മാവേലിക്കര ബിഷപ് മൂർ കോളജ് വജ്രജൂബിലി നിറവിൽ; ആഘോഷം 4ന്
Mail This Article
മാവേലിക്കര∙ കല്ലുമല ബിഷപ് മൂർ കോളജിന്റെ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷം 4നു തുടങ്ങും. 4നു വൈകിട്ട് 3നു പൂർവ വിദ്യാർഥിയും സുപ്രീം കോടതി ജഡ്ജിയുമായ സി.ടി.രവികുമാർ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷനാകും. സിഎസ്ഐ മധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ 1964ലാണു കല്ലുമലയിൽ ബിഷപ് മൂർ കോളജ് ആരംഭിച്ചത്.
ഓലമേഞ്ഞ 3 താൽക്കാലിക ഷെഡുകളിൽ 469 വിദ്യാർഥികളും 19 അധ്യാപകരുമായി തുടങ്ങിയ കോളജ് 2024ലെ എൻഐആർഎഫ് റാങ്കിങ് പട്ടികയിൽ രാജ്യത്തെ മികച്ച കോളജുകളിൽ 62-ാം സ്ഥാനത്താണ്. 2 അംഗീകൃത ഗവേഷണ കേന്ദ്രങ്ങൾ, 11 ബിരുദ കോഴ്സുകൾ, 5 ബിരുദാനന്തര ബിരുദ കോഴ്സുകൾ എന്നിവ ഉണ്ടെന്നു പ്രിൻസിപ്പൽ ഡോ.രഞ്ജിത് മാത്യു ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ ഡോ.ആൻ ഏയ്ഞ്ചലിൻ ഏബ്രഹാം, ബർസാർ ഫിലിപ് എം.വർഗീസ് എന്നിവർ പറഞ്ഞു.
തിരുവിതാംകൂർ-കൊച്ചി മഹായിടവകയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ് എഡ്വേഡ് ആൽഫ്രഡ് ലിവിങ്സ്റ്റൻ മൂറിന്റെ ഓർമയ്ക്കായാണു കോളജ് സ്ഥാപിതമായത്. ബിഷപ് ഡോ. എം.എം.ജോൺ ആയിരുന്നു സ്ഥാപകൻ. റവ.പ്രൊഫ.കെ.സി.മാത്യു ആയിരുന്നു സ്ഥാപക പ്രിൻസിപ്പൽ. സംസ്ഥാന സർക്കാരിന്റെ സാക് അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെ കോളജായ ബിഷപ് മൂർ നാലാമത്തെ നാക് അക്രഡിറ്റേഷനിൽ എ പ്ലസ് നേടി.
ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുമെന്നു ജൂബിലി കൺവീനർ ഡോ.വർഗീസ് അനി കുര്യൻ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ.ലിനറ്റ് ജോസഫ്, മീഡിയ കൺവീനർ കെ.രേഖ എന്നിവർ സൂചിപ്പിച്ചു.