ADVERTISEMENT

ആലപ്പുഴ∙ പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയും. നിയന്ത്രണമുള്ള പ്രദേശങ്ങളിൽ നിലവിലുള്ള വളർത്തു പക്ഷികളുടെ ഇറച്ചിയും മുട്ടയും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാമെങ്കിലും മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ വളർത്താനോ വളർത്താനായി പക്ഷിക്കുഞ്ഞുങ്ങളെ ഇങ്ങോട്ടു കൊണ്ടുവരാനോ പാടില്ലെന്നാണു നിർദേശം. മുട്ട ഭക്ഷ്യയോഗ്യമെങ്കിൽ, അതു വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് എന്താണു പ്രശ്നമെന്നാണു കർഷകരുടെ സംശയം. 

വിദഗ്ധർ അതിനു മറുപടി നൽകുന്നത് ഇങ്ങനെ:  പ്രശ്നം ‘അതിഥിപ്പക്ഷികൾ’
ദേശാടനപ്പക്ഷികളാണു രോഗകാരണമായ വൈറസ് കൊണ്ടുവരുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിയന്ത്രണം. ദേശാടനപ്പക്ഷികൾ ഏറ്റവും കൂടുതലായി എത്തുന്ന മാസങ്ങളിൽ  നിയന്ത്രിതമേഖലയിൽ വളർത്തുപക്ഷികളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യമെന്നു മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധർ അറിയിച്ചു. നിലവിൽ രോഗബാധയില്ലാത്തതിനാൽ ഇറച്ചിയും മുട്ടയും കഴിക്കുന്നതിനു തടസ്സമില്ല.

പുറത്തുനിന്നു കൊണ്ടുവന്നാലും വളർത്തുപക്ഷികളുടെ എണ്ണം കൂടുമെന്നതിനാലാണ് അതിനും നിരോധനം ഏർപ്പെടുത്തിയത്. ദേശാടനപ്പക്ഷികളെ ‘പേടിച്ച്’ എത്രകാലം  വളർത്തുപക്ഷികളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്ന ചോദ്യത്തിന് മൃഗസംരക്ഷണ വകുപ്പിനും ഉത്തരമില്ല. ഡിസംബർ 31 വരെയാണു   നിയന്ത്രണം. ഇതിനു ശേഷം വളർത്തു പക്ഷികളുടെ എണ്ണം വർധിച്ചാൽ രോഗബാധയുണ്ടാകില്ലേ എന്ന ചോദ്യത്തിന്, ഒരു വർഷത്തേക്കു രോഗബാധ ഇല്ലാതാക്കാനാണ് ആദ്യശ്രമമെന്നാണു മറുപടി.

11ന് യോഗം 
കഴിഞ്ഞ ഏപ്രിൽ മുതൽ 3 മാസം നീണ്ട പക്ഷിപ്പനി വ്യാപനത്തിനും തുടർന്ന് 3 മാസത്തെ നിയന്ത്രണങ്ങൾക്കും ശേഷം കർഷകർ വീണ്ടും കോഴി, താറാവു വളർത്തലിലേക്കു നീങ്ങുമ്പോഴാണു കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചത്. കോഴി, താറാവ് വ്യാപാര മേഖലയെ തകർക്കുന്നതാണു നിയന്ത്രണമെന്ന പരാതി ഉയർന്നു. 2014 മുതൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത്രയും കടുത്ത നിയന്ത്രണം ആദ്യമായതിനാൽ എങ്ങനെ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പിന് ആശങ്കയുണ്ട്. കർഷകരിൽ നിന്നു കനത്ത പ്രതിഷേധം ഉണ്ടാകും.

ആദ്യഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ വഴി കർഷകർക്കും ഹാച്ചറികൾക്കും നോട്ടിസ് നൽകും. പുറത്തു നിന്നു വളർത്തുപക്ഷികളെ കൊണ്ടുവരുന്നതു തടയണമെങ്കിൽ പൊലീസിന്റെയും മറ്റും സഹായം വേണം. നിയന്ത്രണം എങ്ങനെ നടപ്പാക്കണമെന്ന് ആലോചിക്കാൻ കലക്ടർ 11 ന് വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിനു പുറമെ തദ്ദേശം,പൊലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുക്കും.

ചിക്കൻ വ്യാപാരം പ്രതിസന്ധിയിലാകും
 നിയന്ത്രണം ചിക്കൻ വ്യാപാര മേഖലയെ തകർക്കും.  കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ഇവിടെ കൊണ്ടുവന്ന് വളർത്തി വിൽക്കുകയാണ് ജില്ലയിലെ ഇറച്ചിക്കോഴി ഫാമുകൾ ചെയ്യുന്നത്. മറ്റു ജില്ലകളിലെ ഫാമുകളിൽ നിന്ന് ഇറച്ചിക്കോഴികളെയും ഇവിടത്തെ ചിക്കൻ കടകളിലേക്ക്  കൊണ്ടുവരുന്നു. നിയന്ത്രണം വരുന്നതോടെ ജില്ലയ്ക്കു പുറത്തുനിന്ന് കോഴിക്കുഞ്ഞുങ്ങളെയും ഇറച്ചിക്കോഴികളെയും കൊണ്ടുവരാനാകില്ല. കോഴി ഫാം നടത്തിപ്പുകാരും ചിക്കൻ വ്യാപാരികളും ഒരുപോലെ പ്രതിസന്ധിയിലാകും. ജില്ലയിലും കോഴിയിറച്ചി ക്ഷാമം വരും. ഇതു ഹോട്ടൽ, കേറ്ററിങ് മേഖലയെയും ബാധിക്കും. ശീതീകരിച്ച  ഇറച്ചി കൊണ്ടുവരുന്നതിന് നിയന്ത്രണമില്ല. 

താറാവുകർഷകര്‍ക്ക് ദുരിതം
 ജില്ലയിൽ ഓരോ വർഷവും നാലു ലക്ഷത്തോളം താറാവുകളെയാണു മുട്ടയ്ക്കും ഇറച്ചിക്കുമായി വിരിയിച്ച് ഇറക്കുന്നത്. ഏകദേശം 450 താറാവു കർഷകർ ജില്ലയിലുണ്ട്. പുതിയ പക്ഷികളെ വളർത്തി വിൽക്കാനാകാത്ത സ്ഥിതി വന്നാൽ ഈ മേഖലയിൽ മാത്രം 2000 കുടുംബങ്ങളുടെ വരുമാനം നിലയ്ക്കും. ക്രിസ്മസ് സീസണിലെ താറാവ് കച്ചവടം ഇല്ലാതെയാകും. 

ഹാച്ചറികൾക്കും വിന
മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയും 6 സ്വകാര്യ ഹാച്ചറികളും ജില്ലയിലുണ്ട്. ഇവിടെ അടവച്ച മുട്ടകൾ നശിപ്പിക്കാനാണു നിർദേശം.  50,000 കോഴിക്കുഞ്ഞുങ്ങളും 15,000 കാടക്കുഞ്ഞുങ്ങളുമാണു ചെങ്ങന്നൂർ ഹാച്ചറിയിൽ ഒരു മാസം വിരിഞ്ഞിറങ്ങുന്നത്. ഡിസംബർ 31 വരെയുള്ള നിയന്ത്രണം കഴിഞ്ഞു ഹാച്ചറികൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങാൻ 6 മാസമെങ്കിലും എടുക്കും.

English Summary:

New government restrictions in Alappuzha aimed at curbing bird flu have sparked confusion and worry among poultry farmers. While consuming existing poultry meat and eggs is permitted, hatching eggs and bringing in new chicks are banned within control zones. Farmers question the logic behind this discrepancy, highlighting the potential economic impact.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com