ADVERTISEMENT

ആലപ്പുഴ ∙ സമുദായ സംഘടനകളെ കൂടെനിർത്താനുള്ള സിപിഎം ശ്രമവും പാളി – ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം മേഖലാ റിപ്പോർട്ടിങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിശദീകരണം വ്യക്തമാക്കുന്നത് അതാണ്. എസ്എൻഡിപി യോഗത്തിലേക്കു ബിഡിജെഎസ് വഴി സംഘപരിവാർ നുഴഞ്ഞുകയറുന്നു, സമസ്ത– സുന്നി വിഭാഗങ്ങളെ ആകർഷിക്കാൻ കഴിഞ്ഞില്ല– ഇതായിരുന്നു കണ്ടെത്തൽ. പാർട്ടി പ്രവർത്തകർ ക്ഷേത്രസമിതികളിലും മറ്റും സജീവമാകുക, ഉത്സവങ്ങളിലും ഘോഷയാത്രകളിലും മറ്റും പ്രവർത്തകർ  മുൻനിരയിൽ തന്നെ ഉണ്ടാവുക – ഇങ്ങനെ ചില പരിഹാരങ്ങളും ഗോവിന്ദൻ നിർദേശിച്ചു. 

ഇടത് അനുകൂല എസ്എൻഡിപി ശാഖകൾ പിരിച്ചുവിട്ട് അവിടെ സംഘപരിവാറുകാരെ കൊണ്ടുവരുന്നതിലൂടെ താഴെത്തട്ടു വരെ സിപിഎം വിരുദ്ധ നീക്കമാണു നടക്കുന്നത്. നവോത്ഥാനത്തിനു നേതൃത്വം നൽകിയ എസ്എൻഡിപി യോഗത്തെ സംഘപരിവാറിന്റെ കയ്യിലാക്കാൻ അനുവദിക്കരുത്. ബിഡിജെഎസ് ഉണ്ടായതു യാദൃച്ഛികമായല്ല. അതു സംഘപരിവാർ അജൻഡയാണ്. എസ്എൻഡിപി വനിതാ, യുവജന വിഭാഗങ്ങളിലും സംഘപരിവാർ നുഴഞ്ഞുകയറുന്നു. ക്ഷേത്ര ഭരണസമിതികളിൽ നിന്നും മറ്റും പാർട്ടിക്കാർ അകന്നുനിന്നപ്പോൾ അവിടെ സംഘപരിവാർ കടന്നുകൂടി. വിശ്വാസികളിൽ ആദ്യം അവർ ഹിന്ദുവികാരമുണ്ടാക്കുന്നു. പിന്നെ ഹിന്ദുവർഗീയവാദിയാക്കുന്നു. 

സമസ്ത, കാന്തപുരം സുന്നി വിഭാഗങ്ങളുടെ നേതാക്കളെ ഒപ്പം നിർത്തി. എന്നാൽ, നേതാക്കളെയല്ല, ആ വിഭാഗങ്ങളിലെ ജനങ്ങളെയാണു മതനിരപേക്ഷത ഉയർത്തിക്കാട്ടി ഒപ്പം നിർത്തേണ്ടിയിരുന്നതെന്നു ഗോവിന്ദൻ പറഞ്ഞു. പൗരത്വ വിഷയത്തിൽ മുസ്‌ലിം ലീഗിനെ ഒപ്പം നിർത്തി സമരം ചെയ്തു. ലീഗിനു ജനാധിപത്യ പാർട്ടിയെന്ന പ്രതിഛായയുള്ളതിനാലാണ് അങ്ങനെ ചെയ്തത്. എന്നാൽ, തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പോലുള്ള പാർട്ടികളുമായി ലീഗ് ധാരണയുണ്ടാക്കി. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും വലിയ തോതിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചു. കോൺഗ്രസ് വന്നാലേ കാര്യമുള്ളൂ എന്ന് അവർ പ്രചരിപ്പിച്ചു. രാഷ്്ട്രീയം പറഞ്ഞ് ഈ വാദങ്ങളെ ചെറുത്ത് ആ വിഭാഗത്തെ കൂടെ നിർത്താൻ എൽഡിഎഫിനു കഴിഞ്ഞില്ല. കോൺഗ്രസിന്റെ വോട്ടുകളും ചോർന്നിട്ടുണ്ട്. 

തൃശൂരിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണ് അവരുടെ വോട്ടുകൾ നഷ്ടമായത്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ശത്രുക്കളാണെന്ന ആഗോള സാഹചര്യം അവിടെ സംഘപരിവാർ പ്രചരിപ്പിച്ചു. മറ്റിടങ്ങളിലും സമാനരീതി പ്രയോഗിച്ചു. എസ്എൻഡിപി യോഗം – സംഘപരിവാർ ബന്ധത്തെ ജാഗ്രതയോടെ കാണണമെന്നു റിപ്പോർട്ടിങ് നടത്തിയ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു. ദക്ഷിണേന്ത്യയിലെ ബിജെപി മുന്നേറ്റം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കാനാണു പാർട്ടി ശ്രമിച്ചത്. വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത്തവണ 51 സീറ്റിൽ മാത്രമേ മത്സരിച്ചുള്ളൂ. പക്ഷേ, ഒരു സീറ്റ് മാത്രമേ അധികം നേടാൻ കഴിഞ്ഞുള്ളൂ. കേരളത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ഇവിടെ ബിജെപി നേട്ടമുണ്ടാക്കി. എസ്എഫ്ഐക്കെതിരായ ആരോപണങ്ങളും വാർത്തകളും ദോഷമുണ്ടാക്കി. യുവജനങ്ങളെ കൂടുതലായി പാർട്ടിയിലേക്കു കൊണ്ടുവരണം. ബംഗാളിൽ ചെറുപ്പക്കാർക്കു കൂടുതൽ ചുമതലകൾ നൽകുന്നുണ്ടെന്നും യച്ചൂരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com