ADVERTISEMENT

അരൂർ∙ ഉയരപ്പാത നിർമാണം മൂലം റോഡ് ഗതാഗതം താറുമാറായതിനെത്തുടർന്നു ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു കാണാൻ മന്ത്രി പി. പ്രസാദ് എത്തി. തുറവൂർ മുതൽ അരൂർ വരെയുള്ള റോഡ് ഭാഗം അദ്ദേഹം സന്ദർശിച്ചു. അഗാധ ഗർത്തങ്ങളും വെള്ളക്കെട്ടുകളും നേരിൽ കണ്ടപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു ദുരിതം ഏറെ വലുതാണെന്നു മനസ്സിലായതായി മന്ത്രി പറഞ്ഞു. കലക്ടർ അലക്സ് വർഗീസ്, ദലീമ ജോജോ എംഎൽഎ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കലക്ടറുടെ നാലാമത്തെ സന്ദർശനം ആയിരുന്നു. മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മന്ത്രിയുടെ സന്ദർശന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഏറെ വിവാദമായി. ജനങ്ങളുടെ ദുരിതം കാണാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും എത്തേണ്ടതായിരുന്നെന്നു മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഒട്ടും വൈകാതെ ഇരു ഭാഗത്തെയും റോഡുകൾ നന്നാക്കണം. 5 ദിവസം ഇരു വശങ്ങളിലുമായി ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കനത്ത മഴയെ തുടർന്ന് അതെല്ലാം തകർന്നു. കോൺക്രീറ്റ് കട്ട പാകിയ സ്ഥലത്തു മാത്രമാണു നിലവിൽ കുഴികളില്ലാത്തത്. എന്നാൽ കട്ട പാകൽ ഇതേവരെ പൂർത്തീകരിച്ചിട്ടില്ല.

സമാന്തര പാതകളായ തുറവൂർ-കുമ്പളങ്ങി ഫെറി റോഡ്, തുറവൂർ-തൈക്കാട്ടുശ്ശേരി റോഡ്, അരൂക്കുറ്റി-ചേർത്തല റോഡ് എന്നിവിടങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കാനും പൊതുമരാമത്ത് വകുപ്പും ദേശീയപാത അധികൃതരും തയാറാകണം. നിലവിലെ പ്രശ്നങ്ങളെല്ലാം കരാർ കമ്പനിയെ മന്ത്രി അറിയിച്ചിട്ടുണ്ട്. വെള്ളക്കെട്ടു പ്രശ്‌നത്തിനു പരിഹാരം കാണാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ ഏതെല്ലാം സ്ഥലത്താണെന്നു വിവരങ്ങൾ നൽകുകയും പ്രശ്നം പരിഹരിക്കുന്നതിനു കരാർ കമ്പനി സംവിധാനം ഒരുക്കുകയും ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. തീരുമാനങ്ങളെല്ലാം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com