ADVERTISEMENT

ആലപ്പുഴ∙ ‘കഴിഞ്ഞദിവസം കോരിച്ചൊരിയുന്ന മഴ നോക്കി നിൽക്കുമ്പോൾ വൈദ്യുതി ബോർഡിൽ നിന്നുള്ള ജീവനക്കാരനെത്തി. 2400 രൂപ ബിൽ കുടിശിക ആയിരുന്നു. അവർ വൈദ്യുതി ബന്ധം വിഛേദിച്ചു. മകൻ വേണം ഈ വീടിനെ ഇരുട്ടിൽ നിന്നു കരകയറ്റാൻ എന്നു വിങ്ങലോടെ ഓർത്തു. അൽപം കഴിഞ്ഞപ്പോൾ ജനറൽ ആശുപത്രിയിൽ നിന്നുള്ള വിളി വന്നു. മകനും ഭാര്യയും ആ മഴയ്ക്കിടെ വലിയൊരു അപകടത്തിൽ പെട്ടെന്ന് അവിടെ നിന്ന് അറിയിച്ചു... തകർന്നു പോയി’.

ആലപ്പുഴ ആറാട്ടുവഴി മൈഥിലി ജംക്‌ഷനിൽ സിയാദ് മൻസിലിൽ ഉബൈദിന്റെ തൊണ്ടയിടറി. കഴിഞ്ഞദിവസം മട്ടാഞ്ചേരി പാലത്തിനു സമീപം ആഞ്ഞടിച്ച കാറ്റിൽ മരക്കൊമ്പ് വീണു ഗുരുതര പരുക്കേറ്റ ഉനൈസിന്റെ ഉപ്പയാണ് വഴിയോര കച്ചവടക്കാരനായ ഉബൈദ്. സാഹചര്യം മനസ്സിലാക്കി പി.പി.ചിത്തരഞ്ജൻ എംഎൽഎ ഇടപെട്ടതിനെത്തുടർന്ന് ഈ വാടകവീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും പ്രതീക്ഷകളുടെ പ്രകാശം മങ്ങി നീറിനിൽക്കുന്നു ഇതിനകത്തുള്ളവർ. നോമ്പെടുത്ത് പ്രാർഥനയിലാണ് ഉമ്മ ഷമീത.

മാതാപിതാക്കൾക്കു പറ്റിയ അപകടം അറിഞ്ഞിട്ടില്ല ഉനൈസിന്റെ നാലുവയസ്സുകാരൻ മകൻ ഇഹാൻ.  തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ ഉനൈസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നട്ടെല്ലിനും വാരിയെല്ലിനും കാലിനും പരുക്കേറ്റ ഭാര്യ അലീഷയെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്കു മാറ്റി. സൗദി അറേബ്യയിൽ വെൽഡിങ് ജോലി ശരിയായി അടുത്ത ഞായറാഴ്ച അങ്ങോട്ടേക്കു പോകാനിരിക്കുകയായിരുന്നു ഉനൈസ്.

അവിടെ ചുവടുറപ്പിച്ച ശേഷം അനിയൻ സഹദിനെ കൊണ്ടുപോകണം, കടങ്ങൾ വീട്ടണം, വട്ടിപ്പലിശക്കാരുടെ അലട്ടലില്ലാതെ സ്വന്തമായൊരു കൂരയിൽ കഴിയണം– കഴിഞ്ഞ ദിവസത്തെ പേമാരിയിൽ തകർന്നത് ഒരു കുടുംബത്തിന്റെയാകെ സ്വപ്നങ്ങളാണ്.  യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അലീഷയ്ക്കൊപ്പം ഉനൈസ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ഉബൈദ് പറഞ്ഞു. മഴ തുടങ്ങിയപ്പോൾ സ്കൂട്ടർ ഒതുക്കി മട്ടാഞ്ചേരി പാലത്തിനു സമീപത്തെ മാടക്കടയിൽ കയറിനിന്നു. കാറ്റും മഴയും ശക്തമായപ്പോൾ എതിർവശത്തെ അക്ഷയ കേന്ദ്രത്തിനകത്തേക്ക് ഓടിയതാണ്. അതേ സമയത്താണു വലിയൊരു മരക്കൊമ്പ് ഒടിഞ്ഞു വീണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com