മിന്നും ജയത്തോടെ ധ്രുവ് സുമേഷ്
Mail This Article
മാവേലിക്കര ∙ കംപ്യൂട്ടർ എൻജിനീയർ ആകണമെന്ന വലിയ മോഹത്തിലേക്ക് ഒരു പടി കൂടി അടുത്ത് എത്തിയതിന്റെ സന്തോഷത്തിലാണു തഴക്കര വഴുവാടി കൽപക സാം വില്ലയിൽ ധ്രുവ് സുമേഷ് (17). പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു കംപ്യൂട്ടർ എൻജിനീയർ മോഹം മനസ്സിൽ എത്തിയത്. മകന്റെ ആഗ്രഹത്തിനു പിന്തുണയുമായി ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് അസി.പ്രഫസർ സാം കെ.സുമേഷും കാസർകോട് കയ്യൂർ ഐടിഐ ഇൻസ്ട്രക്ടർ മിഷ രവിയും ഒത്തുചേർന്നപ്പോൾ വിവിധ മത്സര പരീക്ഷകളിൽ മിന്നും വിജയം നേടി ധ്രുവ് തന്റെ ലക്ഷ്യത്തിലേക്ക് അടുത്തു. ജെഇഇ പരീക്ഷയിൽ പ്രതീക്ഷിച്ചത്ര റാങ്ക് ലഭിക്കാത്തതിന്റെ നേരിയ നൊമ്പരമാണു ധ്രുവ് സുമേഷ് കീം–2024 വിജയത്തോടെ പഴങ്കഥയാക്കിയത്. പൊതുവിഭാഗത്തിൽ 209–ാം റാങ്കും എസ്‌സി വിഭാഗത്തിൽ ഒന്നാം റാങ്കുമാണു കീം പരീക്ഷയിൽ ധ്രുവ് നേടിയിരിക്കുന്നത്.
ചിട്ടയായ പഠനമാണു വിജയത്തിലേക്ക് എത്തിച്ചതിനു പിന്നിലെന്നു ധ്രുവ് പറഞ്ഞു. ദിവസവും രാവിലെയും വൈകിട്ടും സെൽഫ് സ്റ്റഡിക്കു പ്രത്യേക സമയം കണ്ടെത്തിയിരുന്നു. അതാതു ദിവസത്തെ പാഠങ്ങൾ കൃത്യമായി പഠിച്ചിരുന്നതായും ധ്രുവ് പറഞ്ഞു. ജെഇഇ പരീക്ഷയുടെ മികവിൽ ആഗ്രഹിച്ചതു പോലെ കോഴിക്കോട് എൻഐഐടിയിൽ കംപ്യൂട്ടർ സയൻസിനു പ്രവേശനം ലഭിച്ചതിന്റെ ആഹ്ലാദത്തിനു പിന്നാലെയാണു കീമിന്റെ പരീക്ഷാഫലം വന്നത്. 7–ാം ക്ലാസ് വരെ മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിലും പത്താംക്ലാസ് വരെ മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലുമായിരുന്നു പഠിച്ചത്. പത്താം ക്ലാസിൽ ഫുൾ എ പ്ലസും സിബിഎസ്ഇ 12–ാം ക്ലാസിൽ ഫുൾ എ വണും നേടി. പഠനം കഴിഞ്ഞാൽ ധ്രുവിന്റെ ഇഷ്ട വിനോദം ഇംഗ്ലിഷ്, മലയാളം നോവലുകളുടെ വായനയാണ്. എസ്ബിടി റിട്ട. മാനേജരും സാഹിത്യകാരനുമായ കെ.കുഞ്ഞുകുഞ്ഞ്, പി.ജെ.മണിയമ്മ എന്നിവരുടെ ചെറുമകനാണ് ധ്രുവ്.