ഇനിയെല്ലാം ഡിജിറ്റൽ; ഒറ്റ റജിസ്ട്രേഷൻ സർക്കാർ ഹോമിയോപ്പതി സ്ഥാപനത്തിലേക്ക്
Mail This Article
പുലിയൂർ ∙ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എഎച്ച്ഐഎംഎസ്) നിലവിൽ വന്നു. ഡിസ്പെൻസറിയിൽ എത്തുന്ന രോഗികൾക്ക് ഒപി റജിസ്ട്രേഷൻ മുതൽ മരുന്നു വിതരണം വരെ ഡിജിറ്റൽ ആയിട്ടാണ് പ്രവർത്തിക്കുക. ടോക്കൺ എടുത്ത് ഒപി റജിസ്ട്രേഷൻ നടത്തുമ്പോൾ തന്നെ ഡോക്ടറുടെ കംപ്യൂട്ടറിൽ രോഗിയെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങൾ ലഭിക്കും. ഡോക്ടർ രോഗിയെ പരിശോധിച്ച് മരുന്നു വിവരങ്ങൾ ഫാർമസിയിലെ കംപ്യൂട്ടറിലേക്കു നൽകുകയും അതനുസരിച്ചു രോഗിക്കു മരുന്നു നൽകുകയും ചെയ്യും.
റജിസ്റ്റർ ചെയ്യുന്ന ആളുകൾ കേരളത്തിൽ ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഏതു സർക്കാർ ഹോമിയോപ്പതി സ്ഥാപനത്തിൽ ചികിത്സ തേടിയാലും അതു വരെയുള്ള എല്ലാ ചികിത്സാ വിവരങ്ങളും ലഭിക്കുന്ന വിധത്തിലാണ് ഹോമിയോപ്പതി വകുപ്പ് എഎച്ച്ഐഎംഎസ് രൂപകൽപന ചെയ്തിരിക്കുന്നത്. റജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികളും അടുത്ത ഘട്ടത്തിൽ ഉണ്ടാകും.ഓഫിസുകൾ കടലാസ് രഹിതം ആക്കുന്നതോടൊപ്പം ഗുണമേൻമയുള്ള സേവനം കാര്യക്ഷമതയോടെ ലഭ്യമാക്കാനും ഈ സംവിധാനം സഹായിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ സരിതാ ഗോപൻ, പഞ്ചായത്തംഗം മഞ്ജു യോഹന്നാൻ എന്നിവർ പങ്കെടുത്തു.