പിജി വിദ്യാർഥിനിയുടെ കൊലപാതകം:സർക്കാർ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും
Mail This Article
ആലപ്പുഴ ∙ കൊൽക്കത്തയിലെ ആർ.ജി.കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഇന്നു രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും. നാളെ രാവിലെ 6ന് അവസാനിക്കുന്ന പണിമുടക്കിൽ ഒപി ബഹിഷ്കരിക്കുമെങ്കിലും അടിയന്തര സേവനങ്ങൾ മുടക്കില്ലെന്നു സംഘാടകർ അറിയിച്ചു. യോഗങ്ങളിലും മറ്റും പങ്കെടുക്കില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും മുടങ്ങാൻ സാധ്യതയുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നത്തെ സമരത്തിനു മുന്നോടിയായി അടിയന്തര ശസ്ത്രക്രിയകൾ മാറ്റിയിട്ടുണ്ട്.ഇന്നലെ സർക്കാർ ആശുപത്രികളിൽ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം പ്രതിഷേധ യോഗങ്ങൾ ചേർന്നു.പിജി വിദ്യാർഥികളുടെ സമരത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപിയുടെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു.
സമരം അറിയാതെ രോഗികൾ എത്തിയിരുന്നു. അത്യാഹിതം, ലേബർ മുറി, ശസ്ത്രക്രിയാ തിയറ്റർ എന്നിവിടങ്ങളിൽ പിജി വിദ്യാർഥികൾ സഹായത്തിന് എത്തിയത് രോഗികൾക്ക് ആശ്വാസമായി. കൊല്ലപ്പെട്ട വിദ്യാർഥിനിക്ക് ആദരമർപ്പിച്ചു പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും കോളജ് വളപ്പിൽ വൈകിട്ടു ദീപം തെളിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ. എസ്.ശരത് നേതൃത്വം നൽകി.
പ്രതിഷേധിച്ചു
അമ്പലപ്പുഴ ∙ ആരോഗ്യ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേരള ഗവ.നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റി കരിദിനവും പ്രതിഷേധാഗ്നിയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ് അധ്യക്ഷയായി. ഡപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി ഉദ്ഘാടനം ചെയ്തു. ആർ.രാധിക, സി.കെ. അമ്പിളി, കെ.കെ. മേരി, രാജൻ എന്നിവർ പ്രസംഗിച്ചു.