ഉയരപ്പാത: അരൂർ– തുറവൂർ സർവീസ് റോഡ് നിർമാണം വെള്ളക്കെട്ട് നീക്കാതെ റോഡ് പണി നീങ്ങില്ല
Mail This Article
തുറവൂർ∙ ഉയരപ്പാത നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു.എന്നാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയുമില്ല. വെള്ളക്കെട്ട് ഒഴിവാക്കിയാൽ മാത്രമേ സർവീസ് റോഡുകളുടെ പണി പൂർത്തിയാക്കാനാകൂ. ചന്തിരൂർ പാലം മുതൽ വടക്കോട്ട് പാതയോരത്തും പാതയിലും കെട്ടിനിൽക്കുന്ന വെള്ളം ഒഴുകിപ്പോകാൻ ഇതുവരെ യാതൊരു ജോലിയും നടന്നിട്ടില്ല.
വെള്ളക്കെട്ട് രൂക്ഷമായ അരൂർ ക്ഷേത്രം കവല, ചന്തിരൂർ, അരൂർ കെൽട്രോണിന് സമീപം എന്നിവിടങ്ങളിൽ നിന്നു മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ടാങ്കർ ലോറികളിൽ കൊണ്ടു പോകുന്നുണ്ട്. എന്നാൽ ശക്തമായ മഴയെത്തുടർന്ന് മണിക്കൂറുകൾക്കകം പാതയിൽ വെള്ളം നിറയുകയാണ്. പാതയിൽ നിറയുന്ന വെള്ളം ഒഴുക്കിവിടാൻ ശാസ്ത്രീയമായ സംവിധാനം ഒരുക്കിയാൽ മാത്രമേ അരൂർ– തുറവൂർ പാതയിൽ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ഇതിനായി ദേശീയപാത വിഭാഗവും ത്രിതല പഞ്ചായത്തുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ നിലപാട്.