അരൂർ തുറവൂർ ഉയരപ്പാത നിർമാണം: 7 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടത് ഒന്നര മണിക്കൂർ
Mail This Article
തുറവൂർ∙ മഴ ശക്തമായതോടെ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്തു ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള 7 കിലോമീറ്റർ സഞ്ചരിക്കുന്നതിന് ഒന്നര മണിക്കൂറോളമാണു വേണ്ടി വന്നത്. അരൂർ ബൈപാസ് കവലയിൽ നിന്ന് അരൂക്കുറ്റി റോഡിലേക്കു കടക്കാനും ഒരു മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കുണ്ടായി. കനത്ത മഴയിൽ റോഡിൽ പുതിയ കുഴികൾ രൂപപ്പെട്ടതും ഗതാഗതക്കുരുക്ക് കൂട്ടി.ശക്തമായി പെയ്ത മഴയിൽ പെയ്ത്തുവെള്ളം പാതയിൽ കെട്ടി നിൽക്കുന്നതാണു ചന്തിരൂർ മുതൽ അരൂർ വരെയുള്ള പാതയിലെ ഗതാഗതക്കുരുക്കിനു കാരണം.
ഉയരപ്പാതയുടെ കിഴക്കുവശത്തു ചന്തിരൂരിനു സമീപത്തു പുതുതായി അറ്റകുറ്റപ്പണി നടത്തിയ റോഡിനു വീതി കുറവായതിനാൽ ഒരു നിരയായി മാത്രമാണു വാഹനങ്ങൾ കടത്തിവിടാനായത്. കോൺക്രീറ്റ് മിശ്രിതം ഉറപ്പിച്ച പലയിടങ്ങളിലും കുഴികളായി.ചന്തിരൂർ മുതൽ അരൂർ പള്ളി വരെയുള്ള ഭാഗത്തു മുട്ടൊപ്പം വെള്ളമായതിനാൽ കോൺക്രീറ്റ് ഇന്റർ ലോക്ക് ടൈൽ വിരിക്കുന്ന ജോലിയും തടസ്സപ്പെട്ടു.
വെള്ളം പമ്പ് ചെയ്തു നീക്കാനുള്ള ശ്രമവും ശക്തമായ മഴയെത്തുടർന്നു പാഴായി. ചന്തിരൂർ അബാദ് കോൾഡ് സ്റ്റോറേജ് മുതൽ അരൂർ പെട്രോൾ പമ്പ് വരെ വെള്ളക്കെട്ടാണ്. ഇവിടെയും ടൈൽ വിരിക്കേണ്ടതുണ്ട്. ഇന്നലെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റോഡുകൾ നന്നാക്കുമെന്ന അറിയിപ്പുണ്ടായതല്ലാതെ മഴയെ തുടർന്നു കാര്യമായ ജോലികൾ നടന്നില്ല.അരൂർ ക്ഷേത്രം കവലയിൽ ഉൾപ്പെടെ പലയിടത്തും പൊലീസും കരാർ കമ്പനിക്കാരുടെ ട്രാഫിക് മാർഷൽമാരും ഗതാഗത നിയന്ത്രണത്തിനു നിന്നെങ്കിലും ഗതാഗതക്കുരുക്ക് തുടർന്നു.