ADVERTISEMENT

 തൃക്കുന്നപ്പുഴ∙ ഒന്നര പതിറ്റാണ്ടായി പാനൂർ നിവാസികൾ അനുഭവിക്കുന്ന കടലാക്രമണ ദുരിതത്തിന് താൽക്കാലിക പരിഹാരമാകുന്നു. ഗുരുതര ഭീഷണി നേരിടുന്ന പുത്തൻപുര ജംക്‌ഷനു പടിഞ്ഞാറ് ഭാഗത്താണ് 32 ലക്ഷം രൂപ ചെലവഴിച്ച് ജിയോ ബാഗ് അടുക്കിയുള്ള കടൽഭിത്തി നിർമാണം നടക്കുന്നത്. പാനൂർ വടക്ക് പുത്തൻപുരക്കൽ ജംക്‌ഷന് പടിഞ്ഞാറു മുതൽ വടക്കോട്ടു തോപ്പിൽ ജംക്‌ഷൻ വരെയുള്ള 600 മീറ്റർ ഭാഗത്ത് കടൽഭിത്തിയും അതിനു സാമാന്തരമായിട്ടുള്ള തീരദേശ റോഡും തകർന്നിട്ട് 15 വർഷത്തോളമായി. പിന്നീട് കടലാക്രമണത്തിന്റെ നിത്യ ദുരിതം പേറുന്ന പ്രദേശമായി ഇത് മാറി. 

2021ൽ ഉണ്ടായ കടലാക്രമണത്തിൽ ഇവിടെ നാമമാത്രമായി അവശേഷിച്ച റോഡും വീടുകളും കടലെടുത്തതോടെ പ്രദേശം ഒറ്റപ്പെട്ടു. 15-ാം വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റെജിലയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തിന്റെ ദുരിതാവസ്ഥ ബോധ്യപ്പെടുത്തുന്നതിന് ഒട്ടേറെ തവണ സെക്രട്ടേറിയറ്റിലും ജലവിഭവ വകുപ്പ് മന്ത്രിയുടെയും മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും എംഎൽഎയുടെയും ഓഫിസുകൾ കയറിയിറങ്ങിയത്. പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും ഇടപെടലുകൾ നടത്തി. എന്നാൽ നിരാശയായിരുന്നു ഫലം. 2023ൽ ലോകബാങ്ക് സഹായത്തോടെയുള്ള ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് കടൽഭിത്തിയോട് കൂടി നിർമിക്കുന്നതിനു 20 കോടി രൂപയുടെ പദ്ധതി തയാറാക്കിയത് പ്രതീക്ഷ നൽകി. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല. 

പ്രദേശത്തിന്റെ അപകടാവസ്ഥയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതോടെയാണ് ജിയോ ബാഗിൽ മണൽ നിറച്ച് തീരം സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് 32 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ നിർമാണ പ്രവർത്തനം പുത്തൻപുരക്കൽ ജംക്‌ഷന് പടിഞ്ഞാറ് ഭാഗത്ത് പുരോഗമിക്കുകയാണ്. 50 മീറ്റർ പൂർത്തീകരിച്ചു. ശേഷിക്കുന്ന 150 മീറ്റർ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. മണൽ ക്ഷാമം മൂലം ഇടയ്ക്ക് നിർമാണം മുടങ്ങിയിരുന്നു. പഞ്ചായത്ത് നേതൃത്വം ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com