0.005 സെക്കൻഡ്, ഒരു തുടർക്കഥ; ഒളിംപിക്സ് 100 മീറ്ററിൽ സ്വർണം നേടിയത് 0.005 സെക്കൻഡ് വ്യത്യാസത്തിൽ
Mail This Article
പാരിസ് ഒളിംപിക്സ് പുരുഷൻമാരുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ യുഎസിന്റെ നോഹ ലൈൽസും ജമൈക്കയുടെ കിഷെയ്ൻ തോംപ്സനും ഫിനിഷ് ലൈൻ കടന്നത് 7.78 സെക്കൻഡിലാണ്. ഒരു നിമിഷം കണ്ണുതള്ളിപ്പോയെങ്കിലും ഫോട്ടോഫിനിഷ് സംവിധാനം ഉപയോഗിച്ചു കൃത്യമായ വിജയിയെ പ്രഖ്യാപിച്ചു. 9.784 സെക്കൻഡിൽ ഫിനിഷിങ് ലൈൻ കടന്ന ലൈൽസിനു സ്വർണം. 9.789 സെക്കൻഡിൽ ഫിനിഷ് ചെയ്ത തോപ്സനു വെള്ളി. ഒരു തവണ കണ്ണിമ ചിമ്മാൻ മനുഷ്യനു ശരാശരി 100–150 മില്ലി സെക്കൻഡ് വേണമെന്നിരിക്കെയാണ് ഒളിംപിക്സിലും ജലപ്പരപ്പിലെ ഒളിംപിക്സിലെ 5 മില്ലിസെക്കൻഡ് വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിക്കുന്നത്. ഒളിംപിക്സ് പോലെയുള്ള മത്സരങ്ങളിൽ ഒമേഗ എന്ന ബ്രാൻഡിന്റെ ടൈമർ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഫിനിഷ് ലൈനിന്റെ ഇരുവശത്തും ക്യാമറകൾ സ്ഥാപിക്കും.
നെഹ്റു ട്രോഫിയിലെ ടൈമർ ക്യാമറ സെക്കൻഡിൽ പകർത്തുക 3000 ചിത്രങ്ങൾ
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷിനായി ഉപയോഗിക്കുന്നതു 1024 പിക്സൽ റെസല്യൂഷനോടു കൂടി സെക്കൻഡിൽ 3000 ചിത്രങ്ങളെടുക്കാൻ (എഫ്പിഎസ്– ഫ്രയിംസ് പെർ സെക്കൻഡ്) ശേഷിയുള്ള ക്യാമറ സംവിധാനം. ലിങ്സ് എന്ന ബ്രാൻഡിന്റെ ലോക വ്യാപകമായി ഉപയോഗിക്കുന്ന വിഷൻ പ്രോ ക്യാമറയോടു കൂടിയ ടൈമിങ് സംവിധാനമാണു നെഹ്റു ട്രോഫിയിൽ ഇത്തവണ ഉപയോഗിച്ചതെന്നു സംഘാടകർ പറയുന്നു. ഇതിലെ ചിത്രങ്ങളെ സോഫ്റ്റ്‌വെയർ സഹായത്തോടെ 20,000 എഫ്പിഎസിലേക്കു വരെ മാറ്റാം. അത്‌ലറ്റിക്സ്, കയാക്കിങ്, കനോയിങ്, ബോട്ട് റേസ് തുടങ്ങിയ മത്സരങ്ങളിൽ ഫോട്ടോ ഫിനിഷിങ്ങിന് ഉപയോഗിക്കുന്നതാണ് ഇവ.
ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷൻസിന്റെ അംഗീകാരവുമുണ്ട്.സ്റ്റാർട്ടിങ് പോയിന്റിൽ സ്റ്റാർട്ടറുടെ കയ്യിലോ ഘടിപ്പിച്ച സെൻസർ വെടിശബ്ദം പിടിച്ചെടുത്തു സമയം എണ്ണിത്തുടങ്ങും. ഫിനിഷിങ് പോയിന്റിന്റെ ഒരു വശത്തു ഘടിപ്പിച്ച ക്യാമറ സെക്കൻഡിൽ 3000 ചിത്രങ്ങൾ വീതം പകർത്തും. ഇവയിൽ നിന്ന് ഓരോ ട്രാക്കിലെയും വള്ളം ഫിനിഷ് ചെയ്ത സമയം സോഫ്റ്റ്‌വെയർ സഹായത്തോടെ ഓട്ടമാറ്റിക്കായി കണ്ടെത്താം. ‘റിസൽറ്റ് ടിവി’ എന്ന സോഫ്റ്റ്‌വെയർ ഫിനിഷിങ് സമയം ഡിസ്പ്ലേ സ്ക്രീനിലേക്കു നൽകുകയാണു ചെയ്യുന്നത്.
രണ്ടു വള്ളങ്ങൾ ഒന്നിച്ചു ഫിനിഷ് ചെയ്താൽ സെക്കൻഡിന്റെ ആയിരത്തിൽ ഒന്നു സമയത്തുള്ള ചിത്രങ്ങൾ പരിശോധിക്കും. ഇങ്ങനെയാണു നെഹ്റു ട്രോഫി ഫൈനലിൽ രണ്ടു വള്ളങ്ങൾ ഒരേ സമയത്തു ഫിനിഷ് ചെയ്തപ്പോൾ കൂടുതൽ ചിത്രങ്ങൾ പരിശോധിച്ചു സമയത്തിൽ കൂടുതൽ കൃത്യത വരുത്തി വിജയിയെ തീരുമാനിച്ചത്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മത്സരങ്ങൾക്കുൾപ്പെടെ ഫോട്ടോഫിനിഷ് സംവിധാനം ചെയ്യുന്ന സ്ഥാപനമാണു നെഹ്റു ട്രോഫിയുമായും സഹകരിക്കുന്നത്. 2018 മുതൽ നെഹ്റു ട്രോഫിയിൽ ഫോട്ടോഫിനിഷ് ഉപയോഗിക്കുന്നുണ്ട്.