ചോരക്കുഞ്ഞിനെ ഏറ്റുവാങ്ങി സ്വന്തം വീട്ടിൽ കൊണ്ടുപോയി; രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി
Mail This Article
ചേർത്തല ∙ പള്ളിപ്പുറത്ത് കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ പ്രസവിച്ച പള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് കായിപ്പുറത്തു വീട്ടിൽ ആശ(35), സുഹൃത്ത് പള്ളിപ്പുറം രാജേഷാലയത്തിൽ രതീഷ് (39) എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ആശയാണ് ഒന്നാം പ്രതി. വിവാഹേതര ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം.
ആശയിൽ നിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി സ്വന്തം വീട്ടിൽ കൊണ്ടുപോയാണു രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.ആശയെ ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത് കൊട്ടാരക്കര വനിതാ ജയിലിലേക്കും രതീഷിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും മാറ്റി. തെളിവെടുപ്പിനായി പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ഏറ്റുവാങ്ങി സംസ്കാരം നടത്തി.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ആശ 26 ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. 31 ന് ആശുപത്രി വിട്ടു. രണ്ടിന് ആശയെ തിരക്കി വീട്ടിലെത്തിയ ആശാ പ്രവർത്തകയോടു കുഞ്ഞിനെ ദത്ത് കൊടുത്തെന്നാണ് ആശ പറഞ്ഞത്.സംശയം തോന്നി അവർ പഞ്ചായത്ത് അധികൃതരെയും പൊലീസിലും വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണമാണു കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.
ആശ ഗർഭിണിയാണെന്നും കുഞ്ഞ് തന്റേതല്ലെന്നും ഭർത്താവിന് അറിയാമായിരുന്നു. കുട്ടിയുമായി വീട്ടിലേക്കു വരേണ്ടെന്നു ഭർത്താവ് പറഞ്ഞെന്ന് ആശ പൊലീസിൽ മൊഴി നൽകി.ഭാര്യയും കുട്ടിയുമുള്ള രതീഷും കുഞ്ഞിനെ ഏറ്റെടുക്കാൻ തയാറായില്ല.അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്നു തീരുമാനിച്ചതെന്നാണു സൂചന.
കുഞ്ഞുമൊത്ത് ഒരു പകൽ മുഴുവൻ ഓട്ടോയിൽ
31ന് രാവിലെ പതിനൊന്നോടെ ആശ ആശുപത്രി വിട്ടു. അന്നു രാത്രി എട്ടരയാകുന്നതു വരെ ഇരുവരും ചോരക്കുഞ്ഞുമൊത്ത് ഓട്ടോയിൽ കറങ്ങുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊണ്ടുപോകാൻ സഞ്ചിയും പൊതിയാൻ തുണിയും ഇതിനിടെ വാങ്ങി. ഈ കടകളിലെല്ലാം പ്രതികളെ കൊണ്ടുപോയി പൊലീസ് തെളിവെടുത്തിരുന്നു.
ജോലി കഴിഞ്ഞ് ഭാര്യ വീട്ടിലെത്തുന്നതിനു മുൻപ് കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടാനാണു രതീഷ് പദ്ധതിയിട്ടതെന്നു പൊലീസ് അറിയിച്ചു. ഭാര്യ ഇടയ്ക്കു ഫോണിൽ വിളിച്ചെങ്കിലും ഇയാൾ എടുത്തില്ല. സഞ്ചിയിൽ കുഞ്ഞുമായി രതീഷ് വീട്ടിലെത്തി മൂക്കും വായും പൊത്തിപ്പിടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി.
ശുചിമുറിക്കു പുറത്തായി കുഴിയെടുത്ത് കുഞ്ഞിന്റെ ജഡം മറവു ചെയ്തു. കുഞ്ഞിനെ കൈമാറിയ ശേഷം ആശ സ്വന്തം വീട്ടിലേക്കും മടങ്ങി. രതീഷ് കൊല്ലാനാണു കുഞ്ഞിനെ കൊണ്ടുപോകുന്നത് എന്ന് ആശയ്ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഇരുവർക്കുമെതിരെയും ഭാരതീയ ന്യായസംഹിത 103(1) പ്രകാരം കൊലക്കുറ്റമടക്കമാണു ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ ചോരക്കുഞ്ഞിനു നേരെയും കുട്ടികൾക്കു നേരെയുമുള്ള അതിക്രമങ്ങളുടെ 91,93,94,3(5) വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ചേർത്തല സ്റ്റേഷൻ ഓഫിസർ ജി.അരുണിന്റെയും എസ്ഐ: കെ.പി.അനിൽ കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.