മരംവീണ് വീടുകൾ തകർന്നു; ഗൃഹനാഥയ്ക്ക് പരുക്ക്
Mail This Article
മാന്നാർ ∙ ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകൾ തകർന്നു ഗൃഹനാഥയ്ക്ക് പരുക്ക്, 3 വീടുകൾ തകർന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാന്നാറിലും പരിസരത്തും വീശിയടിച്ച ശക്തമായ കാറ്റും മഴയും മാന്നാർ പഞ്ചായത്ത് 1–ാം വാർഡിലെ തോട്ടുമാലിൽ ഓമന ലക്ഷ്മണൻ (57), ദാമോധരൻ (68) എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്. പരുക്കേറ്റ ഓമന ആശുപത്രിയിൽ ചികിത്സ തേടി. 8–ാം വാർഡിൽ കുരട്ടിക്കാട് തേവരുപറമ്പിൽ എം.ടി. ശ്രീരാമന്റെ വീടിന്റെ മുകളിലാണ് മരം വീണത്. ശ്രീരാമന്റെ ഭാര്യ അമ്മിണി പുറത്തേക്ക് ഓടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
മരം വീടിന്റെ പുറത്തേക്ക് വീണ് ഷീറ്റിൽ നിർമിച്ച വീട് പൂർണമായി തകർന്നു. ഓമനയുടെയും വീട് പൂർണമായും തകർന്നു. സമീപവാസി തോമസിന്റെ പുരയിടത്തിന്റെ മതിലും തകർന്നിട്ടുണ്ട്. വീടിന്റെ ഭിത്തികൾ രണ്ടായി പൊട്ടിയ നിലയിലാണ്. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുട്ടംപേരൂർ തൈച്ചിറ ഭാഗത്ത് റോഡിലേക്ക് മരം വീണു. വിവിധയിടങ്ങളിൽ മരം വീണതിനാൽ മാന്നാർ വൈദ്യുതി ഓഫിസിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി ലൈനുകളിൽ വ്യാപകമായ നാശം ഉണ്ടായി.