കൊച്ചി – ആലപ്പുഴ തീരദേശ റോഡ്: രണ്ട് കെഎസ്ആർടിസി ബസുകൾകൂടി ഓടിത്തുടങ്ങി
Mail This Article
ആലപ്പുഴ ∙ കൊച്ചി – ആലപ്പുഴ തീരദേശ റോഡിൽ കെഎസ്ആർടിസിയുടെ പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിച്ചു. ഇന്നലെ രാവിലെ 7.20 ന് തുമ്പോളി നിന്നു തുടങ്ങിയ ആദ്യ സർവീസ് പി.പി.ചിത്തരഞ്ജൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് പുതിയ സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പി.പി.ചിത്തരഞ്ജൻ നൽകിയ കത്തിനെ തുടർന്നാണ് പുതിയ 2 ബസുകൾ അനുവദിച്ചത്. ഇന്ന് മുതൽ ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു എറണാകുളത്തേക്ക് രാവിലെ 2 സർവീസുകളും എറണാകുളത്തു നിന്നു ആലപ്പുഴയ്ക്ക് 2 സർവീസുകളും ഉണ്ടാകും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് ബാബു, നഗരസഭ കൗൺസിലർമാരായ ലിന്റാ ഫ്രാൻസിസ്, പി.റഹിയാനത്ത്, പഞ്ചായത്ത് അംഗം അശ്വിനി അശോക്, പി.ജെ.ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
സർവീസുകളും കടന്നു പോകുന്ന സ്ഥലങ്ങളും : ദിവസവും ആലപ്പുഴയിൽ നിന്നു രാവിലെ 6 നും ഉച്ചയ്ക്കു ശേഷം 2 നും അമൃത ആശുപത്രിക്കും അമൃത ആശുപത്രിയിൽ നിന്നു ആലപ്പുഴയ്ക്കു രാവിലെ 10 നും വൈകിട്ട് 5.50 നും – തുമ്പോളി , കാട്ടൂർ, അർത്തുങ്കൽ, അന്ധകാരനഴി, ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, തേവര, കുണ്ടന്നൂർ, വൈറ്റില ജംക്‌ഷൻ, ഇടപ്പള്ളി.ദിവസവും ആലപ്പുഴയിൽ നിന്നു രാവിലെ 7.30 നും ഉച്ചയ്ക്കു ശേഷം 1.20 നും എറണാകുളത്തിനും, എറണാകുളത്തു നിന്നു ആലപ്പുഴയ്ക്കു രാവിലെ 10.20 നും വൈകിട്ട് 4.20 നും– തുമ്പോളി, കാട്ടൂർ, അർത്തുങ്കൽ, അന്ധകാരനഴി, ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, തേവര.ഇതോടെ തീരദേശ റോഡ് വഴി ആലപ്പുഴയിൽ നിന്നും രാവിലെയുള്ള സർവീസുകളുടെ എണ്ണം നാലായി. കൂടാതെ രാവിലെ 7.10 ന് മുഹമ്മ, തണ്ണീർമുക്കം, വൈക്കം, തൃപ്പൂണിത്തുറ വഴി വൈറ്റില സർവീസും ലഭ്യമാണ്. 04772252501.