ബജറ്റ് വിഹിതം കുറവ്, പരസ്യ വരുമാനം കണ്ടെത്താൻ നീക്കം; സിബിഎലിലെ 12 വള്ളംകളികളും നടത്താൻ ആലോചന
Mail This Article
ആലപ്പുഴ ∙ ഫണ്ട് ഇല്ലെങ്കിലും ചാംപ്യൻസ് ബോട്ട് ലീഗിലെ (സിബിഎൽ) 12 വള്ളംകളികളും നടത്താനുള്ള സാധ്യത പരിശോധിക്കുന്നു. അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാരിന്റെ പ്രതിഛായ മോശമാകരുതെന്നു പരിഗണിച്ചാണിത്. പരമാവധി പരസ്യ വരുമാനം കണ്ടെത്താനാണ് ആലോചന. വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സിബിഎൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ അതു തിരുത്തി. ആറോ ഒൻപതോ വള്ളംകളി മതിയെന്ന് ആദ്യം ആലോചിച്ചു.
എന്നാൽ ഇതു പ്രാദേശികമായി എതിർപ്പിനിടയാക്കുമെന്നും വോട്ടിങ്ങിൽ അതു പ്രതിഫലിച്ചേക്കാമെന്നും ആശങ്കയുണ്ടായി. അതാണു 12 വള്ളംകളികളും നടത്തിയാലോ എന്ന് ആലോചിക്കുന്നത്. വള്ളംകളി വേദികൾ ഒരുക്കാൻ സമയം വേണമെന്നതിനാൽ ഒരു മാസത്തിനു ശേഷം സീസൺ ആരംഭിക്കാനാണു ശ്രമം. മുൻ വർഷങ്ങളിൽ മത്സരം നടന്ന മറൈൻ ഡ്രൈവിൽ ഡ്രജിങ് ഉൾപ്പെടെ വേണ്ടി വരും. ഇതിനു കോടികൾ ചെലവുണ്ട്. നിലവിലെ സാഹചര്യത്തിൽ ധനവകുപ്പ് കൂടുതൽ പണം അനുവദിക്കാനിടയില്ല. പരസ്യവരുമാനത്തിലാണ് പ്രതീക്ഷ.
‘പണി’ യായി പാലം
കായംകുളം, കൊല്ലം, കല്ലട വള്ളംകളിക്കു ചുണ്ടനുകൾ കൊണ്ടുപോകുന്ന വഴിയിൽ, തൃക്കുന്നപ്പുഴയിൽ ദേശീയ ജലപാതയ്ക്കു കുറുകെ പാലം പണി നടക്കുകയാണ്. പകരമുള്ള താൽക്കാലിക ഇരുമ്പു പാലത്തിന് ഉയരക്കുറവുണ്ട്. അതിനാൽ ഇതുവഴി ചുണ്ടൻ വള്ളങ്ങൾ കൊണ്ടുപോകാനായേക്കില്ല. ഡിസംബർ അവസാനത്തോടെ വള്ളങ്ങൾ ഇതുവഴി കൊണ്ടുപോകേണ്ടി വരും. പാലത്തിന്റെ ഉയരം കൂട്ടാനാകുമോയെന്നു പരിശോധിക്കാൻ മരാമത്ത് ഉദ്യോഗസ്ഥരോടു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശിച്ചിട്ടുണ്ട്.