ADVERTISEMENT

ആലപ്പുഴ∙ കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) സമരത്തിലേക്ക്.സിപിഎം സംസ്ഥാന സമിതിയംഗവും ജില്ലാ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. നാളെ താലൂക്ക് ഓഫിസുകൾക്കു മുന്നിൽ ധർണ നടത്തും. പ്രശ്നപരിഹാരമായില്ലെങ്കിൽ സമരം കടുപ്പിക്കാനാണു തീരുമാനം.സിപിഎം സംസ്ഥാന സമിതിയംഗം കൂടിയായ കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് സി.ബി.ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണു സമരം തീരുമാനിച്ചത്. യോഗത്തിൽ കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ തുടങ്ങിയവർ പങ്കെടുത്തു.വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെതിരെ നേരത്തെ തന്നെ നേതാക്കൾ രംഗത്തെത്തിയിരുന്നു.

കയർ മേഖലയെ നിലനിർത്താൻ വേണ്ട സഹായങ്ങൾ മന്ത്രിയിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനവും ഉണ്ടായി. ലോക്സഭ തിരഞ്ഞെടുപ്പിൽ കയർ ഉൾപ്പെടെ പരമ്പരാഗത മേഖലകളിൽ നിന്നു പ്രതീക്ഷിച്ച വോട്ട് കിട്ടിയിട്ടില്ലെന്നും വിലയിരുത്തലുണ്ട്.സമരം സർക്കാരിനെതിരെ മാത്രമല്ലെന്നും തൊഴിലാളികളുടെ കൂലി വർധന നടപ്പാക്കാത്ത കയർ ഫാക്ടറികൾക്കും മുതലാളിമാർക്കും എതിരെ കൂടിയാണെന്നും സി.ബി.ചന്ദ്രബാബു പറഞ്ഞു. കയർ ബോർഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നത്. കേരളത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. കയർപിരി തൊഴിലാളികളുടെയും ഫാക്ടറി തൊഴിലാളികളുടെയും കൂലി വർധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, കയർ സഹകരണ സംഘങ്ങൾക്കു പ്രവർത്തന മൂലധനം, ക്ഷേമനിധി അംഗങ്ങൾക്കു വിരമിക്കൽ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളാണു കയർ വർക്കേഴ്സ് സെന്റർ ഉന്നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com