പക്ഷിപ്പനി നഷ്ടപരിഹാരം: 2.19 കോടി രൂപ അനുവദിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ പക്ഷിപ്പനി ബാധിച്ചു ചത്തതും കള്ളിങ്ങിനു വിധേയമായതുമായ വളർത്തുപക്ഷികളുടെ നഷ്ടപരിഹാരത്തിനായി 2.19 കോടി രൂപ അനുവദിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ വർഷങ്ങളെ അപേക്ഷിച്ചു താറാവുകളേക്കാൾ കൂടുതൽ കോഴികൾ ചത്തു. ജില്ലയിൽ ആകെ 1,89,977 വളർത്തുപക്ഷികളെ കൊന്നതിൽ 96,615 എണ്ണം കോഴികളാണ്.60 ദിവസത്തിൽ താഴെ പ്രായമുള്ള കോഴികൾക്കും താറാവുകൾക്കും 100 രൂപ വീതവും 60 ദിവസത്തിൽ കൂടുതൽ പ്രായമുള്ളവയ്ക്ക് 200 രൂപയുമാണു നഷ്ടപരിഹാരം നൽകുന്നത്.
കാടയ്ക്കു നഷ്ടപരിഹാര നിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കിലും ഏകദേശ വില കണക്കിൽ ഉൾപ്പെടുത്തി. പ്രായം കുറഞ്ഞ കാടകൾക്ക് 15 രൂപയും പ്രായം കൂടിയവയ്ക്ക് 30 രൂപയുമാണു നഷ്ടപരിഹാരം കണക്കാക്കിയത്. മുട്ടയ്ക്ക് 5 രൂപയാണ് നഷ്ടപരിഹാരം. ഇതുകൂടാതെ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ വളർത്തുപക്ഷികളെ നഷ്ടപ്പെട്ടതിന് 21 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സഹായം ലഭിക്കുന്നതിനു കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നു മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞിരുന്നു.മുൻ വർഷങ്ങളിൽ നഷ്ടപരിഹാരം വിതരണം ചെയ്തയിനത്തിൽ കേന്ദ്ര സർക്കാർ 5 കോടിയോളം രൂപ സംസ്ഥാനത്തിനു നൽകാനുണ്ട്. ഈ തുക ഉടൻ നൽകണമെന്നു മന്ത്രി ജെ.ചിഞ്ചുറാണി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.