ADVERTISEMENT

ആലപ്പുഴ∙ നെഹ്റു ട്രോഫി മത്സരശേഷം പുന്നമട നെഹ്റു പവിലിയനിൽ പ്രതിഷേധവും ഇരുട്ടിന്റെ മറവിൽ പൊലീസ് മർദനവും. ചുണ്ടൻ വിഭാഗത്തിലെ വള്ളങ്ങളുടെ ഫിനിഷിങ് സമയം കണക്കാക്കിയതിലും വിധി നിർണയത്തിലും അപാകത ആരോപിച്ചു പ്രതിഷേധിച്ചവർക്കു നേരെയാണു പൊലീസ് മർദനമുണ്ടായത്. ചുണ്ടൻ വിഭാഗത്തിൽ രണ്ടാമതെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഭാരവാഹികളും തുഴച്ചിലുകാരും മത്സരശേഷം വൈകിട്ട് 6 മുതൽ പ്രതിഷേധിക്കുകയായിരുന്നു.

രാത്രി 8നു പ്രദേശത്തു വൈദ്യുതി ഇല്ലാതായി. ഇരുട്ടത്തു മൊബൈൽ ഫോണുകളുടെ മാത്രം വെളിച്ചമേ നെഹ്റു പവിലിയനിൽ ഉണ്ടായിരുന്നുള്ളൂ. ഈ സമയമാണു പ്രതിഷേധക്കാരെ പൊലീസ് മർദിച്ചത്. വാഗ്വാദവും അടിക്കുന്ന ശബ്ദവും പുന്നമട ഫിനിഷിങ് പോയിന്റിലും കേൾക്കാമായിരുന്നു. തുടർന്നു പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു ജങ്കാറിൽ കയറ്റുകയും ചെയ്തു.

1. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീയപുരം ചുണ്ടനിലെ അനന്ദുവും ക്രിസ്റ്റോയും. 2. പരുക്കേറ്റ സന്ദീപ്
1. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീയപുരം ചുണ്ടനിലെ അനന്ദുവും ക്രിസ്റ്റോയും. 2. പരുക്കേറ്റ സന്ദീപ്

പൊലീസ് കരുതിക്കൂട്ടി വൈദ്യുതി വിഛേദിച്ച ശേഷമാണു മർദിച്ചതെന്നു വിബിസി ഭാരവാഹികൾ ആരോപിച്ചു. പ്രദേശത്തു വൈദ്യുതി വിതരണം നിലച്ചിട്ടില്ലെന്നും പരാതികൾ വന്നിട്ടില്ലെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. ആരെങ്കിലും ഫ്യൂസ് ഊരിയതാകാൻ സാധ്യതയുണ്ടെന്നാണു കെഎസ്ഇബി പറയുന്നത്. തുഴച്ചിലുകാരായ സന്ദീപ്, അനന്തു എന്നിവർ പൊലീസ് മർദനത്തിൽ പരുക്കേറ്റതിനെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒരാളുടെ തലയ്ക്കാണു പരുക്കേറ്റത്. നേരത്തെ ഫൈനൽ മത്സരത്തിൽ ഫിനിഷ് ചെയ്തയുടൻ വീയപുരം ചുണ്ടൻ മറിഞ്ഞിരുന്നു. പൊലീസിന്റെ ബോട്ട് ഇടിച്ചാണു വള്ളം മറിഞ്ഞതെന്നും ക്ലബ് ഭാരവാഹികൾ പറയുന്നു. അപകടത്തിൽ തുഴച്ചിലുകാരനായ ക്രിസ്റ്റോയ്ക്കു കാലിനു പരുക്കേറ്റിരുന്നു.

കോടതിയെ സമീപിക്കും
നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിൽ വിജയികളെ നിശ്ചയിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നു വില്ലേജ് ബോട്ട് ക്ലബ് കൈനകരി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനായ കലക്ടർ, സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ, ജൂറി ഓഫ് അപ്പീൽ തുടങ്ങിയവർക്കും പരാതി നൽകും. ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഫിനിഷ് ചെയ്ത സമയത്തിലും കൃത്രിമത്വം നടന്നിട്ടുണ്ടെന്നു ഭാരവാഹികൾ ആരോപിച്ചു.

English Summary:

Following the Nehru Trophy Boat Race, protests erupted at the Nehru Pavilion in Punnamada over alleged discrepancies in the Chundan Vallam results. The situation escalated as police allegedly attacked protesters in the dark after a suspicious power outage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com