ADVERTISEMENT

കുട്ടനാട്ടിലെ ഏറ്റവും വലിയ ഒഴുക്ക് തകഴിയായിരുന്നു, തകഴിയുടെ എഴുത്തായിരുന്നു. എന്നാൽ താൻ എഴുതിത്തുടങ്ങുന്നതിനും മുൻപുള്ള ഏറ്റവും വലിയ ഒഴുക്കിനെക്കുറിച്ചുള്ള കഥയാണ് തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’. ആ വെള്ളപ്പൊക്കക്കാലത്ത് തകഴിക്കു 12 വയസ്സ്. കൊല്ലവർഷം 1099ൽ വെള്ളപ്പൊക്കം വന്നപ്പോൾ വീട്ടിൽ എല്ലാവരും മച്ചിന്റെ പുറത്താണ് കഴിഞ്ഞതെന്നു തകഴി പറഞ്ഞത് അദ്ദേഹത്തിന്റെ  മകൾ ജാനമ്മയുടെ ഓർമയിലുണ്ട്. ഒരർഥത്തിൽ വെള്ളപ്പൊക്കത്തിൽ എന്ന  കഥ തകഴിയുടെ ആത്മകഥയിലെ ഒരേടാണെന്നു പറയാം. 

തകഴി രണ്ടിടങ്ങഴി സമർപ്പിച്ചിരിക്കുന്നത് മടിത്തറ കുഞ്ഞേപ്പനാണ്. കുഞ്ഞേപ്പൻ വെള്ളപ്പൊക്കത്തിലും കടന്നുവരുന്നുണ്ട്. ‘ആരോ വിളിക്കുന്നു. ചേന്ന‍ൻ തിരിഞ്ഞുനോക്കി. അതു മടിയത്തറ കുഞ്ഞേപ്പനാണ്. അവൻ പുരപ്പുറത്തുനിന്നു വിളിക്കയാണ്’ എന്നാണത്. ‘കുഞ്ഞേപ്പന് അവന്റെ തമ്പുരാന്റെ കുഞ്ഞിനോട് ഒരിഷ്ടം തോന്നി. അതിനെ ഒന്നു തൊട്ടുനോക്കിയതും എടാ എന്നൊരലർച്ച കേട്ടു. അത്  അവന്റെ തമ്പുരാന്റേതായിരുന്നു’ എന്നു തൊട്ടുകൂടായ്മയുടെ കാലത്തെക്കുറിച്ചു തകഴി എഴുതിയിട്ടുണ്ട്. ആ കുഞ്ഞാണ് തകഴി ശിവശങ്കരപ്പിള്ളയായത്.

വെള്ളപ്പൊക്കം വന്നപ്പോൾ ചേന്നൻ വീട്ടുകാരുമായി വള്ളത്തിൽ സകലതും എടുത്തുകൊണ്ടുപോയി രക്ഷപ്പെട്ടു. നായയ്ക്ക് അതിൽ കയറാനായില്ല. അത് പുറത്തെവിടെയോ ചുറ്റിനടക്കുകയായിരുന്നു. പിന്നീട് അതുവഴി വന്നവരും നായയെ എത്ര നിലവിളിച്ചിട്ടും വള്ളത്തിൽ കയറ്റി മറുകര കടത്തിയില്ല. ഇനിയൊരിക്കലും മനുഷ്യനെ സ്നേഹിക്കുകയില്ല എന്ന് അതു പറയുകയാവാം എന്നു തകഴി എഴുതിയിട്ടുണ്ട്.

പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ പ്രകൃതിയും അതുതന്നെയാണ് പറയുക എന്നു തോന്നും. തന്നോടു ചെയ്യുന്ന ക്രൂരതകൾ കാണുമ്പോൾ മനുഷ്യനെ ഞാനിനി ഒരിക്കലും സ്നേഹിക്കില്ല എന്നു പ്രകൃതി ചിന്തിച്ചിട്ടുണ്ടാവാം. ഇത്ര വലിയ പ്രകൃതിദുരന്തം വിവരിക്കുമ്പോൾ ചെറിയ ജീവികളെക്കുറിച്ചാണു തകഴി എഴുതിയത്. കഥയുടെ കേന്ദ്രബിന്ദുവായ  നായയെക്കൂടാതെ തവള, പച്ചക്കിളി, മീൻ, മുതല, നീർക്കോലി, കാക്ക, എറുമ്പിൻകൂട്, ഈച്ചകൾ  എന്നിങ്ങനെ പോവുന്നു അവ. പൂച്ച വരെ വള്ളത്തിൽക്കയറി ചേന്നനോടൊപ്പം രക്ഷപ്പെട്ടു. പട്ടിയുടെ കാര്യം ആരും ഓർത്തില്ല. 

ആരും ഓർക്കാത്തതു കഥാകാരൻ ഓർത്തു. ആരും കാണാത്തതു തകഴി കണ്ടു. അതാണു നായയുടെ കണ്ണിലൂടെ തകഴി കഥയെ മുന്നോട്ടു കൊണ്ടുപോയത്. വെള്ളപ്പൊക്കത്തെക്കുറിച്ചാണു വിവരിക്കുന്നതെങ്കിലും വായനക്കാരന് ഏറ്റവും വലിയ വരൾച്ച  അനുഭവപ്പെടുന്നതായി തോന്നും. നായ അനുഭവിക്കുന്ന സ്നേഹനിരാസത്തിന്റെ വരൾച്ചയാണത്. മനുഷ്യനോട് ഏറ്റവും നന്ദിയുള്ള മൃഗം നേരിടുന്ന നന്ദികേടിന്റെ വരൾച്ച.

ആപത്തിലും ചുറ്റിനുമുള്ള എല്ലാവരും തന്നെ കൈവെടി‍ഞ്ഞപ്പോഴും വിശന്നു പൊരിയുമ്പോഴും കൂറ് കൈവിടാത്തവനാണു നായ എന്നതിനു പല ഉദാഹരണങ്ങൾ തകഴി കഥയിൽ കൊണ്ടുവരുന്നു. വാഴക്കുലയും വൈക്കോലുമൊക്കെ മോഷ്ടിക്കുന്നവർക്കെതിരെ അവസാനം വരെ പൊരുതി നായ നായകത്വം കാണിക്കുന്നു. മരണവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി... നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു സാദൃശ്യമുള്ള ശബ്ദപരമ്പരകൾ പുറപ്പെടുവിച്ചു എന്നു കഥയിലുണ്ട്. ആപത്തിൽ മനുഷ്യനും മൃഗവും എല്ലാം തുല്യരാണ് എന്നതിന്റെ ഓർമപ്പെടുത്തലാണത്.

പലർക്കു പല തരം രക്ഷാമാർഗങ്ങളാണുള്ളത് എന്നു കഥ വായിക്കുമ്പോൾ തോന്നും. ദേവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു എന്നാണു കഥയുടെ തുടക്കം. ചേന്നന്റെ തമ്പുരാൻ മൂന്നായി പ്രാണനും കൊണ്ടു കരപറ്റിയിട്ട്. അതു ചേന്നന്റെ രക്ഷകൻ. പട്ടിയുടെ യജമാനൻ അമ്പലപ്പുഴ പറ്റിക്കഴിഞ്ഞു എന്ന തകഴി എഴുതുന്നു. കർക്കടകത്തിലെ വെള്ളപ്പൊക്കത്തിന്റെ യാഥാതഥ്യ വിവരണമാണ് കഥ. വടക്കെങ്ങോ ഒരു വീട്ടിലിരുന്നു വീട്ടുകാവൽക്കാരൻ രാമായണം വായിക്കുന്നു എന്നതാണത്.

 പ്രകൃതിയുടെ വിശ്വസ്തനായ കാവൽക്കാരനാകേണ്ടവനാണ് മനുഷ്യൻ.  അതിന് അവനു കഴിയാത്തതു കൊണ്ടാവാം മനുഷ്യന്റെ വിശ്വസ്തനായ കാവൽക്കാരനായ നായയെ കേന്ദ്രമാക്കി തകഴി കഥയെഴുതിയത്. മലയാളത്തിൽ പിന്നീടുണ്ടായ എത്രയോ കഥകളുടെ വെള്ളപ്പൊക്കത്തിലും ഒഴുകിപ്പോകാതെ ഈ കഥ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com