ഇനിയൊരു പ്രളയം വന്നാൽ നമ്മൾ എങ്ങനെ അതിജീവിക്കും ? മുന്നൊരുക്കങ്ങൾ എന്തൊക്കെയാണ് ?
Mail This Article
ഓഗസ്റ്റിലെ മഴ ആലപ്പുഴയ്ക്കു ഭീതി നിറഞ്ഞ ഓർമയാണ്. 2018, 19 വർഷങ്ങളിൽ മഹാപ്രളയത്തിൽ ജില്ലയെ മുക്കിയത് ഓഗസ്റ്റിലെ അതിതീവ്രമഴയാണ്. വീണ്ടും ഒരു ഓഗസ്റ്റ് എത്തുമ്പോൾ മാനത്ത് ആശങ്കയുടെ കാർമേഘങ്ങൾ. വീണ്ടും തീവ്രമഴയെത്തിയാൽ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ജില്ല എന്തെല്ലാം മുൻകരുതൽ എടുത്തിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച നടപ്പാക്കുന്ന മുന്നൊരുക്കങ്ങൾ എന്തൊക്കെയാണ് എന്നറിയാം.
ജലമുയരുമ്പോൾ ക്യാംപുണരും
കിഴക്കൻ ജില്ലകളിൽ നിന്ന് പമ്പ, മണിമല, അച്ചൻകോവിൽ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് മഴക്കാലത്ത് ജില്ലയെ മുക്കുന്നത്. ഈ 3 നദികളിലെയും വേമ്പനാട് കായലിലെയും 13 കേന്ദ്രങ്ങളിലായി ജലനിരപ്പ് ദിവസവും ഒരു മണിക്കൂർ ഇടവിട്ടു ജലസേചന വകുപ്പ് പരിശോധിക്കും. വാണിങ് ലെവൽ, ഡെയ്ഞ്ചർ ലെവൽ, ഹൈ ഫ്ലഡ് ലെവൽ എന്നിങ്ങനെ 3 ജലനിരപ്പുകൾ ഓരോ പോയിന്റിലുമുണ്ട്.
ഏതെങ്കിലും പോയിന്റിൽ ജലനിരപ്പ് വാണിങ് ലെവലിൽ എത്തിയിട്ടുണ്ടെങ്കിൽ ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ട തഹസിൽദാറെ വിവരമറിയിക്കും. തഹസിൽദാർ വില്ലേജ് ഓഫിസർക്കും തദ്ദേശസ്ഥാപന സെക്രട്ടറിക്കും വിവരം കൈമാറും. ഇരുവരും ചേർന്ന് വെള്ളപ്പൊക്കം ബാധിക്കാൻ സാധ്യതയുള്ള പ്രദേശത്തെ വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റും.
മോട്ടറിന്റെ കുതിരശക്തി താഴേത്തട്ടിലെ ജനശക്തി
വെള്ളക്കെട്ട് അതിവേഗം പമ്പ് ചെയ്തു നീക്കാനായി 42 എച്ച്പി ശേഷിയുള്ള 5 പമ്പുകൾ വിദേശ ധനസഹായത്തോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വാങ്ങി ജില്ലയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിനു പുറമേ ജില്ലാ ദുരന്തനിവാരണ അതോറിറ്റി വാങ്ങിയ 32 എച്ച്പി ശേഷിയുള്ള 28 പമ്പുകളുമുണ്ട്. നിലവിൽ വിവിധ പാടശേഖരസമിതികൾക്ക് നൽകിയിട്ടുള്ള ഈ 28 പമ്പുകൾ വെള്ളപ്പൊക്കമുണ്ടായാൽ ദുരന്തനിവാരണ അതോറിറ്റി ഏറ്റെടുത്തു വെള്ളക്കെട്ട് നീക്കാൻ ഉപയോഗിക്കും. ഇത്തരം പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 20–30 അംഗങ്ങൾ വീതമുള്ള എമർജൻസി റെസ്പോൺസ് ടീം (ഇആർടി) രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ 8 ഫയർ സ്റ്റേഷനുകളുടെ കീഴിലും പൊതുജനങ്ങൾ അംഗങ്ങളായ ആപ്തമിത്ര എന്ന സംഘമുണ്ട്. ഓരോ സ്റ്റേഷനിലും 50 പേർ വീതം.
പൊളിച്ചത് 530 ഓരുമുട്ടുകൾ, ഇപ്പോൾ ഡ്രെയ്നേജ് പ്ലാൻ
മഴവെള്ളം അതിവേഗം ഒഴുകിപ്പോകാനായി കനാലുകളിലും തോടുകളിലുമെല്ലാം നീരൊഴുക്ക് സുഗമമാക്കുകയാണ് ഇപ്പോൾ നടക്കുന്ന പ്രളയ മുന്നൊരുക്കം. കൃഷിക്കുള്ള ജലസേചനത്തിലും മറ്റും നിർമിച്ച ഓരുമുട്ടുകൾ എന്നു വിളിക്കുന്ന താൽക്കാലിക ബണ്ടുകൾ പൊളിക്കലും ഇതിൽ പെടും. ജില്ലയിൽ ഇതുവരെ 530 ഓരുമുട്ടുകൾ പൊളിച്ചുമാറ്റിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വെള്ളപ്പൊക്കത്തിനു കാരണമാകുന്ന കനാലുകളും തോടുകളും മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള ഡ്രെയ്നേജ് പ്ലാൻ തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ 30 തോടുകളും കനാലുകളും ചെളിയും മാലിന്യവും നീക്കാനാണ് പദ്ധതി. ഓരോ നിയമസഭാ മണ്ഡലം പരിധിയിലും പ്രളയത്തിനു കാരണമാകുന്ന തോടുകളും കനാലുകളും കണ്ടെത്തിയാണ് ചെളിയും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്നത്. ഫ്ലോട്ടിങ് എസ്കവേറ്റർ ഉപയോഗിച്ചു തടസ്സങ്ങൾ നീക്കും. മഴവെള്ളവും കിഴക്കൻ വെള്ളവും കെട്ടിക്കിടക്കാതെ ഏതെല്ലാം കേന്ദ്രങ്ങളിലൂടെ ഒഴുകിപ്പോകുമെന്നു റൂട്ട് മാപ്പ് തയാറാക്കും.
431 ക്യാംപുകൾ, 3 സ്ഥിരം കേന്ദ്രങ്ങൾ
വീടുകളിൽ വെള്ളം കയറിയാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനായി 431 കെട്ടിടങ്ങൾ റവന്യു, തദ്ദേശ വകുപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. സ്കൂളുകളാണ് അധികവും. ഇതിനു പുറമേ 2019ലെ പ്രളയത്തിനു ശേഷം ലോകബാങ്ക് ധനസഹായത്തോടെ കുമാരപുരം, ചെറുതന, മാരാരിക്കുളം എന്നിവിടങ്ങളിൽ ദുരിതാശ്വാസ അഭയകേന്ദ്രങ്ങൾ (സൈക്ലോൺ ഷെൽറ്റർ) നിർമിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 700 പേർക്കു താമസിക്കാനുള്ള സൗകര്യമുണ്ട്.