പ്രതിഷ്ഠാ ദിനത്തിൽ പാർഥസാരഥിക്ക് പള്ളിയോടങ്ങളുടെ സമർപ്പണം
Mail This Article
ആറന്മുള ∙ ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിൽ ആചാരപ്പെരുമ വിടാതെ പമ്പാനദിയിൽ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര. ഇത്തവണത്തെ ഉത്തൃട്ടാതി ജലോത്സവം കന്നിമാസത്തിലായതിനാൽ പാർഥസാരഥിയുടെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലെ ആചാരം പാലിക്കുന്നതിനാണ് പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ജലഘോഷയാത്ര നടത്തിയത്.
ആറന്മുളേശ്വരന്റെ പിറന്നാൾ ദിനത്തിൽ അമരത്ത് വർണച്ചാർത്ത് അണിഞ്ഞ് ദേവക്കൊടിയും മുത്തുക്കുടയും ചൂടി വഞ്ചിപ്പാട്ടിന്റെ താളത്തിൽ തുഴയെറിഞ്ഞ് പള്ളിയോടത്തിൽ എത്തി ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പള്ളിയോടക്കരകൾ. 21 പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ പങ്കെടുത്തു. ആദ്യം ബി ബാച്ചിലെയും തുടർന്ന് എ ബാച്ചിലെയും പള്ളിയോടങ്ങൾ സത്രക്കടവിൽനിന്ന് പരപ്പുഴക്കടവിലേക്കു നീങ്ങി.
അവിടെനിന്നു പാർഥസാരഥി ക്ഷേത്രക്കടവിലേക്കും. തുടർന്ന് തോട്ടത്തിൽ രവീന്ദ്രൻനായർ വഴിപാടായി സമർപ്പിച്ച അവിൽ പൊതിയും പഴവും വെറ്റിലയും പുകയിലയും പള്ളിയോടങ്ങൾ സ്വീകരിച്ചു. പ്രത്യേക വള്ളംകളിയിൽ മധുക്കടവിൽ ‘ഹരിയോ..ഹര..’ പാടി ആദ്യമെത്തിയത് മംഗലം പള്ളിയോടമാണ്. പിന്നാലെ തോട്ടപ്പുഴശേരിയും. ജലഘോഷയാത്ര വീക്ഷിക്കാൻ സത്രക്കടവിലും പാർഥസാരഥി ക്ഷേത്രക്കടവിലും തോട്ടപ്പുഴശേരി കടവിലും ഒട്ടേറെപ്പേർ എത്തിയിരുന്നു.
ഇടശേരിമല, ഇടശേരിമല കിഴക്ക്, ചിറയിറമ്പ്, കീഴ്‌വന്മഴി, നെടുംപ്രയാർ, മല്ലപ്പുഴശേരി, മാരാമൺ, മാലക്കര, കോയിപ്രം, ളാക-ഇടയറന്മുള, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, മംഗലം, പൊന്നുംതോട്ടം, ആറാട്ടുപുഴ, ഇടക്കുളം, പുല്ലൂപ്രം, ഇടപ്പാവൂർ, മുതുവഴി, തോട്ടപ്പുഴശ്ശേരി എന്നീ പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുത്തു. ഇതിനു മുൻപ് 2014ലാണ് ആചാര ജലമേള നടന്നതെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു.
ജലഘോഷയാത്ര അദ്ദേഹം ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ.സന്തോഷ്, രഘുനാഥ്, അജി ആർ.നായർ, പി.വിജയകുമാർ, പാർഥസാരഥി പിള്ള, മുരളി ജി.പിള്ള, രവീന്ദ്രൻ നായർ, ഡോ.സുരേഷ് ബാബു, ശശികുമാർ, സുരേഷ്കുമാർ, രവീന്ദ്രൻ നായർ, മോഹൻ ജി.നായർ, പി.ആർ.ഷാജി, റേസ് കമ്മിറ്റി കൺവീനർ ബി.കൃഷ്ണകുമാർ, റെസ്ക്യൂ കൺവീനർ അനൂപ് ഉണ്ണിക്കൃഷ്ണൻ, ജയേഷ് ഇടനാട് എന്നിവർ പങ്കെടുത്തു.