കുറ്റിക്കൽപടിക്കു സമീപം ഉത്തരപ്പള്ളിയാറ്റിൽ മാലിന്യം തള്ളൽ പതിവ് മറക്കരുത്, പുഴയാണ്
Mail This Article
വെൺമണി∙ കുറ്റിക്കൽപടിക്കു സമീപം ഉത്തരപ്പള്ളിയാറ്റിൽ മാലിന്യം തള്ളിയിരിക്കുന്നതു കണ്ടാൽ സഹിക്കില്ല. പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച ഡയപ്പറുകളും എന്നു വേണ്ട നാട്ടിലെ സകലമാലിന്യവും ആറ്റിലുണ്ട്. കടകളിലെയും വീടുകളിലെയും മാലിന്യത്തിനു പുറമേ ഹോട്ടലുകളിലെയും മത്സ്യ–മാംസ വിൽപനശാലകളിലെയും മാലിന്യം ആറ്റിൽ തള്ളിയിരിക്കുന്നതു കാണാം. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ മഴക്കാലത്തു പോലും ഒഴുക്കില്ലാത്ത സ്ഥിതിയാണ്. വേനൽക്കാലത്തു കനത്ത ദുർഗന്ധവും നാട്ടുകാരെ വലയ്ക്കുന്നു. ആറിന്റെ തീരത്തെ താമസക്കാർക്കും റോഡിലൂടെ കടന്നു പോകുന്ന യാത്രക്കാർക്കും ഒരുപോലെ ദുരിതമാണ്.
വെൺമണിയിൽ അച്ചൻകോവിലാറ്റിൽ നിന്നുത്ഭവിച്ചു ബുധനൂർ ഇല്ലിമലയിൽ പമ്പയാറ്റിൽ അവസാനിച്ചിരുന്ന നദിയാണ് ഉത്തരപ്പള്ളിയാർ. മാലിന്യം തള്ളലും കയ്യേറ്റവും മൂലം ആറിന്റെ ഒഴുക്ക് ഇല്ലാതായിട്ടു വർഷങ്ങളേറെയായി. വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിലൂടെയാണു നദി കടന്നു പോകുന്നത്.ചാലഞ്ച് പഞ്ചായത്തിന് അടിയന്തരമായി മാലിന്യം നീക്കം ചെയ്യാൻ നടപടി വേണം. മാലിന്യം തള്ളുന്നവരെ പിടികൂടി കർശന നടപടി സ്വീകരിക്കണം. മാലിന്യം തള്ളുന്നതു ചെറുക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.