മുളക്കുഴ പഞ്ചായത്തിലെ പൊതുമരാമത്ത് എഇ ഓഫിസ് തകർച്ചയിൽ; തലയ്ക്കുമീതേ അപകടം
Mail This Article
ചെങ്ങന്നൂർ ∙ പഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് പണികളുടെയും ചുമതലയുണ്ടെങ്കിലും അടർന്നു വീഴുന്ന മേൽക്കൂരയ്ക്കു ചുവടെയിരുന്നു പണിയെടുക്കേണ്ട ഗതികേടിലാണ് മുളക്കുഴ പഞ്ചായത്തിലെ (പൊതുമരാമത്ത്) അസിസ്റ്റന്റ് എൻജിനീയറും സഹപ്രവർത്തകരും.
പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന എൽഎസ്ജിഡി സെക്‌ഷൻ (പൊതുമരാമത്ത്) അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം അപകടാവസ്ഥയിലായിട്ടു നാളേറെയായി. മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീണു ജീവനക്കാർക്കു പരുക്കേൽക്കുന്ന സാഹചര്യം ഉണ്ടായിട്ടും ഓഫിസ് മാറി പ്രവർത്തിക്കാൻ നടപടിയില്ലെന്നും ആക്ഷേപം ഉയരുന്നു.മേൽക്കൂരയിൽ കോൺക്രീറ്റ് അടർന്നു പോയിടത്തു കമ്പി തെളിഞ്ഞു കാണാം.
ഇതുവഴി മഴക്കാലത്തു ചോർച്ചയുമുണ്ട്. മുറിക്കുള്ളിൽ വെള്ളം നിറയുന്നതോടെ ഇവിടെയിരുന്നു ജോലി ചെയ്യാനാകാത്ത സ്ഥിതിയാണ്. ഫയലുകൾ നനയാതെ സൂക്ഷിക്കാനും പെടാപ്പാട് പെടുകയാണിവർ. അസി.എൻജിനീയർ ഉൾപ്പെടെ 5 ജീവനക്കാർ ഭയന്നാണ് ഓഫിസിനുള്ളിൽ കഴിയുന്നത്. മറ്റൊരു കെട്ടിടത്തിലേക്കു മാറി പ്രവർത്തനം ആരംഭിക്കണമെന്നാണ് ആവശ്യം.പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിനു വാഹനം ഇല്ലാത്തതും പ്രശ്നമാണ്. 6 മാസമായി വാഹനമില്ല. ഇതു മൂലം പരാതികൾ പരിശോധിക്കാൻ പോകാനും നിർവാഹമില്ലാത്ത സ്ഥിതിയാണ്.