ADVERTISEMENT

ആലപ്പുഴ∙ മാന്നാർ ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയെന്ന കേസിലെ നിർണായക തെളിവായി പൊലീസ് കണ്ടെത്തിയ കാർ കലയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ചത്. 15 വർഷം മുൻപു പ്രതികൾ ഉപയോഗിച്ച ഈ കാറിന്റെ ഉടമസ്ഥത പലതവണ മാറിയെങ്കിലും ഒന്നു മാത്രം മാറിയില്ല. ആ വെള്ളനിറം. മാരുതി ആൾട്ടോ വെള്ളക്കാറാണു പ്രതികൾ ഉപയോഗിച്ചതെന്ന സൂചന അന്വേഷണത്തിൽ കിട്ടിയിരുന്നു. 

കലയുടെ ഭർത്താവും ഒന്നാം പ്രതിയുമായ അനിലിനു വേണ്ടി രണ്ടാം പ്രതിയും ബന്ധുവുമായ പ്രമോദാണ് ഈ കാർ വാടകയ്ക്ക് എടുത്തതെന്നു പൊലീസ് കണ്ടെത്തിയെങ്കിലും പ്രമോദ് ചോദ്യം ചെയ്യലിൽ അതു സമ്മതിച്ചിട്ടില്ല. എന്നാൽ വിദേശത്തു നിന്നു നാട്ടിലെത്തുന്ന അനിലിന്റെ ഉപയോഗത്തിനെന്നു പറഞ്ഞാണു പ്രമോദ് കാർ അന്നത്തെ ഉടമയായ മഹേഷിൽ നിന്നു വാടകയ്ക്കെടുത്തതെന്നു പൊലീസ് കണ്ടെത്തി.

കല കൊല്ലപ്പെട്ടതാണെന്ന സൂചന ലഭിച്ചതിനു പിന്നാലെ അനിൽ ഒഴികെയുള്ള പ്രതികൾ കസ്റ്റഡിയിലായപ്പോഴാണ് ഈ കാറിനെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയത്. മാന്നാർ പ്രദേശത്തു കാർ വാടകയ്ക്കു കൊടുക്കുന്നവരെപ്പറ്റിയുള്ള അന്വേഷണം പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മഹേഷിലേക്കെത്തി. ഇയാളുടെ വിവാഹ ആൽബത്തിൽ നിന്നു കാറിന്റെ ചിത്രം പൊലീസിനു ലഭിച്ചു.

വിവാഹത്തിനായി 2008ലാണ് മഹേഷ് കാർ വാങ്ങിയത്. പിന്നീടു വാടകയ്ക്കു കൊടുത്തിരുന്നു. മഹേഷ് കാർ വിറ്റതു തിരുവനന്തപുരം സ്വദേശിക്കാണെന്നു പൊലീസ് കണ്ടെത്തി. പിന്നീടു വാങ്ങിയ പലരും കാറിന്റെ ഉടമസ്ഥത രേഖകളിൽ മാറ്റിയിട്ടില്ല. അതുകൊണ്ട് ഔദ്യോഗിക രേഖകളിൽ 4 ഉടമകൾ മാത്രം. ഓരോരുത്തരെയും കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ കൊട്ടിയത്തു നിന്നു കാർ കണ്ടെത്തിയത്. ചാത്തന്നൂർ സ്വദേശിയിൽ നിന്നാണ് ഇപ്പോഴത്തെ ഉടമ ഒരു വർഷം മുൻപ് ഈ കാർ വാങ്ങിയത്.

English Summary:

Kala murder case : Accused's used car was found in Kottiyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com