ADVERTISEMENT

ആലപ്പുഴ∙നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവിഭാഗത്തിലെ വിധിനിർണയത്തെച്ചൊല്ലി പ്രതിഷേധിച്ച 100 പേർക്കെതിരെ പൊലീസ് കേസ്. ചുണ്ടൻ ഫൈനലിൽ രണ്ടാമതെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരിയുടെ ഭാരവാഹികളും തുഴച്ചിലുകാരുമാണു പ്രതിഷേധിച്ചത്. ഇവരിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. വള്ളംകളിയുടെ സമ്മാന വിതരണത്തിനു ശേഷവും രാത്രിയിൽ നെഹ്റു പവിലിയനിൽ പ്രതിഷേധം തുടരുകയായിരുന്നു. വഞ്ചിപ്പാട്ട് പാടി പ്രതിഷേധിക്കുന്നതിനിടെ പ്രദേശത്തു വൈദ്യുതബന്ധം വിച്ഛേദിക്കുകകയും പൊലീസ് മർദിക്കുകയും ചെയ്തെന്നാണു വിബിസി ഭാരവാഹികളുടെ ആരോപണം.

എന്നാൽ വൈദ്യുതി ഇല്ലാതെ സമയത്ത്, പൊലീസ് ഫ്യൂസ് ഊരിയെന്നാരോപിച്ചു തുഴച്ചിലുകാർ കസേരകളും മറ്റും നശിപ്പിച്ചെന്നു പൊലീസ് പറയുന്നു. എൽഇഡി ഡിസ്പ്ലേ സ്ക്രീൻ നശിപ്പിക്കാൻ ശ്രമിക്കുമ്പോഴാണു ബലം പ്രയോഗിക്കേണ്ടി വന്നതെന്നാണു പൊലീസ് പറയുന്നത്.മത്സരഫലത്തിൽ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിബിസി ഇന്നു കലക്ടർ, സബ് കലക്ടർ തുടങ്ങിയവർക്കു പരാതി നൽകും.

ഫൈനൽ സ്റ്റാർട്ടിങ്ങിലും പ്രശ്നം
ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ ആരംഭിക്കുമ്പോഴും പ്രശ്നം ഉണ്ടായതായി നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ് (കെടിബിസി). ഫൈനലിൽ തങ്ങളുടെ തുഴച്ചിലുകാർ തയാറാകുന്നതിനു മുൻപേ മത്സരം തുടങ്ങി എന്നാണ് ആരോപണം. മത്സരം തുടങ്ങാൻ വെടി പൊട്ടുമ്പോൾ ഒന്നാം ട്രാക്കിൽ 150 മീറ്ററോളം അകലെ സംഘാടകരുടെ ബോട്ട് ഉണ്ടായിരുന്നു. ട്രാക്കിൽ ബോട്ട് ഉണ്ടെന്നറിയിക്കാൻ തുഴച്ചിലുകാർ തുഴ ഉയർത്തി സൂചന കാട്ടുമ്പോഴാണു വെടി പൊട്ടിയത്. ഇതു വള്ളത്തിന്റെ തുടക്കത്തെ ബാധിച്ചു. എന്നിട്ടും ട്രാക്കിന്റെ മുക്കാൽ ഭാഗം പിന്നിടുമ്പോൾ വള്ളം മുന്നിലായിരുന്നു.

തുടക്കത്തിലെ അധിക ഊർജം ചെലവാക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഒന്നാമതെത്തുമായിരുന്നെന്നും ക്ലബ് ഭാരവാഹികൾ പറയുന്നു. ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരം ചുണ്ടനും 0.345 സെക്കൻഡ് മാത്രം പിന്നിൽ മൂന്നാമതായാണു കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ഫിനിഷ് ചെയ്തത്. മൂന്നു വള്ളങ്ങളെയും വിജയികളായി പ്രഖ്യാപിക്കണമെന്നാണു ക്ലബ്ബിന്റെ ആവശ്യം. തുടക്കത്തിലെ പ്രശ്നം ചൂണ്ടിക്കാട്ടി കലക്ടർക്ക് ഇമെയിൽ വഴി പരാതി നൽകി. ഇന്നു നേരിട്ടും പരാതി നൽകും.

English Summary:

The Nehru Trophy Boat Race in Alappuzha, Kerala, witnessed heated controversy as rowers from the Village Boat Club (VBC) Kainakary staged a protest alleging irregularities in the Chundan category final. Police intervention, accusations of assault, and disputes over the race start have marred the prestigious event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com