനപ്പുറം പലയിടത്തും സിപിഎമ്മിൽനിന്നു പുറത്തായവരെയും അതൃപ്തരായി തുടരുന്നവരെയും വോട്ട് ചോർത്താൻ തങ്ങൾ ഉപയോഗിച്ചെന്നു ബിജെപി നേതാക്കൾ സ്വകാര്യമായി പറയുന്നുണ്ട്. രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നാമതും ഒരിടത്തു ചെറിയ വ്യത്യാസത്തിൽ മാത്രം രണ്ടാമതുമായതിൽ ഈ നീക്കത്തിനു വലിയ പങ്കുണ്ടെന്നാണ് എൻഡിഎ നേതാക്കൾ അവകാശപ്പെടുന്നത്. ഇക്കാര്യം സിപിഎം തിരിച്ചറിഞ്ഞോ, അറിഞ്ഞെങ്കിൽ തടയിടാഞ്ഞതെന്ത് എന്നതു പാർട്ടിയിൽ വരുംനാളുകളിൽ ചർച്ചയായേക്കാം.
ലോക്സഭാ സ്ഥാനാർഥി നിർണയം പാളിയെന്ന വിധത്തിൽ പാർട്ടിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ചർച്ചകളിൽ അതിനു വലിയ പരിഗണന കിട്ടിയില്ല. എ.എം.ആരിഫിനെ രണ്ടാമതും മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം വളരെ നേരത്തെ തീരുമാനിച്ചതാണ്. 2019ലെ യുഡിഎഫ് കുത്തൊഴുക്കിലും ജയിച്ചു കയറിയതിന്റെ വീരപരിവേഷം ആരിഫിനുള്ളതു തന്നെയാണ് അതിനു കാരണം.
ഇത്തവണ കെ.സി.വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ബിജെപി ജയിച്ചേനെയെന്നും ആരിഫ് ഒരുപക്ഷേ, മൂന്നാം സ്ഥാനത്തായേനെയെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. വേണുഗോപാലിന്റെ വരവ് ഒരർഥത്തിൽ സിപിഎമ്മിനെ മൂന്നാം സ്ഥാനമെന്ന നാണക്കേടിൽനിന്നു രക്ഷിക്കുകയായിരുന്നു എന്നു കടത്തിപ്പറയുന്നവരുമുണ്ട്. എന്നാൽ, ഇത് ആരിഫിനോടുള്ള വ്യക്തിവിരോധംകൊണ്ടു മാത്രമുള്ള ന്യായവാദമാണെന്നു മറുപക്ഷം പറയുന്നു. ആരിഫിനെ നിയമസഭാ മത്സരത്തിലേക്കു പരിഗണിച്ചേക്കാമെന്ന സാധ്യത മുന്നിൽ കണ്ട് അതിനു തടയിടാനുള്ള ചിലരുടെ നീക്കം മാത്രമാണിതെന്ന് അവർ പറയുന്നു.
വെള്ളാപ്പള്ളി പരാമർശം : ഗോവിന്ദനെതിരെ ജി.സുധാകരനും
ആലപ്പുഴ ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തിനു വിരുദ്ധമായ പ്രതികരണവുമായി മുൻമന്ത്രി ജി.സുധാകരനും. പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളിയെന്നു സുധാകരൻ പറഞ്ഞു. അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ട്. അദ്ദേഹവുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ.
പാർട്ടി നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിനു സംശയമുണ്ടെങ്കിൽ അദ്ദേഹത്തോടു സംസാരിച്ചു തീർക്കണം. 50 വർഷമായി അദ്ദേഹത്തെ നേരിട്ടറിയാം. ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല. ഇപ്പോൾ പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെപ്പറ്റിയും പറയുന്നതാണ്. ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല. വോട്ടുകളിൽ എല്ലാ സമുദായക്കാരുമുണ്ട് – ജി.സുധാകരൻ പറഞ്ഞു.
ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും എം.വി.ഗോവിന്ദനെ തള്ളി വെള്ളാപ്പള്ളിയെ അനൂകൂലിക്കുന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാടു കാരണമാണു വോട്ട് ചോർന്നതെങ്കിൽ അദ്ദേഹത്തിനു സ്വാധീനമില്ലാത്ത മലബാറിൽ എങ്ങനെ വോട്ട് കുറഞ്ഞു എന്നായിരുന്നു എച്ച്.സലാം എംഎൽഎയുടെ ചോദ്യം. ഇതിനെ പി.പി.ചിത്തരഞ്ജൻ എംഎൽഎയും മറ്റും പിന്തുണയ്ക്കുകയും ചെയ്തു.