ആദ്യ കിരീടത്തിന്റെ സുവർണ ജൂബിലിയിൽ വീണ്ടും കാരിച്ചാൽ; 50 വർഷത്തിനിടെ നേടിയത് 16 നെഹ്റു ട്രോഫി
Mail This Article
ആലപ്പുഴ∙പുന്നമടയിൽ അശ്വമേഥം തുടരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മികവിൽ എഴുപതാം നെഹ്റു ട്രോഫിയിൽ വിജയിച്ച കാരിച്ചാൽ ചുണ്ടന് അത്യപൂർവ നേട്ടം. ആദ്യ നെഹ്റു ട്രോഫി നേടിയതിന്റെ അൻപതാം വർഷമാണ് കാരിച്ചാലിന്റെ പതിനാറാം കിരീടധാരണം. 1974ൽ ആയിരുന്നു വള്ളത്തിന്റെ ആദ്യ നെഹ്റു ട്രോഫി വിജയം. 1970 സെപ്റ്റംബർ എട്ടിനായിരുന്നു കാരിച്ചാൽ നീരണഞ്ഞത്. ആദ്യ മൂന്ന് നെഹ്റു ട്രോഫിയിലും മികച്ച പ്രകടനം നടത്തിയെങ്കിലും കിരീട നേട്ടമുണ്ടായില്ല. 1974ൽ പി.സി. ജോസഫിന്റെ നേതൃത്വത്തിൽ ഫ്രണ്ട്സ് ബോട്ട് ക്ലബ് ചേന്നംകരി ആൻഡ് വേണാട്ടുകാടാണ് ആദ്യ നെഹ്റു ട്രോഫി നേടിക്കൊടുത്തത്. ഓണാട്ടുകരയുടെ ഭാഗമായ അപ്പർ കുട്ടനാട്ടിൽ നിന്ന് ഒരു ചുണ്ടൻ വള്ളം ആദ്യമായി നെഹ്റു ട്രോഫി നേടിയതും അന്നായിരുന്നു. അടുത്ത വർഷവും എഫ്ബിസി- കാരിച്ചാൽ കൂട്ടുകെട്ടു തന്നെ ജേതാക്കളായി. എന്നാൽ ഹാട്രിക് വർഷമായ 1976ൽ യുബിസി കൈനകരിയാണ് കാരിച്ചാൽ തുഴഞ്ഞു വിജയിച്ചത്. ക്യാപ്റ്റൻ പി.കെ. തങ്കച്ചൻ. 1980ൽ കെ. രാമചന്ദ്രൻ നയിച്ച പുല്ലങ്ങടി ബോട്ട് ക്ലബും കാരിച്ചാലിനെ ജേതാക്കളാക്കി.
1982ൽ രൂപംകൊണ്ട കാരിച്ചാലും കുമരകം ബോട്ട് ക്ലബും നെല്ലാനിക്കൽ പാപ്പച്ചൻ എന്ന ക്യാപ്റ്റനും ചേർന്ന സഖ്യം തുടരെ 3 വർഷം പുന്നമട അടക്കിവാണു. കാരിച്ചാലിന് രണ്ടാം ഹാട്രിക് (1982-84). സണ്ണി അക്കരക്കളം ക്യാപ്റ്റനായി വില്ലേജ് ബോട്ട് ക്ലബ് കൈനകരി 1986ലും 87ലും കാരിച്ചാലിൽ തുടർ വിജയം നേടിയെങ്കിലും ഹാട്രിക് നേടാനാകാതെ 88ൽ കീഴടങ്ങി. ആ പരാജയം കാരിച്ചാലിനും വലിയ തിരിച്ചടിയായി. തൊണ്ണൂറുകളിൽ കാരിച്ചാൽ തീർത്തും നിറം മങ്ങി. ആകെ കളിച്ചത് 3 ഫൈനലുകൾ മാത്രം. നീണ്ട 12 വർഷത്തിനു ശേഷം 2000ൽ ആണ് ബെൻസി രണ്ടുതൈക്കലിന്റെ ക്യാപ്റ്റൻസിയിൽ ആലപ്പി ബോട്ട് ക്ലബ് കാരിച്ചാലിനെ വീണ്ടും വിജയിയാക്കിയത്. അടുത്ത വർഷം എഫ്ബിസി ചേന്നംകരി ആൻഡ് വേണാട്ടുകാട് ഒരിക്കൽക്കൂടി തങ്ങളുടെ പ്രിയ വള്ളത്തിന് നെഹ്റു ട്രോഫി നേടിക്കൊടുത്തു. ടോബി ചാണ്ടി ആയിരുന്നു നായകൻ.
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം 2003ൽ തമ്പി പൊടിപാറ ക്യാപ്റ്റനായ കോട്ടയം മണിയാപറമ്പ് നവജീവൻ ബോട്ട് ക്ലബ് കാരിച്ചാലിൽ വിജയം നേടി. വള്ളംകളിയിൽ ആലപ്പുഴ, കോട്ടയം ജില്ലകളുടെ കുത്തക തകർത്ത് കൊല്ലം ജീസസ് ബോട്ട് ക്ലബ് 2008ൽ നെഹ്റു ട്രോഫിയിൽ ആദ്യമായി വെന്നിക്കൊടി പാറിച്ചതും കാരിച്ചാൽ ചുണ്ടനിൽ തന്നെ. ജിജി ജേക്കബ് ആയിരുന്നു ക്യാപ്റ്റൻ. ജിജിയുടെ ക്യാപ്റ്റൻസിയിൽ 2011ൽ കാരിച്ചാലിന്റെ വിജയം നിയമ പോരാട്ടത്തിലൂടെയായിരുന്നു. ഫ്രീഡം ബോട്ട് ക്ലബ് കൈനകരിയായിരുന്നു അന്ന് കാരിച്ചാൽ തുഴഞ്ഞത്.
നെഹ്റു ട്രോഫിയിലെ ഫൈനലിസ്റ്റുകളെ സമയപ്രകാരം തിരഞ്ഞെടുക്കുന്ന രീതി തുടങ്ങിയ 2016ൽ ഒരു വള്ളപ്പാടിലേറെ വ്യത്യാസത്തിൽ ഏകപക്ഷീയമായ ഫൈനൽ വിജയമാണ് ജയിംസ്കുട്ടി ജേക്കബ് നയിച്ച കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ കാരിച്ചാൽ നേടിയത്. അതിനു ശേഷം കാരിച്ചാലിന് തിരിച്ചടികളുടെ കാലമായിരുന്നു. വള്ളം പുതുക്കിപ്പണിത് നീറ്റിലിറക്കിയെങ്കിലും പ്രകടനം മോശമായിരുന്നു. 2022ൽ ആഘോഷപൂർവം വള്ളം എടുത്തു കൊണ്ടുപോയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്, തങ്ങളുടെ തുഴച്ചിൽ ശൈലിക്ക് ചേരാത്തതിനാൽ മടക്കി നൽകി. പോരായ്മ ചൂണ്ടിക്കാട്ടി യുബിസി കൈനകരിയും വള്ളം മടക്കിയതോടെ കാരിച്ചാൽക്കാർ തങ്ങളുടെ അഭിമാന വള്ളത്തെ വീണ്ടും സമഗ്രമായി പുതുക്കിപ്പണിതു. തുടർന്ന് നീറ്റിലിറങ്ങിയ വള്ളമാണ് ഇപ്പോൾ പുന്നമടയിൽ ജേതാവായത്.
മിന്നുന്ന നേട്ടങ്ങൾ മാത്രമല്ല കാരിച്ചാലിന് ലഭിച്ചിട്ടുള്ളത്. നഷ്ടങ്ങളുടെയും പരാജയങ്ങളുടെയും കൈപ്പുനീരും ഏറെ കുടിച്ചതാണ്. നെഹ്റു ട്രോഫിയിൽ ഹാട്രിക് കൈവിട്ടത് 2 തവണ. കിരീടമില്ലാതെ 12 വർഷം കഴിഞ്ഞിട്ടുണ്ട്. ഫൈനലിൽ വ്യക്തമായ ലീഡ് എടുത്ത ശേഷം പങ്കായങ്ങൾ കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി മൂന്നാമത് ഫിനിഷ് ചെയ്തിട്ടുണ്ട്. കിരീടം മാത്രം ലക്ഷ്യമിട്ട് മാസങ്ങൾ പരിശീലനം നേടിയ ടീം ഹീറ്റ്സിലെ മൂന്നാം സ്ഥാനക്കാരുടെ മത്സരത്തിൽ തുഴയുന്നതും കണ്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കലിനും വിദ്വേഷ പ്രചാരണത്തിനും ഏറ്റവുമധികം ഇരയാക്കപ്പെടുന്ന വള്ളവും മറ്റൊന്നല്ല. പക്ഷേ, ഇതെല്ലാം അതിജീവിച്ച് കാരിച്ചാൽ തന്റെ പ്രയാണം തുടരുന്നു. കാരിച്ചാലിന്റെ നേട്ടങ്ങൾക്കു പിന്നിൽ അപ്പർകുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിലെ 4 വാർഡുകൾ മാത്രമടങ്ങുന്ന ഒരു കൊച്ചു ഗ്രാമത്തിന്റെ ആത്മസമർപ്പണമാണ്. തങ്ങളുടെ വളളത്തെ അവർ തലമുറകളായി നിധി പോലെ സംരക്ഷിക്കുന്നു.
കാരിച്ചാൽ: വിജയ വർഷങ്ങൾ
1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008,2011, 2016, 2024
രണ്ടു തവണ ഹാട്രിക് നേട്ടം