ബംഗാൾ സ്വദേശിയുടെ മരണം കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ
Mail This Article
വള്ളികുന്നം ∙ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ബംഗാൾ സ്വദേശി സമയ് ഹസ്തയെ (22) സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് ബംഗാൾ ദക്ഷിൺ ദിനാജ്പുർ സ്വദേശി സനാധൻ ടുഡുവിനെ (24) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാവിലെയാണ് താളിരാടി തെക്കേത്തലയ്ക്കൽ ആലുവിളയിൽ മോഹനന്റെ എംഎസ് ഇഷ്ടിക ഫാക്ടറിയോടു ചേർന്ന് തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുന്നിൽ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിൽ കയർ കുരുങ്ങിയ പാട് കണ്ടു. തുടർന്ന് ഇയാളോട് ഒപ്പം ജോലി ചെയ്തിരുന്ന സനാധൻ ടുഡു, പ്രേം റോയി എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പൊലീസ് പറഞ്ഞത്: സുഹൃത്തുക്കളായ ഇരുവരും ഒരു വർഷമായി കോട്ടയം ചിങ്ങവനത്ത് ഒന്നിച്ച് താമസിച്ച് ജോലി ചെയ്യുകയായിരുന്നു. അഞ്ച് ദിവസം മുൻപാണ് താളിരാടിയിലെ ഇഷ്ടിക കമ്പനിയിൽ എത്തിയത്. രണ്ടാഴ്ച മുൻപ് സനാധൻ ടുഡുവിന്റെ മൊബൈൽ ഫോൺ നഷ്ടമായി. തുടർന്ന് സമയ്‌യുടെ ഫോൺ ഉപയോഗിച്ചാണ് സനാധൻ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്നത്.
ഫോൺ പരിശോധിച്ചപ്പോൾ സമയ് തന്റെ പെൺസുഹൃത്തുക്കളുമായി അടുപ്പമുണ്ടാക്കുന്നതായി സനാധൻ മനസ്സിലാക്കി. ഇതെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഞായറാഴ്ച ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. രാത്രി 10.30ന് കസേരയിൽ ഇരുന്ന് ഫോൺ നോക്കുകയായിരുന്ന സമയിന്റെ സമീപമെത്തിയ സനാധൻ കഴുത്തിൽ ചരട് മുറുക്കി സമയിയെ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ട് പൊലീസിൽ വിവരമറിയിച്ചത്. പ്രതിയെ വള്ളികുന്നം എസ്എച്ച്ഒ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.