3 ആഴ്ച തോരാത്ത മഴ, ഗാന്ധിജിയുടെ സഹായം; ഒരു പെരുമഴയുടെ തീരാപ്പേടിക്കു നൂറു വർഷം
Mail This Article
∙ മലയാളികളുടെ ഉപബോധ മനസ്സിലെ തീരാപ്പേടിയാണ് പ്രളയം. 1924ലെ വൻപ്രളയമാണ് ഈ പേടിയെ അരക്കിട്ടുറപ്പിച്ചതെന്നു പറയാം. മലയാള വർഷം 1099ലെ ആ പ്രളയം ’99ലെ വെള്ളപ്പൊക്കം എന്ന പേരിൽ ഓർമകളിൽ മാത്രമല്ല, നമ്മുടെ കാലഗണനയിലും കോറിയിട്ടിരിക്കുന്നു.2018ൽ നാടിനെ ഗ്രസിച്ച മറ്റൊരു മഹാപ്രളയത്തെ മറക്കാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുമ്പോൾ പഴയ കാലത്തെ പ്രളയ വിവരങ്ങളും അന്വേഷിച്ചിരുന്നു. കൊല്ലവർഷം ആയിരാമാണ്ടിലും (1824) 1057ലും (1881) ഉണ്ടായ വൻ പ്രളയങ്ങളെ പറ്റിയുള്ള രേഖകൾ ലഭിച്ചു. അതിൽ നമ്മോട് അടുത്ത കാലത്തുണ്ടായതും അതിനാൽ കൂടുതൽ രേഖകൾ ലഭ്യമായതുമായ 99ലെ വെള്ളപ്പൊക്കം പ്രത്യേക ശ്രദ്ധയർഹിക്കുന്നു.
ഡോ.പി.കെ.മൈക്കിൾ തരകൻ
(കേരള ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും)
∙ 3 ആഴ്ച തോരാത്ത മഴ
പ്രളയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതു ജൂലൈ 17നു തുടങ്ങി 3 ആഴ്ചയോളം തുടർച്ചയായി പെയ്ത അതിശക്തമായ മഴയാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളെയും പ്രളയം ബാധിച്ചെങ്കിലും മധ്യകേരളത്തിലാണു പ്രളയം ഭീകരമായത്.ഇന്നത്തെ ആലപ്പുഴ ജില്ല ഏതാണ്ടു പൂർണമായും എറണാകുളം ജില്ലയുടെ മിക്ക ഭാഗങ്ങളും പ്രളയജലത്തിൽ മുങ്ങി. പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറ്റിലെ വെള്ളപ്പൊക്കം കാരണം സമുദ്രനിരപ്പിൽ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറും അവിടുത്തെ വിവിധ സൗകര്യങ്ങളും നശിച്ചു. മൂന്നാർ മേഖലയിൽ പെയ്തത് 485 സെന്റിമീറ്റർ മഴയാണ്.
∙ നദികൾ മുക്കുന്ന കുട്ടനാട്
മഴയിലാണു കേരളത്തിലെ നദികൾ പുഷ്ടിപ്പെടുന്നത്. അങ്ങനെയുള്ള 5 നദികളാണു കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്നത്: മൂവാറ്റുപുഴയാർ, പമ്പ, അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ. ഇവ അതിവൃഷ്ടിയിൽ അപകടകരമായി നിറഞ്ഞൊഴുകിയതിന്റെ വിവരങ്ങൾ ലഭ്യമാണ്. പമ്പാനദിയിലെ വെള്ളപ്പൊക്കം കൊണ്ടു വിഷമിച്ച 5 പദ്ധതികളെപ്പറ്റി അന്നത്തെ ആലപ്പുഴ പ്രദേശത്തിന്റെ ജില്ലാ ആസ്ഥാനമായിരുന്ന കൊല്ലത്തെ ദിവാൻ പേഷ്കാർ ചീഫ് സെക്രട്ടറിക്കു വിശദമായി എഴുതിയിരുന്നു. തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി, ആറന്മുള, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നിവയാണു പദ്ധതികൾ.
ആലുവ, വൈക്കം, കല്ലട, പേരൂർ, മാവേലിക്കര, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, ചേർത്തല തുടങ്ങിയ സ്ഥലങ്ങളിലെ അധികാരികളെ ബന്ധപ്പെട്ടു പെട്ടെന്നു നൽകേണ്ട സഹായങ്ങൾ എത്തിക്കാൻ അന്നു സർക്കാർ തീരുമാനിച്ചിരുന്നു. അത്യാഹിതത്തിന്റെ വ്യാപ്തി മനസ്സിലാക്കി സഹായമെത്തിക്കാൻ ഔദ്യോഗിക സംവിധാനത്തിനു പുറമേ പൊതുജന സംഘടനകളും സമുദായ സംഘടനകളും മുന്നോട്ടു വന്നു. ആദ്യം ഫ്ലഡ് റിലീഫ് കമ്മിറ്റി രൂപീകരിച്ചതു കൊച്ചിയിലാണെന്നു തോന്നുന്നു. തുടർന്നു മറ്റിടങ്ങളിലും ഇത്തരം സമിതികളുണ്ടായി. അവർ സമാഹരിച്ച പണം അർഹർക്ക് എത്തിക്കാൻ ഔദ്യോഗികമായി മുൻഗണനാക്രമം നിശ്ചയിച്ചിരുന്നു.
ഗാന്ധിജിയുടെ സഹായം
മഹാത്മാഗാന്ധി ഗുജറാത്ത് നിവാസികളിൽ നിന്നും മറ്റും സമാഹരിച്ച 6994 രൂപയും 13 അണയും പ്രളയ സഹായമായി ബാങ്കിൽ നിക്ഷേപിച്ചതായി പത്രറിപ്പോർട്ടുകളുണ്ട്. കെനിയ, സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സഹായമെത്തി. കഷ്ടനഷ്ടങ്ങളുടെ കണക്കു നോക്കിയാൽ ഈ സഹായങ്ങൾ തികയാതെ വന്നു എന്ന് ഊഹിക്കാം. റോഡുകൾ തകർന്നു, മണ്ണിടിച്ചിലുണ്ടായി, ഭക്ഷ്യദൗർലഭ്യം രൂക്ഷമായി, ഒഴുകിവന്ന തടികൾ വീടുകളിലും മറ്റും വന്നടിഞ്ഞു. 2018ലെ പ്രളയത്തിലേതിനു സമാനമായ രീതിയിൽ സംഘടിത രക്ഷാപ്രവർത്തനങ്ങൾ നടന്നതായി രേഖകളിൽ കാണുന്നില്ല. എന്നാൽ, താൽക്കാലിക പുനരധിവാസവും സ്ഥിരം വീടു നിർമാണത്തിനുള്ള സാമഗ്രികളുടെ വിതരണവും നടന്നതായി കാണുന്നു.
വൈക്കം സത്യഗ്രഹ വർഷം
പ്രളയത്തിന്റെ വിവരങ്ങൾ നൽകുന്ന രേഖകളിൽ, അന്നു ശക്തമായിരുന്ന ജാതി സമ്പ്രദായത്തിന്റെ സൂചനകളും കാണാം. എല്ലാ ജാതിക്കാർക്കും പൊതുവഴികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടു നടന്ന വൈക്കം സത്യഗ്രഹവും അതേ വർഷമായിരുന്നു. പ്രളയം ഉയർച്ചതാഴ്ചയില്ലാതെ എല്ലാ സമുദായങ്ങളെയും ബാധിച്ചിരിക്കും. ദുരാചാരങ്ങൾക്കെതിരെ നിലകൊണ്ടവരുടെ വാദഗതികൾക്കു സ്വാഭാവികമായും ശക്തി കൂടി. എഴുത്തുകാർ ആ ശക്തിക്ക് ആക്കം കൂട്ടി.
മുണ്ടമ്പറ ഉണ്ണിമമ്മദിന്റെ ‘വെള്ളപ്പൊക്കം’ എന്ന കാവ്യഗ്രന്ഥത്തിൽ കായ്കറിത്തോട്ടങ്ങൾ ഉൾപ്പെടുന്ന കൃഷി, നാട്ടുചന്തകൾ, തൊഴിൽ സമൂഹങ്ങൾ, കച്ചവട രീതികൾ, മൃഗപരിപാലനം, കൈവേലകൾ, മരക്കച്ചവടം എന്നിങ്ങനെ നാടിന്റെ ജീവിതരീതികളിൽ കയറുന്ന വെള്ളം കുശവർ, അവലിടിയന്മാർ, ചാലിയന്മാർ തുടങ്ങിയവരിലും എത്തിയതു വിവരിക്കുന്നുണ്ട്. പീടിക, മക്കാനി, പാണ്ടികശാല, നാട്ടുചന്തകൾ, ചൂടി വ്യാപാരം തുടങ്ങി കച്ചവട വൈവിധ്യങ്ങളെയും ചെറുമർ, നമ്പൂതിരിമാർ, മാപ്പിളമാർ, ജൂതർ, ക്രിസ്ത്യാനികൾ, പഠാണികൾ, റാവുത്തർമാർ, കുറുമർ, പുലയർ എന്നിവരെയുമെല്ലാം പ്രളയം ഒരു കുടക്കീഴിലാക്കുന്നതും വിവരിക്കുന്നു.
‘വെള്ളപ്പൊക്കത്തിൽ’ വരച്ച ഐക്യം
1924ലെ പ്രളയത്തിനു പിന്നാലെ മുപ്പതുകളിലെ ലോക സാമ്പത്തിക കുഴപ്പവും ജാതിയും സമുദായവും നോക്കാതെ എല്ലാവരെയും ബാധിച്ചു. തൊട്ടുകൂടായ്മയിലായിരുന്ന ജനങ്ങളിലെ ഐക്യം കൂടുതൽ വളർന്നു. സർവ ജീവജാലങ്ങളെയും ഒന്നായി കാണുന്ന സമൂഹം ഉയർന്നു വന്നെന്നു കരുതാം.