പക്ഷിപ്പനി: കള്ളിങ് നടത്തിയ സ്ഥലങ്ങൾ പക്ഷികളെ വളർത്താമോ എന്നതിൽ ആശയക്കുഴപ്പം
Mail This Article
ആലപ്പുഴ∙ സംസ്ഥാനത്തു പക്ഷിപ്പനി സ്ഥിരീകരിച്ച് കള്ളിങ് നടത്തിയ സ്ഥലങ്ങളിൽ വീണ്ടും പക്ഷികളെ വളർത്തിത്തുടങ്ങാമോ എന്നതിൽ ആശയക്കുഴപ്പം. അടുത്ത മാർച്ച് 31 വരെ പുതിയ പക്ഷികളെ വളർത്തുന്നതിൽ നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താനാണു വിദഗ്ധസമിതി നിർദേശിച്ചത്. ഇതു സംബന്ധിച്ചു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. പല സ്വകാര്യ ഹാച്ചറികളും വീണ്ടും കോഴി, താറാവ് കുഞ്ഞുങ്ങളെ വിരിയിക്കാൻ തുടങ്ങി. ആലപ്പുഴ ജില്ലയിൽ വ്യാപകമായും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില താലൂക്കുകളിലുമാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടർന്നാണു സർക്കാർ നിർദേശപ്രകാരം വിദഗ്ധസമിതി ഇക്കാര്യം പഠിച്ച് ജൂലൈ 6 ന് റിപ്പോർട്ട് നൽകിയത്. ഇതിൽ ഇതുവരെ എന്തു നടപടിയെടുക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടില്ല. പക്ഷിപ്പനിയെത്തുടർന്നു കള്ളിങ്ങും (കൂട്ടത്തോടെ ശാസ്ത്രീയമായി കൊന്നൊടുക്കൽ) അണുനശീകരണവും കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം വീണ്ടും പക്ഷികളെ വളർത്തിത്തുടങ്ങുകയാണു നിലവിലെ നടപടിക്രമം. കഴിഞ്ഞ ഏപ്രിൽ 14നാണ് ആദ്യ പക്ഷിപ്പനി കേസ് റിപ്പോർട്ട് ചെയ്തത്. എടത്വ, ചെറുതന പഞ്ചായത്തുകളിൽ 19ന് കള്ളിങ് പൂർത്തിയാക്കി. 3 മാസം കഴിഞ്ഞതിനാൽ ഇനി ഇവിടെ പക്ഷികളെ വളർത്താവുന്നതാണ്. എന്നാൽ ഇത്തവണ രോഗകാരണമായ വൈറസ് മനുഷ്യനിൽ മരണം വരെ ഉണ്ടാക്കാവുന്ന വകഭേദമാണെന്നു കണ്ടെത്തിയതാണു കടുത്ത നിയന്ത്രണങ്ങളിലേക്കു വഴിവച്ചത്.
പക്ഷികളെ വളർത്താറായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
ആലപ്പുഴ ജില്ല പൂർണമായും കോട്ടയം, പത്തനംതിട്ട ജില്ലകൾ ഭാഗികമായും നിരീക്ഷണ മേഖലയായിരുന്നതിനാൽ ഉടനെയൊന്നും പക്ഷി വളർത്തൽ തുടങ്ങാനാകില്ലെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യം കർഷക സംഘടനകളെയും ഹാച്ചറി നടത്തിപ്പുകാരെയും അറിയിച്ചിരുന്നു. വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ സംബന്ധിച്ചു സംസ്ഥാന സർക്കാർ ഉത്തരവിറക്കി വ്യക്തത വരുത്തണമെന്നാണു കർഷരുടെ ആവശ്യം.8 മാസത്തെ നിരോധനം ഏർപ്പെടുത്തിയാൽ അക്കാലയളവിലേക്കു പകരം വരുമാന മാർഗം കണ്ടെത്തിത്തരണമെന്നും വായ്പകൾക്കു മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
സ്വകാര്യ ഹാച്ചറികൾ താറാവ് ഉൽപാദനം തുടങ്ങി
എടത്വ ∙ ജില്ലയിൽ പക്ഷിവളർത്തൽ പുനരാരംഭിക്കുന്നതു സംബന്ധിച്ചു സർക്കാർ ഉത്തരവ് വൈകുന്നതിനിടെ സ്വകാര്യ ഹാച്ചറികൾ താറാവ്, കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദനവും വിപണനവും തുടങ്ങി. തുടർച്ചയായും വ്യാപകമായും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അടുത്ത മാർച്ച് വരെ പുതിയ പക്ഷികളെ വളർത്തരുതെന്നാണു വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്.ഒട്ടേറെ ഹാച്ചറികളിൽ താറാവുകുഞ്ഞുങ്ങളെ വിരിയിക്കുകയാണ്. ഒരു കുഞ്ഞിന് 30 രൂപയ്ക്കാണു വിൽപന. കഴിഞ്ഞ സീസണിൽ 25 രൂപയായിരുന്നു. നിലവിൽ 30,000 താറാവു മുട്ടകൾ വിരിയിക്കാൻ പാകത്തിലുള്ള സ്വകാര്യ ഹാച്ചറികൾ ജില്ലയിലുണ്ട്. അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള നിരണത്തെ താറാവു വളർത്തൽ കേന്ദ്രത്തിലും തിരുവല്ല മഞ്ഞാടിയിലെ കേന്ദ്രത്തിലും ഉൽപാദനവും വിപണനവും നിർത്തിവച്ചിരിക്കുകയാണ്.