ആഞ്ഞടിച്ച് പ്രതിഷേധം; ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു
Mail This Article
ആലപ്പുഴ∙ കൊൽക്കത്ത ആർ.ജി.കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനി ലൈംഗിക പീഡനത്തെത്തുടർന്നു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു.ഇന്നലെ രാവിലെ 6ന് ആരംഭിച്ച പണിമുടക്ക് ഇന്നു രാവിലെ 6 വരെയാണ്. സമരം നേരത്തേ അറിയിച്ചിരുന്നതിനാൽ മിക്കയിടത്തും ഒപിയിൽ രോഗികൾ കുറവായിരുന്നു. ചിലയിടങ്ങളിൽ ഡോക്ടർമാർ ഒപി പൂർണമായും ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗം തടസ്സപ്പെട്ടില്ല.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏതാനും ഒപികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ വിഭാഗം എന്നിവയെല്ലാം മുടക്കമില്ലാതെ പ്രവർത്തിച്ചു. കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ. മെഡിക്കൽ പിജി സ്റ്റുഡന്റ് അസോസിയേഷൻ, ഹൗസ് സർജന്റ്സ് അസോസിയേഷൻ, കേരള ഗവ.സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ, നഴ്സുമാരുടെ സംഘടനകൾ എന്നിവയെല്ലാം സമരത്തിൽ പങ്കുചേർന്നിരുന്നു.
വിദ്യാർഥികൾ എംബിബിഎസ്, പിജി ക്ലാസുകൾ ബഹിഷ്കരിച്ചു.ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഒപികൾ ഒന്നും പ്രവർത്തിച്ചില്ല. അത്യാഹിത വിഭാഗത്തിൽ രണ്ടു ഡോക്ടർമാരെ അധികം നിയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചത്. ഡോക്ടർമാർ വാർഡ് ഡ്യൂട്ടിക്ക് എത്തിയതിനാൽ കിടത്തിച്ചികിത്സയിലുള്ളവരെ ബാധിച്ചില്ല. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളും നടന്നു. കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രണ്ടു ഡോക്ടർമാരെ അധികം നിയോഗിച്ചിരുന്നു. ഒപികൾ പ്രവർത്തിച്ചില്ല. ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികളിലും ഒപി പൂർണമായി മുടങ്ങി. അത്യാഹിത വിഭാഗം, കിടപ്പുരോഗികളുടെ ചികിത്സ എന്നിവ തടസ്സപ്പെട്ടില്ല.സമരത്തിന് ഐക്യദാർഢ്യവുമായി ഡെന്റൽ ഡോക്ടർമാരും പണിമുടക്കി. ആശുപത്രികളിലും ക്ലിനിക്കുകളിലും അടിയന്തര ചികിത്സ മാത്രമാണു നൽകിയത്.
കലക്ടറേറ്റ് മാർച്ചും ധർണയും
ആലപ്പുഴ∙ കൊൽക്കത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, കെജിഎംഒഎ, കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ്‌വർക് എന്നിവയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ഐഎംഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ഉമ്മൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ.എ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.കെജിഎംഒഎ പ്രസിഡന്റ് ഡോ.സാബു സുഗതൻ, ഐഎംഎ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ.മനീഷ് നാഥ്, സെക്രട്ടറി ഡോ.എൻ.അരുൺ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.ജ്യോതിഷ്, ഡോ.കെ.പി.ദീപ, ആൻസി മോത്തിസ്, ഡോ. ജയശങ്കർ എന്നിവർ പ്രസംഗിച്ചു. ജനറൽ ആശുപത്രിയിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ സമാപിച്ചു.